Connect with us

Editorial

‘നിര്‍ഭയ ന്യായ് ' ആചരിച്ചതു കൊണ്ടായോ?

Published

|

Last Updated

ആഹ്ലാദത്തോടെയാണ് നിര്‍ഭയ കൊലക്കേസ് പ്രതികളെ തൂക്കിലേറ്റിയ വാര്‍ത്ത ഇന്ത്യന്‍ ജനത കേട്ടത്. വധശിക്ഷ നടപ്പാക്കുന്നതറിഞ്ഞ് വെള്ളിയാഴ്ച പുലര്‍ച്ചെ തിഹാര്‍ ജയിലിനു മുമ്പില്‍ വന്‍ ജനക്കൂട്ടം തടിച്ചു കൂടുകയും മധുരം വിളമ്പി ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. “ഏഴ് വര്‍ഷത്തെ പോരാട്ടം ഫലം കണ്ടു. പെണ്‍മക്കള്‍ക്ക് പുതിയ പ്രഭാതമാണ് ഇത്. രാജ്യത്തെ പെണ്‍മക്കളുടേതാണ് ഈ ദിനം” എന്നായിരുന്നു നിര്‍ഭയയുടെ അമ്മ ആശാദേവി ഇതേക്കുറിച്ച് പ്രതികരിച്ചത്. മാര്‍ച്ച് 20 “നിര്‍ഭയ ന്യായ്” ദിവസമായി ആചരിക്കണമെന്നും അവര്‍ ആവശ്യപ്പെടുകയുണ്ടായി.

രാജ്യത്തെ ശിക്ഷാവിധികളുടെ ഗണത്തില്‍ ഏറ്റവും വലുതാണ് തൂക്കിലേറ്റല്‍. നിര്‍ഭയ കേസ് പ്രതികള്‍ ചെയ്ത കുറ്റകൃത്യത്തിന്റെ കാഠിന്യമോര്‍ക്കുമ്പോള്‍ തീര്‍ച്ചയായും അവരത് അര്‍ഹിക്കുകയും ചെയ്യുന്നു. 2012 ഡിസംബര്‍ 12നായിരുന്നു ശിക്ഷക്കാധാരമായ സംഭവം. രാത്രിയില്‍ സുഹൃത്തിനൊപ്പം നഗരത്തില്‍ നിന്ന് മടങ്ങുന്ന വഴി ബസില്‍ കയറിയ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ നിര്‍ഭയ എന്ന 26കാരിയെ ഡ്രൈവര്‍ ഉള്‍പ്പെടെ ബസിലുണ്ടായിരുന്ന ആറ് പേര്‍ ചേര്‍ന്ന് മൃഗീയമായി പീഡിപ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദിച്ചവശനാക്കിയ ശേഷമാണ് കൃത്യം. ലൈംഗിക പീഡനത്തിനു ശേഷം നിര്‍ഭയയുടെ രഹസ്യ ഭാഗത്തിലൂടെ ഇരുന്പ് ദണ്ഡ് കുത്തിയിറക്കി കുടല്‍മാല പുറത്തെടുത്ത ശേഷം അവളെയും സുഹൃത്തിനെയും റോഡിലേക്ക് തള്ളുകയും ചെയ്തു. ഈ കൊടിയ ക്രൂരതയാണ് കേസിനെ അപൂര്‍വങ്ങളില്‍ അപൂര്‍വമായി കോടതി വിലയിരുത്താനും പ്രതികള്‍ക്ക് വധശിക്ഷ വിധിക്കാനും ഇടയാക്കിയത്.
പ്രതികളെ തൂക്കിലേറ്റിയ സംഭവം നീതിന്യായ മേഖലയുടെ ചരിത്രത്തില്‍ മഹാസംഭവമായും പെണ്‍മക്കള്‍ക്ക് ഒരു പുത്തന്‍ പുലരിയുടെ പിറവിയായുമാണ് പലരും അവകാശപ്പെടുന്നത്. എന്നാല്‍ നിര്‍ഭയയെപ്പോലെ നിരവധി പെണ്‍കുട്ടികള്‍ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കപ്പെടുകയും ഒടുവില്‍ നിഷ്ഠൂരമായി വധിക്കപ്പെടുകയും ചെയ്യുന്നുണ്ട് രാജ്യത്ത് ഇപ്പോഴുമെന്ന കാര്യം ഇവര്‍ കാണാതെ പോകരുത്. 2018ല്‍ ജമ്മു കശ്മീരിലെ കത്‌വ പട്ടണത്തില്‍ ഒരു നാടോടി പെണ്‍കുട്ടിയെ ക്ഷേത്രത്തില്‍ ബന്ധനസ്ഥയാക്കിയ ശേഷം മൂന്ന് പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ ആറ് പേര്‍ ചേര്‍ന്ന് ഒരാഴ്ചയോളം ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി കൊന്നത്, ലാത്‌വില്‍ വിനോദ സഞ്ചാരിയായ യുവതിയെ ബലാത്സംഗം ചെയ്തു കൊന്നത്, 27കാരിയായ വനിതാ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന് കത്തിച്ചതിന്റെ അവശിഷ്ടങ്ങള്‍ ഹൈദരാബാദിലെ ഫ്‌ളൈ ഓവറിന്റെ ചുവട്ടില്‍ നിന്ന് കണ്ടെത്തിയത്, യു പിയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതികളടങ്ങിയ സംഘം തീക്കൊളുത്തി കൊന്നത് തുടങ്ങിയവ സമീപകാല സംഭവങ്ങളാണ്. നിര്‍ഭയ കേസ് പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചതിന്റെ ശേഷമാണ് ഈ സംഭവങ്ങളെല്ലാം. എന്തുകൊണ്ടോ ഇവക്കൊന്നും നിര്‍ഭയ കേസിനു ലഭിച്ചതുപോലുള്ള പ്രതികരണം ലഭിക്കാതെ പോയെന്നു മാത്രം.

