Connect with us

Kerala

വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ പോലീസ് നടപടിയെടുക്കുമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍

Published

|

Last Updated

പത്തനംതിട്ട | കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങിയാല്‍പോലീസ് നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ പി ബി നൂഹ്. ജില്ലയില്‍ പുതിയ കോവിഡ് ബാധയൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 12 പേരുടെ സാമ്പിളുകളുടെ പരിശോധന ഫലം ഇന്ന് ലഭിക്കുമെന്നും കലക്ടര്‍ പറഞ്ഞു.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരില്‍ മനപ്പൂര്‍വം പുറത്തിറങ്ങി നടക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വൈറസ് ബാധ സംശയിച്ച് വീട്ടില്‍ കഴിയുന്നവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഈ പട്ടിക എസ് പിക്ക് കൈമാറിയിട്ടുമുണ്ട്. ഇന്നു മുതല്‍ പോലീസിന്റെ നടപടി ഉണ്ടാകും. അവര്‍ വീട്ടില്‍ത്തന്നെ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തും. വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം എത്തിച്ചുനല്‍കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്നും കലക്ടര്‍ പറഞ്ഞു.

പത്തനംതിട്ട ജില്ലയില്‍ 900 ആളുകളാണ് ഇപ്പോള്‍ വീടുകളില്‍ നീരീക്ഷണത്തില്‍ കഴിയുന്നത്. 28 പേര്‍ ആശുപത്രികളിലുമുണ്ട്. ഇതില്‍ രോഗബാധ സ്ഥിരീകരിച്ചത് ഏഴ് പേര്‍ക്ക് മാത്രമാണ്.

ജില്ലയില്‍ ഇനി പരിശോധനാ ഫലം വരാനുള്ളത് 24 സാമ്പിളുകളുടേതാണ്. ഇതില്‍ 12 പേരുടെ ഫലം ഇന്ന് വരും. ബാക്കി നാളെയായിരിക്കും ലഭിക്കുക. രോഗികള്‍ സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്തുവിട്ടതിനെ തുടര്‍ന്ന് 30ഓളം പേര്‍ ചൊവ്വാഴ്ച രാത്രിയില്‍ ബന്ധപ്പെട്ടിരുന്നു. ഇന്ന് വലിയ തോതില്‍ ഫോണ്‍കോളുകള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.