Connect with us

Kerala

ബ്രിട്ടന്‍ സന്ദര്‍ശിച്ച് തിരിച്ചെത്തിയ ബെഹ്‌റയെ നിരീക്ഷണത്തില്‍ വെച്ചോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം: മുല്ലപ്പള്ളി

Published

|

Last Updated

തിരുവനന്തപുരം |  കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ബ്രിട്ടന്‍ സന്ദര്‍ശിച്ച് തിരിച്ചെത്തിയ ഡി ജി പി ലോക്‌നാഥ് ബെഹ്‌റയെ നിരീക്ഷണത്തില്‍ വെച്ചിരുന്നോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കഴിഞ്ഞ മാര്‍ച്ച് മൂന്ന് മുതല്‍ അഞ്ച് വരെയാണ് അദ്ദേഹം ബ്രിട്ടനില്‍ പര്യടനം നടത്തിയത്. ബ്രിട്ടനില്‍ ആരോഗ്യ മന്ത്രിയടക്കം 800 ഓളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പതിനായിരത്തിലേറെ പേര്‍ നിരീക്ഷണത്തിലാണ്. ഈ രോഗ ബാധിത മേഖലയില്‍ പോയി മടങ്ങിയെത്തിയ പോലീസ് മേധാവി നിരവധി പൊതു പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. റാന്നിയിലെ കുടുംബം റിപ്പോര്‍ട്ട് ചെയ്യാത്തതിനെ വിമര്‍ശിക്കുന്ന സാഹചര്യത്തില്‍ എല്ലാവര്‍ക്കും ബാധകമായ നിബന്ധന ബ്രിട്ടീഷ് പര്യടനം കഴിഞ്ഞെത്തിയ പോലീസ് മേധാവിക്ക് ബാധകമായിട്ടുണ്ടോ എന്ന ആശങ്കയാണ് ഉയരുന്നത്.

മാര്‍ച്ച് നാല് മുതല്‍ യൂണിവേഴ്‌സല്‍ സ്‌ക്രീനിംഗ് ആരംഭിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതനുസരിച്ച് കേരളത്തില്‍ ഉള്‍പ്പെടെ എത്തിയിട്ടുള്ള എല്ലാ വിദേശ പൗരന്മാരും, വിദേശത്ത് നിന്ന് തിരികെയെത്തിയ ഇന്ത്യക്കാരും നിരീക്ഷണത്തിലായിരിക്കണം. എല്ലാവര്‍ക്കും ബാധകമായ ഈ നിബന്ധന ബ്രട്ടീഷ് പര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയ പോലിസ് മേധാവിക്കു ബാധകമാക്കിയിട്ടുണ്ടോ എന്ന ആശങ്കയാണ് ഉയരുന്നത്.

പ്രൈം ടൈമില്‍ വാര്‍ത്താ സമ്മേളനം നടത്തുന്ന മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും സാമൂഹ്യബോധവും കടമയും പ്രകടിപ്പിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ ഡി ജി പിയെ നിരീക്ഷിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

 

---- facebook comment plugin here -----

Latest