Connect with us

Articles

അതിജീവന കാലങ്ങളിൽ ഒരു മുഖ്യമന്ത്രി

Published

|

Last Updated

പിണറായി വിജയനെ അഭിവാദ്യം ചെയ്താല്‍, ശൈലജ ടീച്ചറെ അഭിനന്ദിച്ചാല്‍ പതിവായി കേള്‍ക്കുന്ന ചോദ്യം; അവരൊക്കെ സ്വന്തം പണി ചെയ്യുകയല്ലേ, അതില്‍ അഭിനന്ദിക്കാന്‍ മാത്രം സവിശേഷമായി എന്താണുള്ളത് എന്നാണ്. ആ ചോദ്യത്തെ മുഖവിലക്കെടുത്തുകൊണ്ട് തന്നെ ചിലത് പറയട്ടെ.

സ്വന്തം ജനങ്ങളോട് ഇങ്ങനെയൊന്നും കരുണയും കരുതലും കാണിച്ചില്ലെങ്കിലും ഒരാള്‍ക്ക് ഭരണാധികാരി ആയി തുടരാമെന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ “സൗകര്യം”. സംശയമുള്ളവര്‍ക്ക് ഡല്‍ഹിയിലേക്ക് നോക്കാം.
കേന്ദ്രം ഭരിക്കുന്നവര്‍ക്ക് ജനങ്ങളുടെ കാര്യത്തില്‍ എന്തെങ്കിലും ആധിയുണ്ടോ? പാവങ്ങളുടെ വിശപ്പടക്കാന്‍ പദ്ധതിയുണ്ടോ? ദാരിദ്ര്യ നിര്‍മാര്‍ജനം അവരുടെ അജന്‍ഡയിലുണ്ടോ? പൊതുജനാരോഗ്യത്തെക്കുറിച്ച് അവര്‍ എത്രത്തോളം തത്പരരാണ്? കര്‍ഷകരെ പരിഗണിക്കുന്നുണ്ടോ? ഭക്ഷ്യ സബ്സിഡി, രാസവളം സബ്സിഡി വെട്ടിക്കുറച്ചത് പാവങ്ങളുടെ പള്ളക്കടിക്കാനല്ലേ? തൊഴിലുറപ്പ് പദ്ധതിക്ക് തുക വെട്ടിക്കുറച്ചത് ഗ്രാമീണ ജനതക്ക് ഇരുട്ടടി കൊടുക്കാനല്ലേ? എന്തിനധികം, ഭരണഘടനയുടെ അന്തസ്സത്തക്ക് നിരക്കാത്ത നിയമങ്ങള്‍ പടച്ചുവിടുന്നത് കാണുന്നില്ലേ? എന്നിട്ട് മോദിക്കോ അമിത് ഷാക്കോ എന്തെങ്കിലും സംഭവിക്കുന്നുണ്ടോ?

ഗുജറാത്തിലും യു പിയിലും ശിശുമരണങ്ങള്‍ തുടരെത്തുടരെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് വായിക്കാറില്ലേ? എന്നിട്ട് അവിടുത്തെ മുഖ്യമന്ത്രിമാര്‍ക്കോ ആരോഗ്യ മന്ത്രിമാര്‍ക്കോ വല്ല കുലുക്കവുമുണ്ടോ? ഗുജറാത്തിലെ വിവിധ ആശുപത്രികളിലായി 134 നവജാത ശിശുക്കള്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത് ഈ വര്‍ഷാരംഭത്തിലാണ്. അതേക്കുറിച്ച് പ്രതികരിക്കാന്‍ പോലും ബി ജെ പി മുഖ്യമന്ത്രി വിജയ് രൂപാണി തയ്യാറായില്ല! അതുകൊണ്ട് അദ്ദേഹത്തിന് വല്ലതും സംഭവിച്ചോ? അദ്ദേഹത്തിന് പദവി നഷ്ടപ്പെട്ടോ? പാര്‍ട്ടി അദ്ദേഹത്തോട് വിശദീകരണം ചോദിച്ചോ? ഇല്ല. ഒന്നുമുണ്ടായില്ല. അദ്ദേഹം ഇപ്പോഴും മുഖ്യമന്ത്രിക്കസേരയില്‍ സേഫ് ആണ്. ശിശുമരണം തടയാനുള്ള ഫലപ്രദമായ ഒരു നടപടിയും കൈക്കൊണ്ടിട്ടുമില്ല. യോഗി ഭരിക്കുന്ന യു പിയിലും സ്ഥിതി വ്യത്യസ്തമല്ല. 2017ല്‍ 63 കുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ കിട്ടാതെ സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ചതിനു ശേഷവും സമാനമായ സംഭവങ്ങള്‍ അരങ്ങേറിയില്ലേ? ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ബഹ്റിച്ച് ജില്ലാ ആശുപത്രിയില്‍ ഒന്നരമാസത്തിനിടെ 71 കുട്ടികളുടെ മരണം നടന്നില്ലേ? മറ്റേതെങ്കിലും പരിഷ്‌കൃത രാജ്യത്തായിരുന്നെങ്കില്‍ ഭരണാധികാരിക്ക് രാജിവെക്കാനും പുറത്താക്കപ്പെടാനും ഇതില്‍പരം കാരണം വേണ്ടിയിരുന്നോ? 2017ലും ഇപ്പോഴും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ. അതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സവിശേഷത. സഭയിലും പാര്‍ട്ടിയിലും പിന്തുണ ഉള്ളിടത്തോളം മന്ത്രിയായി തുടരാം; ഏത് ജനവിരുദ്ധ തീരുമാനവും കൈക്കൊള്ളാം, ജനങ്ങളുടെ പ്രയാസങ്ങള്‍ക്ക് നേരെ കണ്ണടക്കാം. ഒന്നും സംഭവിക്കില്ല. ആരും നിങ്ങളെ രാജിവെപ്പിക്കില്ല, ഇറങ്ങിപ്പോകാന്‍ നിര്‍ബന്ധിക്കപ്പെടില്ല. അതുകൊണ്ട് മാത്രമാണ് ഡല്‍ഹി വംശഹത്യക്ക് ശേഷവും അമിത് ഷാ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയായി തുടരുന്നത്! ആര്‍ എസ് എസോ അദ്ദേഹം തന്നെയോ ആഗ്രഹിക്കുന്ന കാലത്തോളം അധികാരത്തില്‍ തുടരാം.

