കുവൈത്തില്‍ ഏഴ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Posted on: March 17, 2020 7:10 pm | Last updated: March 17, 2020 at 7:10 pm

കുവൈത്ത് സിറ്റി  | കുവൈത്തില്‍ ഏഴ് പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ നിന്ന് മടങ്ങിയെത്തിയവര്‍ക്കാണ് കോവിഡ് 19 കണ്ടെത്തിയത് . ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 130 ആയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

രോഗം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് പൊതുഅവധി തുടരുകയാണ്. നിസ്‌കാരങ്ങള്‍ വീടുകളില്‍ വെച്ച് തന്നെ നിര്‍വഹിക്കാനാണ് പള്ളികളില്‍ നിന്ന് ബാങ്ക് വിളിയോടപ്പം ഉണര്‍ത്തുന്നത് . അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളും റദ്ദാക്കിയിട്ടുണ്ട് .ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കുവൈറ്റ് വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് ഉണ്ടായിരിക്കില്ലന്നും കുവൈത്ത് വ്യോമയാന മന്ത്രാലയം അറിയിച്ചു

കോവിഡ് ബാധിത രാജ്യങ്ങളില്‍ നിന്നെത്തിയവരില്‍ നിന്നാണ് രാജ്യത്ത് വൈറസ് പടര്‍ന്നത് . കൊറോണയെ പ്രതിരോധിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും വീടുകളില്‍ നിന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഭക്ഷ്യ വിതരണ ശാലകള്‍ ഒഴികെയുള്ള വാണിജ്യ കേന്ദ്രങ്ങള്‍ , ഷോപ്പിംഗ് മാളുകള്‍, പൊതു മാര്‍ക്കറ്റുകള്‍ എന്നിവ അടച്ചിരിക്കുകയാണ് .പൊതുസ്ഥലങ്ങളില്‍ ആളുകള്‍ ഒത്തുകൂടുന്നതിനും വിവാഹം ഉള്‍പ്പെടെയുള്ള ആഘോഷ പരിപാടികള്‍ക്കും വിലക്ക് തുടരുകയാണ്