Connect with us

Covid19

കടുത്ത നിയന്ത്രണവുമായി കേന്ദ്രം; കുട്ടികളും മുതിര്‍ന്നവരും ഒരു ആഴ്ച വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത്

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് 19 രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പരക്കുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. 60 വയസിന് മുകളിലുള്ള മുതിര്‍ന്നവരും പത്ത് വയസ്സിന് താഴെയുള്ള കുട്ടികളും ഒരാഴ്ചത്തേക്ക് പുറത്തിറങ്ങരുതെന്ന് കേന്ദ്രം കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും തീവണ്ടിയിലും ബസിലുമുള്ള യാത്രാ ഇളവുകളെല്ലാം ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കും. എന്നാല്‍ മെഡിക്കല്‍ പ്രൊഫഷണല്‍സും സര്‍ക്കാര്‍ ജീവനക്കാരുമായുള്ളവര്‍ക്കും ഈ നിര്‍ദേശം ബാധകമാവില്ലെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഒരു അന്താരാഷ്ട്ര വിമാന സര്‍വീസിനെ പോലും ഞായറാഴ്ച മുതല്‍ ഇന്ത്യയില്‍ ഇറങ്ങാന്‍ അനുവദിക്കില്ല. ഒരാഴ്ചയ്ക്കു ശേഷം വിഷയത്തില്‍ എന്തുവേണം എന്ന് തീരുമാനിക്കും. അടിയന്തിര സേവനങ്ങള്‍ ഒഴികെ സ്വകാര്യ മേഖലയിലെ ജോലികള്‍ ഒരാഴ്ച വീട്ടില്‍ നിന്ന് ചെയ്യാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും കേന്ദ്രം നിര്‍ദേശം നല്‍കി.

രാജ്യത്ത് നാലാമത് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുകയും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കപ്പെടുകയും ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വൈറസ് ബാധ മൂന്നാം ഘട്ടത്തിലേക്ക് കടക്കാതിരിക്കാനുള്ള എല്ലാ നടപടികളും എടുക്കണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിച്ചു.
മറ്റു രാജ്യങ്ങളില്‍ തുടക്കത്തില്‍ വൈറസ് വ്യാപിച്ചവരുടെ എണ്ണം വളരെ കുറവായിരുന്നു. എന്നാല്‍ പിന്നീടുള്ള അശ്രദ്ധ കാരണമാണ് അത് കൂടിയത്. ഇന്ത്യയിലും അത്തരമൊരു സാഹചര്യമുണ്ടാവുന്നത് തടയുന്നതിന്റെ ഭാഗമായി എത്രയും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കുന്നതിനാണ് കടുത്ത നിയന്ത്രണങ്ങള്‍ സ്വീകരിക്കുന്നതെന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു.

Latest