ഞായറാഴ്ച ആരും പുറത്തിറങ്ങരുത്; സ്വയം കര്‍ഫ്യൂ പാലിക്കണം: പ്രധാനമന്ത്രി

Posted on: March 19, 2020 8:08 pm | Last updated: March 20, 2020 at 4:16 am

ന്യൂഡല്‍ഹി | കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഞായറാഴ്ച സ്വയം കര്‍ഫ്യൂ ആചരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്നേദിവസം രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് ഒന്‍പത് വരെ ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. ജനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി നടത്തുന്ന ജനകീയ കര്‍ഫ്യൂ ആണ് ഇതെന്നും സംസ്ഥാനങ്ങള്‍ ഇത് കര്‍ശനമായി പാലിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കൊവിഡ് ആശങ്കള്‍ക്കിടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

രണ്ടാം ലോക മഹായുദ്ധ കാലത്ത് പോലും ഇല്ലാത്ത പ്രതിസന്ധിയാണ് ഇപ്പോള്‍ ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. കൊറോണക്ക് ഇതുവരെ പ്രതിവിധി കണ്ടെത്തിയിട്ടില്ല. കൊറോണ ബാധയെ പ്രതിരോധിക്കാന്‍ വേണ്ട നടപടികള്‍ രാജ്യം കൈകൊണ്ടിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില ജനസംഖ്യ രോഗ പ്രതിരോധത്തിന് വെല്ലുവിളിയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

രോഗ ബാധിതനാകില്ലെന്ന് ഓരോ പൗരനും ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പരസ്പരം സാമൂഹിക അകലം പാലിക്കുക എന്നത് ഏറെ പ്രധാനമാണ്. ആളുകള്‍ പുറത്തിറങ്ങുന്നത് പരമാവധി കുറയ്ക്കണം. ആരും ലാഘവത്തോടെ ഈ പ്രശ്നത്തെ കാണരുത്. 65 വയസ്സിന് മുകളിലുള്ളവര്‍ ഒരു കാരണത്താലും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

സ്ഥിരം പരിശോധനക്ക് വേണ്ടി ആളുകള്‍ ആശുപത്രിയില്‍ പോകരുത്. ഡോക്ടര്‍മാരോട് ഫോണില്‍ നിര്‍ദേശം തേടണം. അത്യാവശ്യമല്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റിവെക്കണം. ജോലിക്ക് എത്താന്‍ കഴിയാത്ത ദിവസക്കൂലിക്കാരുടെ ശമ്പളം തടയരുത് അനാവശ്യമായി സാധനങ്ങള്‍ വാങ്ങിക്കൂട്ടരുത്

അവശ്യ സര്‍വീസില്‍ ജോലി ചെയ്യുന്നവരെ അഭിനന്ദിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഞായറാഴ്ച വൈകീട്ട് അഞ്ചിന് എല്ലാവരും വീടുകളില്‍ ഇരുന്ന് കൈയടിച്ച് ഇവരോട് നന്ദി പ്രകാശിപ്പിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.