സ്വതന്ത്ര ഇന്ത്യയില്‍ ഇതുവരെ നടപ്പാക്കിയത് 720 പേരുടെ വധശിക്ഷ

Posted on: March 20, 2020 4:13 am | Last updated: March 20, 2020 at 8:38 am

ന്യൂഡല്‍ഹി | സ്വതന്ത്ര ഇന്ത്യയില്‍ ഇതുവരെ നടപ്പാക്കിയത് 720 പേരുടെ വധശിക്ഷ. മഹാത്മാഗാന്ധിയുടെ ഘാതകരായ നാഥുറാം ഗോഡ്സെ, നരേന്‍ ഡി ആപ്തെ എന്നിവരെ തൂക്കിലേറ്റിയതാണ് ഇതില്‍ ആദ്യ സംഭവം. 1949 നവംബര്‍ 15 ന് ഹരിയാനയിലെ അംബാല സെന്‍ട്രല്‍ ജയിലിലാണ് ഇവരുടെ ശിക്ഷ നടപ്പാക്കിയത്. ഉത്തര്‍പ്രദേശാണ് ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കിയത്. ഹരിയാന 90 ഉം മധ്യപ്രദേശ് 73 ഉം വധശിക്ഷകള്‍ നടപ്പാക്കി.

1993 ലെ മുംബൈ ബോംബാക്രമണത്തിന് ധനസഹായം നല്‍കിയ കുറ്റത്തിന് യാകുബ് മേമനെ 2015 ജൂലൈ 30 ന് തൂക്കിലേറ്റിയതാണ് അവസാനമായി നടപ്പിലാക്കിയ വധശിക്ഷ. നിര്‍ഭയ കേസിലേതിനു സമാനമായി സുപ്രീം കോടതി അര്‍ധരാത്രി ചേര്‍ന്നാണ് മേമനെ തൂക്കിലേറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചത്.

2001 ലെ പാര്‍ലമെന്റ് ആക്രമണത്തില്‍ ശിക്ഷിക്കപ്പെട്ട മുഹമ്മദ് അഫ്സല്‍ ഗുരുവിനെ 2002 ഡിസംബര്‍ 18 ന് സുപ്രീം കോടതി വധശിക്ഷയ്ക്ക് വിധിച്ചു. 2013 ഫെബ്രുവരി 9 നാണ് ഗുരുവിനെ തൂക്കിലേറ്റിയത്. 2008 മുംബൈ ആക്രമണകേസിലെ പ്രതി പാക് സ്വദേശി മുഹമ്മദ് അജ്മല്‍ അമീര്‍ ഖസബിനെ 2010 മെയ് 6 ന് പ്രത്യേക കോടതി വധശിക്ഷയ്ക്ക് വിധിച്ചു. 2012 ഓഗസ്റ്റ് 29 നാണ് സുപ്രീം കോടതി ശിക്ഷ സ്ഥിരീകരിച്ചത്. പിന്നീട് രഹസ്യമായി കസബിനെ തൂക്കിലേറ്റി.