അങ്ങനെ ഒരു രാജ്യത്ത്, മലയാളികളുടെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി ശൈലജ ടീച്ചറും ഭരണാധികാരികള്‍ എന്ന നിലക്ക് കാണിക്കുന്ന കരുതലില്‍ അഭിനന്ദനാര്‍ഹമായി നിശ്ചയമായും ചിലതുണ്ട്. ഒരു ദുരന്തമുഖത്ത് ഭരണാധികാരിയുടെ റോള്‍ എന്താണ്? അതിജീവന തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുക, ജനങ്ങള്‍ക്ക് അതിജയിക്കാനാകുമെന്ന ആത്മവിശ്വാസം പകരുക. പ്രതിസന്ധിയുടെ കാലങ്ങളില്‍ ഭരണാധികാരിയുടെ ശരീരഭാഷ പോലും അതിപ്രധാനമാണ്. നിപ്പായുടെ നാളുകളിലും പ്രളയ സമയത്തും പിണറായിയുടെ പത്രസമ്മേളനങ്ങള്‍ ഓര്‍ക്കുന്നില്ലേ? ധാര്‍ഷ്ട്യമെന്നും ധിക്കാരമെന്നും വിമര്‍ശകര്‍ അധിക്ഷേപിച്ച അതേ ശരീരഭാഷ കേരളം വിറങ്ങലിച്ചു നിന്ന ദുരന്ത നാളുകളില്‍ ആത്മവിശ്വാസത്തിന്റെയും അതിജീവനത്തിന്റെയും ഭാഷയിലേക്ക് പരാവര്‍ത്തനം ചെയ്യപ്പെട്ടത് നമ്മള്‍ കണ്ടതാണ്. ദിനേനെ പത്രസമ്മേളനങ്ങള്‍, കൃത്യവും വ്യക്തവുമായ ബ്രീഫിംഗ്, ജയിക്കാനുറച്ചവന്റെ ചടുലത, നമ്മളൊന്ന് എന്ന സന്ദേശം… അങ്ങനെയങ്ങനെ ഒരു ഭരണാധികാരിയില്‍ നിന്ന് നമ്മള്‍ ആഗ്രഹിക്കുന്നതെന്തോ അതപ്പടി വാക്കിലും നോക്കിലും പ്രവൃത്തിയിലും നമുക്ക് മുന്നില്‍ പ്രകടമായി. കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനം ശ്രദ്ധിച്ചില്ലേ? ലോകരാജ്യങ്ങള്‍ സ്തംഭിച്ചു നില്‍ക്കുന്ന മാരകമായൊരു രോഗബാധയുടെ പശ്ചാത്തലത്തില്‍, കേരളം പോലെ ജനസാന്ദ്രത കൂടിയ ഒരു പ്രദേശത്ത് രോഗം വ്യാപിക്കുന്നത് എത്രമേല്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും എന്ന് തിരിച്ചറിഞ്ഞ് തീരുമാനമെടുത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ഏഴാം ക്ലാസ് വരെ പരീക്ഷ ഒഴിവാക്കി, സര്‍ക്കാര്‍ പരിപാടികള്‍ റദ്ദാക്കി, ആളുകള്‍ ഒത്തുചേരുന്ന പരിപാടികള്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ചു, അങ്കണവാടി അടച്ചിട്ടാലും ഭക്ഷണം കുട്ടികള്‍ക്ക് വീട്ടിലെത്തിക്കാനുള്ള പദ്ധതി… ഇവിടെ ജനക്ഷേമ തത്പരരായ ഒരു ഭരണകൂടമുണ്ട് എന്ന് കേരളത്തെ ബോധ്യപ്പെടുത്തിയ നടപടികള്‍, ഇടപെടലുകള്‍. എന്തെന്ത് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഇന്നേരത്ത് സര്‍ക്കാറിനോടൊപ്പം നില്‍ക്കണമെന്ന് തീരുമാനിക്കുന്ന ജനം. സര്‍ക്കാര്‍ നിര്‍ദേശം വന്നയുടനെ മദ്റസകള്‍ക്ക് അവധി പ്രഖ്യാപിക്കപ്പെടുന്നു, മത ചടങ്ങുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി മതനേതൃത്വം അനുയായികള്‍ക്ക് നിര്‍ദേശം നല്‍കുന്നു, ആള്‍ക്കൂട്ടം ഒത്തുചേരുന്ന പരിപാടികള്‍ ഒഴിവാക്കുന്നു, ക്ഷണം പൂര്‍ത്തിയായ വിവാഹങ്ങള്‍ പോലും നീട്ടിവെക്കുന്നു, സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കായി ചെവിയോര്‍ക്കുന്നു, ചെറിയ പനിയോ തുമ്മലോ വരുമ്പോഴേക്ക് സര്‍ക്കാറാശുപത്രിയില്‍ സ്വയം സന്നദ്ധരായി ആളുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാര്‍ കൂടെയുണ്ട് എന്നുറപ്പുള്ളിടത്ത് ജനം ഉത്തരവാദിത്വബോധമുള്ളവരായിത്തീരും. തെളിവ് കേരളമാണ്; പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കുന്ന കേരളം.

