Connect with us

Editorial

എന്‍ പി ആര്‍: വാക്ക് പോര, നിയമം മാറണം

Published

|

Last Updated

കൊറോണ ഭീതിയുടെയും പ്രതിരോധത്തിന്റെയും പശ്ചാത്തലത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ പരിപാടികള്‍ അപ്രത്യക്ഷമായിരിക്കുകയാണ്. അതിനര്‍ഥം ആ വിഷയത്തില്‍ ജനാധിപത്യ, മതേതര വിശ്വാസികളുടെ ആധി അവസാനിച്ചുവെന്നോ പ്രക്ഷോഭങ്ങള്‍ ഒടുങ്ങിയെന്നോ അല്ല. കൊവിഡ് 19 ഏറ്റവും കൂടുതല്‍ പടര്‍ന്നു പിടിച്ച ഇറ്റലിയില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരുടെ സ്ഥിതി ചര്‍ച്ചയായപ്പോള്‍ പരോക്ഷമായെങ്കിലും പൗരത്വവും കടന്നു വന്നു. രോഗമില്ലെന്ന് തെളിയിച്ച സാക്ഷ്യപത്രം കാണിച്ചാലേ അവരെ ഇന്ത്യയിലേക്ക് വരാന്‍ അനുവദിക്കാവൂ എന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍സ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതിനെതിരെ രൂക്ഷമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. അവര്‍ ഈ രാജ്യത്തെ പൗരന്‍മാരാണ്. അസുഖം വന്നാല്‍ അവര്‍ എവിടെയെങ്കിലും കഴിഞ്ഞോട്ടെയെന്ന് വെക്കാന്‍ നമുക്ക് സാധിക്കുമോ? അങ്ങനെ പറയുന്നത് മനുഷ്യത്വവിരുദ്ധമല്ലേ. അവര്‍ വന്നിട്ട് എടുക്കേണ്ട മുന്‍ കരുതലുകള്‍ വേറെ കാര്യം. ഇപ്പോള്‍ അവരെ നാട്ടിലെത്തിക്കണം. അതാണ് രാജ്യത്തിന്റെ കടമ- ഇതായിരുന്നു മുഖ്യമന്ത്രി പറഞ്ഞതിന്റെ ആകെത്തുക. നിശ്ചിത സമയത്തേക്കെങ്കിലും മനുഷ്യരെ രാഷ്ട്രരഹിതമാക്കുന്നതിന്റെ വേദനയാണല്ലോ അദ്ദേഹം പങ്കുവെച്ചത്. അവിടെ കുടുങ്ങിയവര്‍ അയച്ച വീഡിയോ സന്ദേശത്തില്‍ അവര്‍ കരഞ്ഞു പറഞ്ഞതും സ്വന്തം നാട്ടില്‍ വരാന്‍ തങ്ങളെ അനുവദിക്കണമെന്നാണ്. സ്വന്തം നാട്ടിലെത്താനുള്ള വെമ്പലാണ് അവര്‍ അടയാളപ്പെടുത്തിയത്. രോഗാതുരതയുടെ നാളുകളില്‍ താത്കാലികമായി പോലും നിഷേധിക്കാനാകാത്ത ഉണ്‍മയാണ് സ്വന്തം മണ്ണെന്ന് ആ സുഹൃത്തുക്കള്‍ കാണിച്ചു തരികയായിരുന്നു.

