കട്ട്, കോപ്പി, പേസ്റ്റ് വിപ്ലവം

കമ്പ്യൂട്ടർ രംഗത്തെ പുതുവിപ്ലവമായി കടന്നുവന്ന കട്ട്, കോപ്പി, പേസ്റ്റിന്റെ ഉപജ്ഞാതാവായ, ലോകത്ത് ബഹുഭൂരിപക്ഷത്തിനും കമ്പ്യൂട്ടർ അടുത്തുകാണാൻ പോലും  സാധിക്കാത്ത 1960കളിൽ ലോക കമ്പ്യൂട്ടിംഗ് തലസ്ഥാനമായ സിലിക്കൻവാലിയിലെ സാങ്കേതികവിദ്യാ കമ്പനികളിൽ പ്രവർത്തിച്ച ഈയിടെ വിടവാങ്ങിയ ലോറൻസ് ഗോർഡൻ ടെസ്‌ലറെക്കുറിച്ച്
Posted on: March 8, 2020 6:04 pm | Last updated: March 8, 2020 at 6:04 pm

ഹൈസ്‌കൂൾ പഠനകാലത്തുതന്നെ കമ്പ്യൂട്ടർ പ്രോഗ്രാമുകളിലടക്കം അനായാസം കൈകാര്യം ചെയ്യാൻ പ്രാപ്തി നേടി തന്റെ പഠനകാലത്തിനിടക്ക് ലോകത്തിന്റെ ചലനത്തെത്തന്നെ മാറ്റിമറിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ ചിന്ത ലോകത്തിനു സമർപ്പിച്ചത്. കമ്പ്യൂട്ടർ രംഗത്തെ പുതുവിപ്ലവമായി കടന്നുവന്ന കട്ട്, കോപ്പി, പേസ്റ്റിന്റെ ഉപജ്ഞാതാവായ, ലോകത്ത് ബഹുഭൂരിപക്ഷത്തിനും കമ്പ്യൂട്ടർ അടുത്തുകാണാൻ പോലും സാധിക്കാത്ത 1960കളിൽ ലോക കമ്പ്യൂട്ടിംഗ് തലസ്ഥാനമായ സിലിക്കൺവാലിയിലെ പ്രധാനപ്പെട്ട സാങ്കേതികവിദ്യാ കമ്പനികളിൽ പ്രവർത്തിച്ച ലോറൻസ് ഗോർഡൻ ടെസ്‌ലർ എന്ന ലാറി ടെസ്‌ലർ എന്നറിയപ്പെടുന്ന ബുദ്ധികേന്ദ്രത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. കമ്പ്യൂട്ടർ ഉപയോഗത്തെ അനിർവചനീയമാം വിധം ലഘൂകരിച്ചുതന്ന ഈ കണ്ടുപിടിത്തം ലോകതലത്തിൽ കമ്പ്യൂട്ടറിന്റെ സാധ്യതകളെ കൂടുതൽ തുറസ്സാക്കുന്നതായി മാറി. കട്ട്, കോപ്പി, പേസ്റ്റ് എന്നീ ഓപ്ഷനുകളില്ലാത്ത അവസ്ഥയെപ്പറ്റി ചിന്തിക്കാൻ പോലും നമുക്കാകില്ല. ആ പരിമിതിയെ തള്ളിനീക്കുന്നതായിരുന്നു അമേരിക്കക്കാരനായ ലാറി ടെസ്‌ലറിന്റെ വിപ്ലവകരമായ കണ്ടുപിടിത്തം.

ആരംഭം അൽഗോരിതത്തിൽ

1945 ഏപ്രിൽ 24ന് ന്യൂയോർക്ക് സിറ്റിയിലെ ബ്രോങ്ക്‌സിലാണ് ലാറി ടെസ്‌ലറിന്റെ ജനനം. ബ്രോങ്ക്‌സിൽ തന്നെയായിരുന്നു അദ്ദേഹം കുട്ടിക്കാലം ചെലവഴിച്ചത്. 1961ൽ ബ്രോങ്ക്‌സ് ഹൈസ്‌കൂൾ ഓഫ് സയൻസിൽ നിന്ന് ബിരുദം കരസ്ഥമാക്കി. ഏകദേശം 1950കളോടെ ടെസ്‌ലർക്ക് കമ്പ്യൂട്ടർ മേഖലയോട് ആകൃഷ്ടത കൈവന്നിരുന്നു. കമ്പ്യൂട്ടർ ഉപയോഗപ്പെടുത്തി തിരഞ്ഞെടുപ്പ് ഫലം പ്രവചിക്കാനാകുമെന്ന് കേട്ടതാണ് കമ്പ്യൂട്ടറുകളെക്കുറിച്ച് കൂടുതൽ പഠിക്കാൻ പ്രാപ്തനാക്കിയത്. ഹൈസ്‌കൂൾ പഠനകാലത്തായിരുന്നു ടെസ്‌ലറുടെ ഉള്ളിലെ ശാസ്ത്രജ്ഞൻ ഉണർന്നുതുടങ്ങിയത്. പ്രൈം നമ്പറുകൾ സൃഷ്ടിക്കുന്നതിനുള്ള ഒരു അൽഗോരിതം ടീച്ചറെ കാണിച്ചതോടെ അദ്ദേഹത്തിലെ കഴിവിനെ തിരിച്ചറിഞ്ഞ അധ്യാപകർ ടെസ്‌ലറെ കമ്പ്യൂട്ടർ പഠനത്തിലേക്ക് തിരിച്ചു. തുടർന്ന് കമ്പ്യൂട്ടർ പ്രോഗ്രാമുകളെക്കുറിച്ചും മറ്റും കൂടുതൽ മനസ്സിലാക്കിയ അദ്ദേഹം, തന്റെ കോളജ് പഠനത്തിന് മുമ്പായിത്തന്നെ പ്രോഗ്രാമിംഗ് വശപ്പെടുത്തിയിരുന്നു. 1961ൽ തന്റെ 16ാം വയസ്സിൽ കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിൽ ചേർന്ന അദ്ദേഹം 1965ൽ ഗണിതശാസ്ത്രത്തിൽ ബിരുദം നേടി. ഇതേസമയം തന്നെ ഈ സർവകലാശാലയിലെ പ്രോഗ്രാമറായി പ്രവർത്തിക്കുകയും ചെയ്തു.
കോളജ് പഠനകാലത്ത് ചില പ്രോഗ്രാമിംഗ് ജോലികൾ ചെയ്ത് തന്റെ വൈദഗ്ധ്യം ഉറപ്പുവരുത്തിയ ശേഷം പ്രോഗ്രാമിംഗ് കൺസൾട്ടന്റായി ജോലിതേടി. തന്റെ മികവുകൊണ്ടുതന്നെ നല്ലൊരു ജോലിയും ലഭിച്ചു. കൂടാതെ, സ്റ്റാൻഫോർഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലബോറട്ടറിയിലും ടെസ്‌ലർ ജോലിചെയ്തിട്ടുണ്ട്. 1960കളുടെ അന്ത്യത്തിലായിരുന്നു ഇത്. സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്നുതന്നെയാണ് കമ്പ്യൂട്ടർ സയൻസും പഠിച്ചത്.

