Connect with us

Ongoing News

ഉത്പന്നങ്ങള്‍ വാങ്ങാന്‍ ഇനി വിരലമര്‍ത്തണ്ട; 'ആമസോണി'നോട് പറഞ്ഞാല്‍ മതി

Published

|

Last Updated

ന്യൂഡല്‍ഹി | പ്രമുഖ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണില്‍ നിന്ന് ഇനി ഉത്പന്നങ്ങള്‍ വാങ്ങാന്‍ വിരലമര്‍ത്തേണ്ട, പറഞ്ഞാല്‍ മതി. ആമസോണ്‍ ആപ്പില്‍ വോയിസ് കമ്മ്യൂണിക്കേഷന്‍ ഫീച്ചര്‍ ആമസോണ്‍ കൂട്ടിച്ചേര്‍ത്തു. ഉത്പന്നങ്ങള്‍ തിരയാനും വാങ്ങാനും വോയിസ് കമാന്‍ഡിലൂടെ സാധിക്കുന്നതാണ് പുതിയ ഫീച്ചര്‍. ഈ അപ്‌ഡേറ്റ് തുടക്കത്തില്‍ ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രമാണ് ലഭ്യമായിട്ടുള്ളത്. ആഗോള തലത്തില്‍ എപ്പോള്‍ ലഭ്യമാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

ആമസോണ്‍ ഷോപ്പിംഗ് അപ്ലിക്കേഷനിലെ ഉപഭോക്താക്കളെ വോയ്‌സ് കമാന്‍ഡിലൂടെ സംവദിക്കാന്‍ “സ്പീക്ക് ടു ഷോപ്പ്” ഫീച്ചര്‍ പ്രാപ്തമാക്കുമെന്ന് കമ്പനി പറയുന്നു. പ്രൈം, നോണ്‍പ്രൈം ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാണ്. ഫീച്ചര്‍ ലഭിക്കാന്‍ ആപ്പ് അപ്‌ഡേറ്റ് ചെയ്യേണ്ടിവരും. ഫോണിന്റെ മൈക്രോഫോണ്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കുകയും വേണം. ആമസോണ്‍ ഷോപ്പിംഗ് ആപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് മാര്‍ച്ച് 6 നാണ് പുറത്തിറക്കിയത്.

ആമസോണ്‍ അലക്‌സയുടെ സഹായത്തോടെയാണ് ആമസോണ്‍ ഷോപ്പിംഗ് അപ്ലിക്കേഷനിലെ വോയ്‌സ് കമാന്‍ഡ് പ്രവര്‍ത്തിക്കുന്നത്. എങ്കിലും ഉപയോക്താക്കള്‍ ആപ്പുമായി സംവദിക്കുമ്പോള്‍ “അലക്‌സാ” എന്ന് പറയേണ്ടതില്ല. പകരം, സെര്‍ച്ച് ബാറിന് സമീപമുള്ള വോയ്‌സ് ബട്ടണ്‍ ടാപ്പുചെയ്ത് അലക്‌സ സജീവമാക്കിയാല്‍ മതി. അതേസമയം, ഓര്‍ഡറുകള്‍ നല്‍കുന്നതിന് ആമസോണ്‍ ഷോപ്പിംഗ് ആപ്പിനുള്ളിലെ അലക്‌സാ സംയോജനം ഉപയോഗിക്കാന്‍ കഴിയില്ലെന്നും അന്തിമ പേയ്‌മെന്റ് ഓപ്ഷന്‍ ഉപഭോക്താവ് സ്വമേധയാ ചെയ്യേണ്ടതുണ്ടെന്നും ആമസോണ്‍ വ്യക്തമാക്കി.

സ്പീക്ക് ടു ഷോപ്പ് സംവിധാനം നിലവില്‍ ഇംഗ്ലീഷിനെ മാത്രമാണ് തുണക്കുന്നത്. പ്രാദേശിക ഭാഷകളില്‍ കൂടി ഈ സവിശേഷത കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കമ്പനി.

Latest