ക്രൈംസ് റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഓരോ 20 മിനുട്ടിലും ഒരു ബലാത്സംഗവും ഓരോ മൂന്ന് മിനുട്ടിലും സ്ത്രീകള്‍ക്കെതിരെ ഒരു കുറ്റകൃത്യവും നടക്കുന്നു. തോമസ് റോയിട്ടേഴ്‌സ് ഫൗണ്ടേഷന്‍ 2018ല്‍ നടത്തിയ സര്‍വേയില്‍, ലോകത്ത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറ്റവും ആപത്കരമായ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ശാരീരികമായ അതിക്രമത്തിനും നിര്‍ബന്ധിത അടിമവേലക്കുമുള്ള സാധ്യതകള്‍ വളരെ കൂടുതലാണെന്നതാണ് ഇന്ത്യയെ ഏറ്റവും ആപത്കരമാക്കുന്നതെന്നാണ് സര്‍വേയിലെ കണ്ടെത്തല്‍. നിര്‍ഭയ സംഭവത്തിനു ശേഷം സ്ത്രീസുരക്ഷ ഉറപ്പ് വരുത്തുന്നതിനു നിരവധി പുതിയ നിയമനിര്‍മാണങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ പരാതിയുമായി പോലീസ് സ്റ്റേഷനുകളെ സമീപിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി എന്നതിലപ്പുറം പുതിയ നിയമ നിര്‍മാണങ്ങള്‍ക്ക് പറയത്തക്ക ഫലം സൃഷ്ടിക്കാനായിട്ടില്ല.

