Connect with us

Gulf

ബേങ്ക് ലോണില്‍ നിന്ന് രക്ഷപ്പെടാന്‍ വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയയാള്‍ക്ക് തടവും പിഴയും

Published

|

Last Updated

ദുബൈ |ബേങ്ക് ലോണില്‍ നിന്ന് രക്ഷപ്പെടാനായി സ്വന്തം പേരില്‍ വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച കേസില്‍ അഞ്ച് വര്‍ഷം തടവും ഏഴ് ലക്ഷം ദിര്‍ഹം പിഴയും. ജിസിസി പൗരനായ പ്രതിക്കെതിരെ ദുബൈ ക്രിമിനല്‍ കോടതിയാണ് കഴിഞ്ഞദിവസം ശിക്ഷ വിധിച്ചത്. കേസില്‍ രണ്ടാംപ്രതിയായ ഇയാളുടെ പിതാവിന് ഒരു വര്‍ഷം തടവും ഏഴ് ലക്ഷം പിഴയും മൂന്നാം പ്രതിയായ ഭാര്യക്ക് മൂന്ന് മാസം തറ്റവും 10.97 ലക്ഷം ദിര്‍ഹം പിഴയും വിധിച്ചിട്ടുണ്ട്.

ജോലിയില്‍ നിന്ന് പിരിച്ചിവിടപ്പെട്ടപ്പോള്‍, പ്രാദേശിക ബേങ്കില്‍ നിന്നെടുത്തിരുന്ന ഏഴ് ലക്ഷം ദിര്‍ഹം വരുന്ന വ്യക്തിഗത ലോണിന്റെ തിരിച്ചടവ് നടക്കാതെവന്നപ്പോള്‍, ലോണില്‍ നിന്ന് രക്ഷപ്പെടാന്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു സ്വന്തം പേരില്‍ മരണ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കുകയെന്നത്. ഇതിനായി ഒന്നാം പ്രതി ജിസിസിയിലെ ഒരു രാജ്യത്തെത്തുകയും അവിടെയുള്ള ഒരു സുഹൃത്തിനെ ഉപയോഗപ്പെടുത്തി തന്റെ “”മരണ സര്‍ട്ടിഫിക്കറ്റ്”” ഒപ്പിക്കുകയുമായിരുന്നു.
താനുള്ള രാജ്യത്തേക്ക് കേസിലെ രണ്ടാംപ്രതിയായ പിതാവിനെ വിളിച്ചുവരുത്തുകയും സര്‍ട്ടിഫിക്കറ്റ് കൈമാറുകയും ബേങ്കില്‍ നല്‍കി ലോണ്‍ എഴുതിത്തള്ളാന്‍ ആവശ്യപ്പെടണമെന്ന് ഏല്പിക്കുകയുംചെയ്തു. ഇതിനുപുറമെ മരണ സര്‍ട്ടിഫിക്കറ്റ് ഉപയോഗപ്പെടുത്തി മൂന്നാംപ്രതിയായ ഭാര്യ തന്റെ “അനാഥകളായ” മക്കളുടെപേരില്‍ ദുബൈയിലെ ഒരു സര്‍ക്കാര്‍ വകുപ്പില്‍ നിന്ന് 10.97 ലക്ഷം ദിര്‍ഹവും സംഘടിപ്പിച്ചു.

ദുബൈയില്‍ നിന്നെടുത്ത ലോണ്‍ സംഖ്യ ഒരു ജിസിസി രാജ്യത്ത് വ്യാപാര സംരംഭത്തില്‍ നിക്ഷേപിച്ചെങ്കിലും അത് നഷ്ടത്തില്‍ കലാശിക്കുകയായിരുന്നു. ഒരേ സമയം ജോലി നഷ്ടപ്പെടുകയും നിക്ഷേപം നഷ്ടത്തിലാവുകയും ചെയ്തതോടെ ലോണ്‍ തിരിച്ചടവ് പ്രതിസന്ധിയിലായതാണ് വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിപ്പിച്ചതെന്ന് വിചാരണക്കിടെ ഒന്നാംപ്രതി സമ്മതിച്ചുവെന്ന് രേഖകള്‍ പറയുന്നു.
മരണ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാന്‍ മകനുള്ള രാജ്യത്തെത്തിയ പിതാവ്, ശ്രമം ഉപേക്ഷിച്ച് ദുബൈയിലേക്ക് തന്നെ തന്റെകൂടെ മടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും മകന്‍ അതിനു കൂട്ടാക്കിയില്ലെന്ന് പിതാവ് മൊഴിനല്‍കി.

മകന്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് ബേങ്കില്‍ നല്‍കിയതോടൊപ്പം രാജ്യത്തെ ജനനമരണ രജിസ്റ്റര്‍ അതോറിറ്റിയില്‍ സമര്‍പിക്കുകയും ചെയ്ത് മകന്റെ “”മരണം”” ഉറപ്പുവരുത്തിയതായും പിതാവ് ഏറ്റുപറഞ്ഞു. നടപടികള്‍ക്കുശേഷം ഇയാളുടെ പേരിലുള്ള ലോണ്‍ എഴുതുത്തള്ളുകയായിരുന്നു. ഒന്നാം പ്രതിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഭാര്യ മരണ സര്‍ട്ടിഫിക്കറ്റ് ഉപയോഗപ്പെടുത്തി മക്കളുടെപേരില്‍ സര്‍ക്കാര്‍ സഹായം സംഘടിപ്പിച്ചത്. ഒന്നാംപ്രതി മറ്റൊരു അയല്‍രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിടെ അതിര്‍ത്തിയില്‍ പിടിക്കപ്പെട്ടതോടെയാണ് കാര്യങ്ങളെല്ലാം തലകീഴായി മറിഞ്ഞത്. നേരത്തെ മദ്യപാനം ഉള്‍പെടെയുള്ള കേസുകളില്‍ ഒരുമാസക്കാലം ഇയാള്‍ ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു.