Connect with us

Covid19

ലോകത്ത് കൊവിഡ് മരണം 13000 കവിഞ്ഞു; മൂന്നുലക്ഷം പേര്‍ക്ക് രോഗബാധ

Published

|

Last Updated

റോം | ലോകത്ത് കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്നുള്ള മരണം 13,026 ആയി. മൂന്ന് ലക്ഷം പേരില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. യൂറോപ്പിനെയാണ് രോഗം അതിഗുരുതരമായി ബാധിച്ചിട്ടുള്ളത്. അയ്യായിരത്തില്‍ പരമാളുകളാണ് യൂറോപ്പില്‍ മാത്രം മരിച്ചത്. ഇതില്‍ത്തന്നെ ഇറ്റലിയാണ് രോഗവ്യാപനം നിയന്ത്രിക്കാനാകാതെ വിറങ്ങലിച്ചു നില്‍ക്കുന്നത്. 24 മണിക്കൂറിനിടെ 793 പേരാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്താകെ കൊവിഡ് ബാധിച്ചുള്ള മരണം 4,825 ആയിട്ടുണ്ട്. ഇറ്റലിയുടെ വടക്കന്‍ മേഖലയായ ലൊമ്പാര്‍ഡിയില്‍ മാത്രം 546 പേര്‍ മരിച്ചു. ഇതേ തുടര്‍ന്ന് മേഖലയില്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറിനിടെ 6500ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

സ്‌പെയിനാണ് കൊവിഡ് നിയന്ത്രിക്കാന്‍ പാടുപെടുന്ന മറ്റൊരു രാജ്യം. ഇവിടെ മരണം 1300 പിന്നിട്ടു. ഒരു ദിവസത്തിനിടെ 285 മരണമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടനില്‍ 200 പേര്‍ മരിച്ചു. ജര്‍മനിയില്‍ 2500ലേറെ പേര്‍ക്കാണ് ഒറ്റ ദിവസം കൊണ്ട് രോഗം സ്ഥിരീകരിച്ചത്. 77 പേര്‍ മരിച്ചു. അമേരിക്കയില്‍ കഴിഞ്ഞ ദിവസം 26 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 6500ലേറെ പേര്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തി. അമേരിക്കയില്‍ മരണം 300 കടന്നു.
ഏഷ്യന്‍ രാജ്യമായ ഇറാനില്‍ കഴിഞ്ഞ ദിവസം 123 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 1,556 ആയി. ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ് എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം 30 പേര്‍ മരിച്ചു.