Connect with us

Kerala

സര്‍വേ ഡയറക്ടറെ സ്ഥലം മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി; പ്രതിഷേധിച്ച് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ദീര്‍ഘാവധിയില്‍ പ്രവേശിച്ചു

Published

|

Last Updated

തിരുവനന്തപുരം | സര്‍വേ ഡയറക്ടര്‍ വി ആര്‍ പ്രേംകുമാറിനെ സ്ഥലംമാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി. പ്രേംകുമാറിനെ ഡയറക്ടര്‍ സ്ഥാനത്തു നിലനിര്‍ത്തണമെന്ന റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വി വേണുവിന്റെ ആവശ്യം തള്ളിയാണു സര്‍ക്കാര്‍ നടപടി. ഗിരിജ ഐഎഎസാണ് പുതിയ സര്‍വേ ഡയറക്ടര്‍.

ഇതിന് പിറകെ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി വേണു അവധിയില്‍ പ്രവേശിച്ചു. ചീഫ് സെക്രട്ടറി ടോം ജോസഫിന നേരിട്ട് കണ്ടാണ് ദീര്‍ഘ അവധിക്ക് കത്ത് നല്‍കിയത്.

വി ആര്‍ പ്രേംകുമാറിനെ സ്ഥലംമാറ്റിയ മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വി വേണു ചീഫ് സെക്രട്ടറിക്കു കത്തു നല്‍കിയിരുന്നു. പ്രകോപനമോ മറ്റു കാരണങ്ങളോ ഇല്ലാതെ സര്‍വേ ഡയറക്ടറെ മാറ്റിയ നടപടി ഐഎഎസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുമെന്നു കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

റവന്യുവകുപ്പു മേധാവിയെന്ന നിലയില്‍ തന്റെ ടീമില്‍ പെട്ട ഉദ്യോഗസ്ഥരുടെ മനോവീര്യത്തെ ബാധിക്കുന്ന ഈ പ്രശ്‌നം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ തനിക്ക് ഉത്തരവാദിത്വമുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയുടെയും ആവശ്യമെങ്കില്‍ മന്ത്രിസഭയുടെയും ശ്രദ്ധയില്‍പ്പെടുത്തി പിന്‍വലിപ്പിക്കാന്‍ ചീഫ് സെക്രട്ടറി തയാറാകണം. അദ്ദേഹത്തെ സര്‍വേ ഡയറക്ടറായി തുടരാന്‍ അനുവദിക്കണമെന്നും വേണു കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

സര്‍ക്കാര്‍ നടപടിക്കെതിരേ ഐഎഎസ് ഓഫീസേഴ്‌സ് അസോസിയേഷനും പ്രമേയം പാസാക്കിയിരുന്നു. സിവില്‍ സര്‍വീസ് ബോര്‍ഡിന്റെ മാര്‍ഗനിര്‍ദേശങ്ങളും നടപടിക്രമങ്ങളും പാലിച്ചാണ് ഐഎഎസ് ഉദ്യോഗസ്ഥനെ മാറ്റേണ്ടതെന്നും ഐഎഎസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതെല്ലാം തള്ളിയാണ് പ്രേംകുമാറിനെ സ്ഥലംമാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.