Connect with us

Kerala

കോഴിക്കോട് ജില്ലയില്‍ ഉഷ്ണ തരംഗ സാധ്യത; പുറംജോലിക്കാരും മറ്റും ജാഗ്രത പാലിക്കണം

Published

|

Last Updated

തിരുവനന്തപുരം | കോഴിക്കോട് ജില്ലയില്‍ ഇന്ന് ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ മുന്‍കരുതല്‍ പാലിക്കണമെന്ന് അധികൃതര്‍. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെതാണ് മുന്നറിയിപ്പ്. പുറംജോലികള്‍ ചെയ്യുന്നവരും നഗരങ്ങളിലും റോഡുകളിലുമുള്ളവരും വെയിലേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ജില്ലാ കലക്ടറും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വൈകുന്നേരം നാലുവരെയെങ്കിലും തണലിലേക്ക് മാറണം. വെള്ളം ധാരാളമായി കുടിക്കുകയും വിശ്രമിക്കുകയും ശരീരം തണുപ്പിക്കുകയും വേണം. പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, രോഗങ്ങളുള്ളവര്‍ തുടങ്ങിയവരെ ചൂടു മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ ബാധിക്കാനിടയുള്ളതിനാല്‍ ഈ വിഭാഗങ്ങളില്‍ പെടുന്നവര്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം. ഇവര്‍ ഒരു കാരണവശാലും പുറത്തിറങ്ങാന്‍ പാടില്ല.

മറ്റു ചില ജില്ലകളിലും ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും കേരളത്തിലാണ് ഏറ്റവും കൂടുതല്‍ സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേ്ന്ദ്രം വ്യക്തമായിട്ടുള്ളത്. സാധാരണ താപനിലയില്‍ നിന്ന് 4.5 ഡിഗ്രി സെല്‍ഷ്യസെങ്കിലും ചൂട് കൂടുന്നതിനെയാണ് ഉഷ്ണതരംഗമായി കണക്കാക്കുന്നത്. 37.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു ബുധനാഴ്ച കോഴിക്കോട് നഗരത്തില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില.