Connect with us

Editorial

യെസ് ബേങ്കിന്റെ തകര്‍ച്ചയും ബേങ്കിംഗ് മേഖലയും

Published

|

Last Updated

നോട്ട് നിരോധനത്തിനു ശേഷം രാജ്യത്തെ പ്രധാന സാമ്പത്തിക സ്രോതസ്സുകളിലൊന്നായ കാര്‍ഷിക മേഖലയും തൊഴില്‍ മേഖലയും കനത്ത തകര്‍ച്ചയിലാണ്. ഇപ്പോഴിതാ രാജ്യത്തെ ബേങ്കിംഗ് മേഖലയും പതനത്തെ അഭിമുഖീകരിക്കുന്നു. കിട്ടാക്കടങ്ങളുടെ പെരുപ്പം മൂലം പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് രാജ്യത്തെ പ്രമുഖ സ്വകാര്യ ബേങ്കുകളിലൊന്നായ യെസ് ബേങ്കിനു മേല്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുകയാണ് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ. അവിചാരിതമായ ഒരു നീക്കത്തിലൂടെ ഈ മാസം അഞ്ചിനായിരുന്നു യെസ് ബേങ്കിന്റെ നിയന്ത്രണം ആര്‍ ബി ഐ ഏറ്റെടുത്തത്. കേവലം ഒരു ബേങ്കിന്റെ തകര്‍ച്ചയായി മാത്രമല്ല, രാജ്യത്തെ ബേങ്കുകള്‍ മൊത്തത്തില്‍ അനുഭവിക്കുന്ന പ്രതിസന്ധിയുടെയും സാമ്പത്തിക മേഖലക്ക് ബാധിച്ച പുഴുക്കുത്തിന്റെയും പ്രതിഫലനം കൂടിയായാണ് യെസ് ബേങ്കുമായി ബന്ധപ്പെട്ട സംഭവങ്ങളെ സാമ്പത്തിക വിദഗ്ധര്‍ കാണുന്നത്.

2004ല്‍ റാണ കപൂറും അശോക് കപൂറും ചേര്‍ന്ന് സ്ഥാപിച്ച ഇന്ത്യന്‍ സ്വകാര്യ മേഖല ബേങ്കാണ് യെസ് ബേങ്ക് ലിമിറ്റഡ്. തുടക്കത്തില്‍ തന്നെ ബേങ്കിന്റെ വളര്‍ച്ച പെട്ടെന്നായിരുന്നു. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഇത് ഇന്ത്യയിലെ മികച്ച അഞ്ച് സ്വകാര്യ ബേങ്കുകളില്‍ ഒന്നായി മാറി. പിന്നീട് ബേങ്ക് പ്രതിസന്ധികള്‍ നേരിടുകയായിരുന്നു. പുറത്ത് വിടാതെ വെച്ചിരുന്ന കമ്പനിയുടെ നഷ്ടക്കണക്കുകള്‍ പുതിയ സി ഇ ഒയായി റാവ്‌നീത് ഗില്‍ വന്നതിനു പിന്നാലെയാണ് പുറത്തു വിട്ടത്. ഇതോടെ ബേങ്കില്‍ നിക്ഷേപകര്‍ക്കുണ്ടായിരുന്ന വിശ്വാസം നഷ്ടമായി. ഈ പ്രതിസന്ധി ബേങ്കിന്റെ നിലനില്‍പ്പിനെ തന്നെ ബാധിച്ചിരിക്കുകയാണിപ്പോള്‍. കഴിഞ്ഞ സെപ്തംബറില്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന പി എം സി ബേങ്കും സമാന അവസ്ഥ നേരിട്ടിരുന്നു.

രാജ്യത്തെ രൂക്ഷമായ സാമ്പത്തികാവസ്ഥയും അഴിമതിയുമാണ് യെസ് ബേങ്കിന്റെ കിട്ടാക്കടം വര്‍ധിക്കാനിടയാക്കിയത്. യെസ് ബേങ്ക് ഉടമ കപൂര്‍ തന്റെ സ്ഥാപനം വഴി പല അനധികൃത ഇടപാടുകളും നടത്തിയിരുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിട്ടുണ്ട്. ദിവാന്‍ ഹൗസിംഗ് കമ്പനിയുമായുള്ള ഇടപാടാണ് ഇതിലൊന്ന്. 3,700 കോടി വില വരുന്ന കടപ്പത്രം ദിവാന്‍ ഹൗസിംഗില്‍ നിന്ന് യെസ് ബേങ്ക് വാങ്ങിയതായും പ്രത്യുപകാരമായി ഈ കമ്പനി റാണ കപൂറിന്റെ മക്കളായ റോഷ്‌നി കപൂര്‍, രാഖി കപൂര്‍, രാധ കപൂര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഡോയിറ്റ് എന്ന സ്ഥാപനത്തിന് 600 കോടി രൂപയുടെ വായ്പ അനുവദിച്ചതായും അന്വേഷണത്തില്‍ അറിവായതായി എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചിട്ടുണ്ട്. അഴിമതി പുറത്തു വന്നതിനെ തുടര്‍ന്ന് ബേങ്ക് സ്ഥാപകന്‍ റാണ കപൂറിനെയും മകളെയും എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.

[irp]

സാധാരണക്കാരായ ഇടപാടുകാരല്ല വന്‍കിടക്കാരാണ് ബേങ്കുകളുടെ നിഷ്‌ക്രിയ ആസ്തി കുത്തനെ ഉയരാന്‍ ഇടയാക്കുന്നത്. ബേങ്കുകളിലെ കിട്ടാക്കടത്തിന്റെ 88 ശതമാനവും വന്‍കിടക്കാരുടേതാണ്. പലപ്പോഴും ബേങ്ക് മാനേജ്‌മെന്റുമായുള്ള ഒത്തുകളിയിലൂടെയാണ് വന്‍കിട കമ്പനികള്‍ സഹസ്രകോടികളുടെ വായ്പ നേടിയെടുക്കുന്നത്. ബേങ്കുകളുടെ കിട്ടാക്കടം ഓരോ വര്‍ഷവും വര്‍ധിക്കുകയും അടിക്കടി എഴുതിത്തള്ളേണ്ട സ്ഥിതിവിശേഷം സംജാതമാകുകയും ചെയ്തിട്ടും ഇത് നിയന്ത്രിക്കുന്നതിനു റിസര്‍വ് ബേങ്കോ സര്‍ക്കാറോ ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ല. 2019 സെപ്തംബറില്‍ ബേങ്കുകളുടെ മൊത്തം ആസ്തിയില്‍ 9.3 ശതമാനമായിരുന്നു കിട്ടാക്കടമെങ്കില്‍ ഈ വര്‍ഷം സെപ്തംബറിലേക്ക് അത് 9.9 ശതമാനത്തിലേക്കെത്തുമെന്നാണ് രണ്ട് മാസം മുമ്പ് പ്രസിദ്ധീകരിച്ച ആര്‍ ബി ഐയുടെ സാമ്പത്തിക സ്ഥിരതാ റിപ്പോര്‍ട്ടില്‍ പറയുന്നത്. വായ്പാ വിതരണം വര്‍ധിക്കാത്തതും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും ഇതിനു കാരണമായി ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.

സാമ്പത്തിക ഇടപാടിനുള്ള വിശ്വസ്ത സ്ഥാപനമായാണ് രാജ്യത്തെ ബേങ്കുകളെ ജനം ധരിച്ചുവെച്ചിരുന്നത്. ബേങ്കുകളില്‍ നിക്ഷേപിച്ചാല്‍ പണം സുരക്ഷിതമാണെന്ന ധാരണക്കു മേല്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ് യെസ് ബേങ്കിന്റേതുള്‍പ്പെടെ ബേങ്ക് മേഖലയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകളൊക്കെയും. രാജ്യത്തെ ഏറ്റവും വലിയ ബേങ്കായ എസ് ബി ഐ ഉള്‍പ്പെടെ ഒരൊറ്റ ബേങ്കും മുക്തമല്ല ഈ പ്രതിസന്ധിയില്‍ നിന്ന്. വര്‍ഷങ്ങളുടെ ശ്രമഫലമായി സ്വരൂപിച്ച പണം വിവിധ ആവശ്യങ്ങള്‍ക്കായി ബേങ്കുകളില്‍ സൂക്ഷിക്കുന്ന ലക്ഷക്കണക്കിനു പേരുണ്ട് രാജ്യത്ത്. അതിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് വേവലാതിയാണിപ്പോള്‍ ഇടപാടുകാര്‍ക്കെല്ലാം. നിക്ഷേപത്തിന് ബേങ്കുകളെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ വന്‍കുറവ് വരുത്താന്‍ ഇത് ഇടവരുത്തുകയും മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കുകയും ചെയ്യും. ബേങ്കിംഗ് മേഖലയിലെ ഈ പ്രതിസന്ധിയെ അനുദിനം മോശപ്പെട്ടു വരുന്ന രാജ്യത്തിന്റെ സാമ്പത്തിക മേഖലയുമായി കൂട്ടിവായിക്കുമ്പോള്‍ കൂടുതല്‍ ആശങ്കാജനകമാണ്. നാം പ്രതീക്ഷിക്കാത്ത ദൂരവ്യാപക പ്രത്യാഘാതങ്ങളിലേക്കാണ് ഇത് രാജ്യത്തെ കൊണ്ട് പോകുന്നതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. സാമ്പത്തിക മേഖല പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോള്‍ വ്യക്തമായ തീരുമാനം എടുക്കാന്‍ കെല്‍പ്പുറ്റ വിദഗ്ധരോ അനുഭവ പരിചയം ഉള്ളവരോ ഇന്ന് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയില്‍ ഇല്ല താനും.
2018ലെ ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യയെ കാര്യമായി ബാധിക്കാത്തതിനു പിന്നില്‍ രാജ്യത്തെ ബേങ്കുകള്‍ക്ക് കൂടി മോശമല്ലാത്ത പങ്കുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍ അത്തരമൊരു പ്രതിസന്ധി ഉണ്ടായാല്‍ അതിനെ പ്രതിരോധിക്കാന്‍ രാജ്യത്തിനു കരുത്തില്ല. ബേങ്കിംഗ് മേഖലയുടെ ചട്ടങ്ങളില്‍ പൊളിച്ചെഴുത്താണ് ഇതിനു പരിഹാരം. ബേങ്കുകളടക്കം രാജ്യത്തെ പൊതുമേഖലയെ കൊള്ളയടിക്കുന്ന കോര്‍പറേറ്റുകള്‍ക്ക് വായ്പകള്‍ അനുവദിക്കുന്നതില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും അവ യഥാസമയം തിരിച്ചു പിടിക്കുന്നതിന് കര്‍ശനമായ ചട്ടങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം. ഭരണകൂടത്തിന് ഇത് നടപ്പാക്കാനുള്ള ഇച്ഛാശക്തിയും വേണം.