അഫ്ഗാനിസ്ഥാനില്‍ സൈനികത്താവളത്തിനു നേരെ ആക്രമണം; 27 സൈനികര്‍ കൊല്ലപ്പെട്ടു

Posted on: March 20, 2020 11:21 pm | Last updated: March 21, 2020 at 7:50 am

കാബൂള്‍ | അഫ്ഗാനിസ്ഥാനില്‍ ദക്ഷിണ പ്രവിശ്യയായ സാബൂളിലെ സൈനികത്താവളത്തിനു നേരെ വ്യാഴാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ 27 സൈനികര്‍ കൊല്ലപ്പെട്ടു. താലിബാനാണ് ആക്രമണത്തിനു പിന്നിലെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ ആരോപിച്ചു. അമേരിക്കയും താലിബാനും തമ്മില്‍ കഴിഞ്ഞ മാസം സമാധാന കരാര്‍ ഒപ്പിട്ട ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ ആക്രമണം നടക്കുന്നത്.

അഫ്ഗാന്‍ ദേശീയ പ്രതിരോധ സേനയുടെ സംയുക്ത സൈനികത്താവളത്തിനു നേരെയാണ് ആക്രമണമുണ്ടായതെന്ന് പ്രവിശ്യാ കൗണ്‍സില്‍ അംഗമായ ഹാജി അത്താ ജാന്‍ ഹഖ്ബയാന്‍ പറഞ്ഞു. സായുധ താലിബാന്‍ സംഘം സൈനികരുടെ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും മറ്റും തട്ടിയെടുത്ത ശേഷം സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടതായും ഹഖ്ബയാന്‍ വ്യക്തമാക്കി. അഫ്ഗാന്‍ സേനക്കകത്ത് നുഴഞ്ഞുകയറിയവര്‍ ആക്രമണത്തെ സഹായിച്ചതായി പ്രതിരോധ മന്ത്രാലയം ആരോപിച്ചു.