ഇതേ ആധിയായിരുന്നു സി എ എക്കും എന്‍ ആര്‍ സിക്കും എന്‍ പി ആറിനുമെതിരെ സമരം ചെയ്യുന്ന കോടിക്കണക്കായ മനുഷ്യരും അവരെ പിന്തുണക്കുന്നവരും മുന്നോട്ട് വെച്ചത്. പൗരത്വത്തിന്റെ മാനദണ്ഡമായി മതം മാറുമ്പോള്‍ രാജ്യത്തിന്റെ അടിസ്ഥാന സ്വഭാവം മാറുകയാണ്. രാഷ്ട്രത്തിന് ഏതെങ്കിലും മതത്തോട് മമതയോ വിദ്വേഷമോ ഇല്ല എന്നതാണ് മതേതരത്വത്തിന്റെ അന്തസ്സത്ത. എന്നാല്‍ 2019ലെ പൗരത്വ ഭേദഗതി നിയമം രാഷ്ട്രത്തിന് ആറ് മതങ്ങളോട് പ്രതിപത്തി ഉണ്ടെന്നും ഒരു മതത്തോട് വിപ്രതിപത്തിയുണ്ടെന്നും വ്യക്തമാക്കിയിരിക്കുന്നു. അതുകൊണ്ട് നിയമത്തിന് മുന്നില്‍ സമത്വം പ്രഖ്യാപിക്കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമാണ് ഈ നിയമം. രാജ്യത്തെ പൗരന്‍മാരുടെ ആധികാരിക പട്ടികയെന്നാണ് എന്‍ ആര്‍ സിയുടെ നിര്‍വചനം. അസാമില്‍ മാത്രമാണ് ഇതിന് മാതൃകയുള്ളത്. 3.09 കോടി ജനങ്ങളുള്ള അസാമില്‍ സുപ്രീം കോടതി മേല്‍നോട്ടത്തില്‍ ഈ പട്ടിക തയ്യാറാക്കാന്‍ തുടങ്ങിയിട്ട് ഏഴ് വര്‍ഷം പിന്നിട്ടിരിക്കുന്നു. 19 ലക്ഷം പേരാണ് പുറത്തായിരിക്കുന്നത്. അവരാരും ഇന്ത്യന്‍ പൗരന്‍മാരല്ലാഞ്ഞിട്ടല്ല. രേഖ തന്നുവെന്ന് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെടാത്തത് കൊണ്ടാണ് പുറത്ത് നില്‍ക്കുന്നത്. ഇവരില്‍ 12 ലക്ഷത്തിലധികം പേരും ബംഗാളി ഹിന്ദുക്കളാണ്. എന്‍ ആര്‍ സിയിലേക്കുള്ള ആദ്യ ചുവടാണ് ദേശീയ ജനസംഖ്യാ പട്ടികയെന്ന് അതു സംബന്ധിച്ച എല്ലാ ഔദ്യോഗിക രേഖകളും വ്യക്തമാക്കുന്നു. ചുരുക്കത്തില്‍ ഈ സി എ എയും എന്‍ ആര്‍ സിയും എന്‍ പി ആറും രാജ്യത്തെ ജനങ്ങളുടെ പൗരത്വത്തെ കടന്നാക്രമിക്കാനുള്ള മാരകായുധങ്ങളാണ്. രാജ്യവ്യാപക പ്രതിഷേധം ഇക്കാര്യങ്ങള്‍ നല്ല നിലയില്‍ ജനങ്ങളില്‍ എത്തിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്.

ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും നന്നായി ബോധ്യപ്പെട്ടിട്ടുമുണ്ട്. രാജ്യവ്യാപകമായി എന്‍ ആര്‍ സി നടപ്പാക്കില്ലെന്നും തടങ്കല്‍ പാളയങ്ങള്‍ ഇല്ലെന്നും പറയാന്‍ മോദി നിര്‍ബന്ധിതമായത് ഇതിന് തെളിവാണ്. അമിത് ഷാ കഴിഞ്ഞ ദിവസം പാര്‍ലിമെന്റില്‍ പറഞ്ഞതും ഇതിനോട് ചേര്‍ത്ത് വായിക്കണം. ഡല്‍ഹി വംശഹത്യയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് മറുപടി പറയവേ മൂന്ന് കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. ഒന്ന്, എന്‍ പി ആര്‍ തയ്യാറാക്കുമ്പോള്‍ ആരോടും രേഖകള്‍ ആവശ്യപ്പെടില്ല. രണ്ട്, എന്‍ പി ആര്‍ ചോദ്യാവലിയില്‍ ഇഷ്ടമുള്ളവക്ക് മാത്രം ഉത്തരം നല്‍കിയാല്‍ മതി. മൂന്ന്, ഉത്തരം നല്‍കിയില്ല എന്നതിനാല്‍ ആരെയും സംശയാസ്പദം (ഡി വോട്ടര്‍) എന്ന് രേഖപ്പെടുത്തില്ല. ആശ്വാസകരമാണ് ഈ വാക്കുകള്‍. എന്നാല്‍ ഈ ഉറപ്പ് മുഖവിലക്കെടുത്ത് എന്‍ പി ആറിനെ ഒരിക്കലും പിന്തുണക്കരുത്. കേരളം, പഞ്ചാബ്, ബിഹാര്‍, തെലങ്കാന, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം എന്‍ പി ആര്‍ ശേഖരണവുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഒടുവില്‍ ഡല്‍ഹി നിയമസഭയും പ്രമേയം പാസ്സാക്കി.
ഈ സാഹചര്യത്തില്‍ അമിത് ഷായുടെ പ്രസ്താവനയെ സംശയത്തോടെ തന്നെ കാണേണ്ടിയിരിക്കുന്നു. വാജ്‌പേയിയുടെ കാലത്ത് 2003ല്‍ പാസ്സാക്കിയ പൗരത്വ നിയമം നിലനില്‍ക്കുവോളം കാലം എന്‍ പി ആര്‍ ശേഖരണം ജനവിരുദ്ധമാണ്. ഈ ഭേദഗതി പ്രകാരം എന്‍ പി ആര്‍ വിവരങ്ങള്‍ ഉപയോഗിച്ച് എപ്പോള്‍ വേണമെങ്കിലും എന്‍ ആര്‍ സി ഉണ്ടാക്കാം. ഇപ്പോള്‍ ഷാ നല്‍കിയ ഉറപ്പുകളൊന്നും നിയമത്തിലില്ല എന്നതും പ്രധാനമാണ്. ഈ ഏപ്രിലില്‍ സെന്‍സസ് നടപടികള്‍ക്കൊപ്പം എന്‍ പി ആര്‍ പുതുക്കലും നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഈ തീരുമാനത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞ ഇളവുകള്‍ വിശ്വസിച്ച് എന്‍ പി ആറിന് തലവെച്ച് കൊടുത്താല്‍ നിരവധി മനുഷ്യര്‍ പൗരത്വത്തിന് പുറത്താകും. ഈ എന്‍ പി ആര്‍ എടുത്തുവെച്ചാകും പ്രാദേശിക രജിസ്ട്രാര്‍ എന്‍ ആര്‍ സി ഉണ്ടാക്കാനിരിക്കുക. അപ്പോള്‍ പൂര്‍ണ വിവരം നല്‍കിയില്ലെന്ന് കാണിച്ച് ആരെയും സംശയത്തിന്റെ നിഴലിലാക്കാം.

സാധാരണക്കാരും ദളിതുകളും ഉള്‍പ്പെടുന്ന കോടിക്കണക്കായ മനുഷ്യര്‍ക്ക് കൊടുക്കാന്‍ സാധിക്കാത്ത രേഖകളാണ് എന്‍ പി ആറിനും എന്‍ ആര്‍ സിക്കും ചോദിക്കുന്നതെന്നോര്‍ക്കണം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നിയമസഭയില്‍ പറഞ്ഞത് ഏറെ പ്രസക്തമാണ്: 70 പേരുള്ള ഈ സഭയില്‍ ഒമ്പത് പേര്‍ക്ക് മാത്രമാണ് ജനന സര്‍ട്ടിഫിക്കറ്റ് ഉള്ളത് എന്നായിരുന്നു കെജ്‌രിവാള്‍ പറഞ്ഞത്. ഇതാണ് അവസ്ഥ. അതുകൊണ്ട് എന്‍ പി ആര്‍ നടപടികള്‍ പൂര്‍ണമായി നിര്‍ത്തിവെക്കണം. 2003ലെ നിയമം റദ്ദാക്കുകയോ ഭേദഗതി ചെയ്യുകയോ വേണം. എന്‍ ആര്‍ സി രാജ്യവ്യാപകമായി നടപ്പാക്കില്ലെന്ന് വാ കൊണ്ട് മൊഴിഞ്ഞാല്‍ പോര. കോടതിയില്‍ സത്യവാങ്മൂലം നല്‍കണം. സമരം തുടരുക തന്നെ വേണം.