പൗരത്വ സമരമോര്‍ക്കുക. ഒരു മുസ്‌ലിം പ്രശ്‌നമായി സി എ എയെ അവതരിപ്പിച്ച് രാജ്യം ഭരിക്കുന്ന കക്ഷി വര്‍ഗീയ വിഭജനത്തിനിറങ്ങിയപ്പോള്‍ സമരത്തിന്റെ മുന്‍നിരയിലേക്ക് വന്ന് ഇത് മുസ്‌ലിംകളുടെ പ്രശ്നമല്ല, ഭരണഘടനയുടെ പ്രശ്നമാണ് എന്ന് ഉറക്കെവിളിച്ചു പറയാന്‍ അദ്ദേഹം കാട്ടിയ ധീരത ഇന്ത്യയിലെ പൗരത്വ സമരത്തിന്റെ ദിശ നിര്‍ണയിച്ചു. കേരളത്തിന് പിറകെ പല സംസ്ഥാന നിയമസഭകളും സി എ എക്കെതിരെ പ്രമേയം പാസ്സാക്കി. ജില്ലകള്‍ തോറും മഹാ സമ്മേളനങ്ങള്‍ നടത്തി ശക്തമായ മതേതര, ജനാധിപത്യ പ്രതിഷേധം രൂപപ്പെടുത്താന്‍ അദ്ദേഹത്തിനായി. ചിലയിടങ്ങളില്‍ പോലീസ് കൈക്കൊണ്ട, സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായ നടപടികളോട് യഥാസമയം വിയോജിച്ചുകൊണ്ടു തന്നെ മുഖ്യമന്ത്രി മുന്‍കൈയെടുത്ത് നടത്തിയ സമ്മേളനങ്ങളില്‍ വിവിധ സാമുദായിക സംഘടനകള്‍ സജീവമായി പങ്കുകൊണ്ടു. പൗരത്വ സമരത്തില്‍ കേരളം ഇന്ത്യയിലെ ജനാധിപത്യ വാദികള്‍ക്ക് വഴികാട്ടി. ഈ സമരത്തിന്റെ ആദ്യഘട്ടത്തില്‍ പ്രതിപക്ഷവും സര്‍ക്കാറിനൊപ്പം നിന്നു എന്നതും കാണാതിരുന്നുകൂടാ. ഇത്തരം മുന്‍കൈകള്‍ കൂടിയാണ് പിണറായി വിജയനെ വ്യത്യസ്തനാക്കുന്നത്. നേപ്പാളില്‍ വിഷവായു ശ്വസിച്ച് മരണപ്പെട്ടവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കേന്ദ്രം മടിച്ചു നിന്നപ്പോള്‍ മുഴുവന്‍ ചെലവും വഹിച്ച് ആ ദൗത്യം സംസ്ഥാന സര്‍ക്കാര്‍ തന്നെ ഏറ്റെടുത്തത് ഓര്‍ക്കുക.

പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി വിമര്‍ശനങ്ങള്‍ക്ക് അതീതനാണെന്ന് പറയുന്നില്ല. പക്ഷേ, ജനാധിപത്യവും ജനജീവിതവും ഇരുട്ടിലാകുന്ന കാലത്ത് അദ്ദേഹം കൊളുത്തിവെക്കുന്ന വിളക്കിനെ കണ്ടില്ലെന്നു നടിക്കുന്നതും നിസ്സാരപ്പെടുത്തുന്നതും, ഏത് രാഷ്ട്രീയമായ വിയോജിപ്പിന്റെ പേരിലായാലും അപക്വവും അവിവേകവുമായിരിക്കും എന്നതില്‍ സന്ദേഹമില്ല.

മുഹമ്മദലി കിനാലൂര്‍
mdalikinalur@gmail.com