കേസുകള്‍ കൈകാര്യം ചെയ്യുന്നതിലെ കാലതാമസം, ബഹുഭൂരിപക്ഷം കേസുകളിലും പ്രതികള്‍ ശിക്ഷിക്കപ്പെടാത്തത്, സര്‍വോപരി ലൈംഗിക വികാരം ഉത്തേജിപ്പിക്കുന്ന സാമൂഹിക ചുറ്റുപാട് തുടങ്ങിയവയാണ് കുറ്റകൃത്യങ്ങളുടെ വര്‍ധനവിനു ചൂണ്ടിക്കാണിക്കപ്പെടുന്ന കാരണങ്ങള്‍. 2018ലെ കണക്കു പ്രകാരം 1,56,327 ബലാത്സംഗക്കേസുകളാണ് ഇന്ത്യന്‍ കോടതികളിലുള്ളത്. ഇതില്‍ പത്ത് ശതമാനത്തില്‍ താഴെ മാത്രമാണ് ഒരു വര്‍ഷം വിചാരണ പൂര്‍ത്തിയാക്കുന്നത്. അവയില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിക്കുന്നത് മൂന്നിലൊന്നില്‍ മാത്രവും. 32.2 ശതമാനമായിരുന്നു 2017ല്‍ ശിക്ഷിക്കപ്പെട്ടതിന്റെ നിരക്ക് കീഴ്‌ക്കോടതികള്‍ വഴി ശിക്ഷിക്കപ്പെട്ടവര്‍ പിന്നീട് അപ്പീലിലൂടെ രക്ഷപ്പെടുകയും ചെയ്യും. ഉന്നതര്‍ പ്രതികളാകുന്ന കേസുകളില്‍ പ്രത്യേകിച്ചും പ്രതികളെയും സാക്ഷികളെയും സ്വാധീനിച്ച് പ്രതികള്‍ രക്ഷപ്പെടുന്നു.

ഇതിനിടെ സുപ്രീം കോടതിയിലെ പ്രമുഖ ജസ്റ്റിസിനെതിരെ കോടതി ജീവനക്കാരി ലൈംഗികാരോപണമുന്നയിച്ചപ്പോള്‍, ആരോപണ വിധേയനായ ജഡ്ജി തന്നെ കേസ് കൈകാര്യം ചെയ്ത് തള്ളിക്കളഞ്ഞ പ്രഹസനം നമുക്ക് കാണേണ്ടി വന്നു.
സ്ത്രീകളെ ഉപഭോഗ വസ്തുവായി മാത്രം കാണുകയും സ്ത്രീ സൗന്ദര്യവും നഗ്നതയും പരമാവധി ചൂഷണം നടത്തുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷമാണ് രാജ്യത്ത് നിലവിലുള്ളത്. സ്ത്രീ സൗന്ദര്യത്തെ ചൂഷണം ചെയ്താണ് മിക്ക സിനിമകളും സീരിയലുകളുമെല്ലാം പണം വാരുന്നത്. സ്ത്രീകളുടെ മാന്യമായ വസ്ത്രധാരണത്തെ പഴഞ്ചനായി മുദ്രകുത്തി അത്തരക്കാരെ സമൂഹത്തില്‍ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. ചൂഷണത്തിലൂന്നിയുള്ള ഈ സാമൂഹിക മനസ്സ് മാറി സ്ത്രീകളെ ആദരവിന്റെയും അംഗീകാരത്തിന്റെയും കണ്ണുകൊണ്ട് കാണുകയും അവള്‍ക്ക് വിലകല്‍പ്പിക്കുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷം സംജാതമാകണം. ഇതോടൊപ്പം തങ്ങളുടെ ശാരീരികമായ പ്രത്യേകതകളും പരിമിതികളും ഉള്‍ക്കൊണ്ട് പൊതുരംഗ പ്രവേശനത്തില്‍ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ സ്ത്രീകള്‍ സന്നദ്ധമാകുകയും വേണം. അല്ലാതെ നിയമങ്ങള്‍ കൊണ്ടോ മാര്‍ച്ച് 20 “നിര്‍ഭയ ന്യായ്” ദിവസമായി ആചരിച്ചതു കൊണ്ടോ സ്ത്രീസുരക്ഷ നടപ്പാകില്ല.

Latest