കൊറോണക്ക് വ്യാജ ചികിത്സ; മോഹനന്‍ വൈദ്യര്‍ അറസ്റ്റില്‍

Posted on: March 18, 2020 9:05 pm | Last updated: March 18, 2020 at 9:05 pm

തൃശ്ശൂര്‍ | കൊറോണക്ക് വ്യാജചികിത്സ നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മോഹനന്‍ വൈദ്യരെ പോലീസ് അറസ്റ്റ് ചെയ്തു. മോഹനന്‍ വൈദ്യര്‍ക്ക് രോഗികളെ പരിശോധിക്കാനോ മരുന്ന് നല്‍കാനോ ലൈസന്‍സില്ലെന്ന് വ്യക്തമാക്കിയാണ് നടപടി. ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.

കൊവിഡ് 19 ചികിത്സിച്ച് ഭേദമാക്കുമെന്ന് അവകാശപ്പെട്ട് മോഹനന്‍ വൈദ്യര്‍ രംഗത്ത് വന്നിരുന്നു. ഇതേ തുടര്‍ന്ന് തൃശൂരിലെ അദ്ദേഹത്തിന്റെ പരിശോധനാ കേന്ദ്രമായ രായിരത്ത് ഹെറിറ്റേജില്‍ പോലീസ് റെയ്ഡ് നടത്തുകയായിരുന്നു. പരിശോധിച്ചപ്പോള്‍ യാതൊരു ലൈസന്‍സും ഇല്ലാതെയാണ് അദ്ദേഹം ചികിത്സിക്കുന്നതെന്ന് കണ്ടെത്തി. തുടര്‍ന്നായിരുന്നു അറസ്റ്റ്.

നിപ വൈറസ് പടര്‍ന്നപ്പോഴും ആധുനിക ചികിത്സാ രീതികളെ തള്ളി രംഗത്ത് വന്ന മോഹനന്‍ വൈദ്യര്‍ക്ക് എതിരെ പോലീസ് കേസെടുത്തിരുന്നു. ചികിത്സാ പിഴവ് മൂലം ഒന്നര വയസ്സുകാരി മരിച്ച കേസിലും മോഹനന്‍ വൈദ്യരെ അറസ്റ്റ് ചെയ്തിരുന്നു.