കൊല്‍ക്കത്തയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ തള്ളി ഐഎസ് ഓഫീസറുടെ മകന്‍; ഒടുവില്‍ പോസിറ്റീവ്

Posted on: March 18, 2020 8:23 pm | Last updated: March 18, 2020 at 8:23 pm

കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ കൊവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിച്ച, ഐഎഎസ് ഓഫീസറുടെ മകന് വൈറസ് ബാധ സ്ഥരീകരിച്ചു. ബ്രിട്ടണില്‍ വിദ്യാര്‍ഥിയായ 18കാരനാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഞായറാഴ്ച കൊല്‍ക്കത്തയില്‍ എത്തിയ ഈ വിദ്യാര്‍ഥി രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് പലരുമായും സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. വിദ്യാര്‍ഥിയുടെ ഐഎഎസ് ഉദ്യോഗസ്ഥയായ മാതാവ് ഇതിന് ശേഷം പലതവണ സെക്രട്ടേറിയറ്റില്‍ എത്തുകയും നിരവധി യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത് വന്നു. പശ്ചിമ ബംഗാളില്‍ ഇതാദ്യമായാണ് കൊവിഡ് 19 സ്ഥിരീകരിക്കുന്നത്.

ഞായറാഴ്ച കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഇറങ്ങിയ വിദ്യാര്‍ഥിയെ അവിടെ പ്രാഥമിക പരിശോധനക്ക് വിധേയനാക്കിയിരുന്നു. എന്നാല്‍ രോഗലക്ഷണങ്ങള്‍ ഒന്നും കണ്ടെത്തിയിരുന്നില്ല. പക്ഷേ, പുറത്തു നിന്ന് വരുന്നവര്‍ വീടുകളില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്ന ജാഗ്രതാ നിര്‍ദേശം വിദ്യാര്‍ഥി പാലിച്ചില്ല. ഞായറാഴ്ചയും തിങ്കളാഴ്ചയും വീട്ടുകാരും നാട്ടുകാരും സുഹൃത്തുക്കളുമായി ഇയാള്‍ നിരന്തര സമ്പര്‍ക്കത്തിലേര്‍പ്പെട്ടു. വിദ്യാര്‍ഥിയുടെ മാതാവ് ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത നിര്‍ണായകമായ പല യോഗങ്ങളിലും പങ്കെടുത്തിരുന്നു. കൊവിഡ് സംബന്ധിച്ച യോഗത്തിലും ഇവര്‍ പങ്കെടുത്തു. സെക്രട്ടേറിയറ്റ് അനക്‌സില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് തൊട്ടു താഴെയുള്ള നിലയിലാണ് ഇവര്‍ യാതൊരു ജാഗ്രതയുമില്ലാതെ പ്രവര്‍ത്തിച്ചത്.

ചൊവ്വാഴ്ച, വിദ്യാര്‍ഥിയുടെ ബ്രിട്ടണിലെ മൂന്ന് സുഹൃത്തുക്കള്‍ള്ള് കൊവിഡ് ബാധിച്ചതായി വിവരം ലഭിച്ചതോടെ വിദ്യാര്‍തി ആശുപത്രിയില്‍ പരിശോധനക്ക് വിധേയനാകുകയായിരുന്നു. ലണ്ടനില്‍ വിദ്യാര്‍ഥിക്ക് ഒപ്പം പാര്‍ട്ടിയില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതറിഞ്ഞതോടെ ആദ്യ ബങ്കൂര്‍ എംആര്‍ ആശുപത്രിയിലും പിന്നീട് കൊവിഡ് നോഡല്‍ സെന്ററായ ആശുപത്രിയിലും വിദ്യാര്‍ഥി പരിശോധനക്ക് വിധേയനായി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആശുപത്രികളിലെല്ലാം മാതാവ് വിദ്യാര്‍ഥിക്ക് ഒപ്പം ഉണ്ടായിരുന്നു.

സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി മമതാ ബാനര്‍ജി രംഗത്ത് വന്നു. വിഐപി പദവിയുള്ളവര്‍ നിരുത്തരവാദപരമായാണ് പെരുമാറിയതെന്ന് അവര്‍ പറഞ്ഞു. വിഐപിയാണെന്നതിന്റെ പേരില്‍ കൊറോണ ടെസ്റ്റില്‍ നിന്ന് ആര്‍ക്കും വിട്ടുനില്‍ക്കാന്‍ സാധിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

വിദേശത്ത് നിന്ന് വരുന്നവരെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ രോഗങ്ങളെ സ്വാഗതം ചെയ്യില്ല. വിദേശത്ത് നിന്ന് പെട്ടെന്ന് എത്തുകയും ഒരു പരിശോധനയും നടത്താതെ ഷേപ്പിംഗ് മാളുകളിലും മറ്റും പോകുകയും ചെയ്യുന്നത് അനുവദിക്കാനാകില്ല. തന്റെ കുടുംബത്തിലെ ആരെങ്കിലും സ്വാധീനമുള്ളവരാണെന്ന് കരുതി പരിശോധന ഒഴിവാക്കാനാകില്ല. ഇതിനെ താന്‍ പിന്തുണക്കില്ലെന്നും മമത വ്യക്തമാക്കി.