 

പഠനത്തോടൊപ്പം പ്രക്ഷോഭങ്ങളിലും

സ്റ്റാൻഫോർഡിൽ ചെലവഴിച്ച കാലത്ത് 1960കളിൽ നടന്ന വിയറ്റ്‌നാം യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങളിലും കോർപ്പറേറ്റ്‌വിരുദ്ധ പോരാട്ടങ്ങളിലും മുന്നണിപ്പോരാളിയായി ടെസ്‌ലർ തന്റെ സാന്നിധ്യമറിയിച്ചിരുന്നു. ആദ്യകാല സിംഗിൾ അസൈൻമെന്റ് ഭാഷയായ കോമ്പൽ രൂപകൽപ്പന ചെയ്തത് ടെസ്‌ലറാണ്. തുടക്കക്കാർക്ക് പ്രോഗ്രാമിംഗ് ആശയങ്ങൾ അവതരിപ്പിക്കാൻ ഏറെ ഉപകരിച്ച ഈ ഫംഗ്ഷനൽ പ്രോഗ്രാമിംഗ് ഭാഷ, കൺകറന്റ് പ്രോസസ്സിംഗിന് കൂടുതൽ സാധാരണത്വം നൽകുന്നത് ലക്ഷ്യംവെച്ചുള്ളതാണ്.

കട്ട്, കോപ്പി, പേസ്റ്റ്

1973ൽ ടെസ്‌ലർ സെറോക്‌സ് പാലോ ആൾട്ടോ റിസർച്ച് സെന്ററിൽ ജോലിയിൽ പ്രവേശിച്ചു. തുടർന്നങ്ങോട്ട് കമ്പ്യൂട്ടർ ടെക്‌നോളജിയെ മാറ്റിമറിക്കുന്ന നിരവധി ഗവേഷണങ്ങളും കണ്ടെത്തലുകളുമാണ് ടെസ്‌ലർ നടത്തിയത്. മൗസ് നിയന്ത്രിത ആദ്യ യൂസർ ഇന്റർഫേസ് വികസിപ്പിക്കുന്നതും പേഴ്‌സനൽ കമ്പ്യൂട്ടിംഗിൽ നിരവധി ഗവേഷണങ്ങളും പഠനങ്ങളും നടക്കുന്നതും ഈ സമയത്താണ്.
ഇതേ കാലയളവിൽ ടിം മൊട്ട് എന്ന തന്റെ സഹപ്രവർത്തകനുമായി ചേർന്ന് ടെസ്‌ലർ ‘ജിപ്‌സി’ എന്ന വേർഡ് പ്രൊസസറിന് രൂപംകൊടുത്തു. ഇതിലാണ് കട്ട്, കോപ്പി, പേസ്റ്റ് എന്നീ ഓപ്പറേഷനുകൾ ആദ്യമായി ഉപയോഗിക്കുന്നത്. പിന്നീടിത് റിമൂവ് ചെയ്യാനും ഡ്യൂപ്ലിക്കേറ്റിംഗിനും റീ പൊസിഷനിംഗിനുമുള്ള ജനകീയ കമാന്റായി മാറുകയായിരുന്നു. ഇതിനൊക്കെ പുറമെ കമ്പ്യൂട്ടർ രംഗത്തെ കൂടുതൽ കണ്ടുപിടിത്തങ്ങൾക്ക് ടെസ്‌ലർ കാരണമായിട്ടുണ്ട്. ഇന്നും ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന കമ്പ്യൂട്ടർ കമാൻഡുകളാണ് ടെസ്‌ലറുടേത്.

ആപ്പിളിലൂടെ കടന്ന് ആമസോൺ, യാഹു…

1980 മുതൽ ടെസ്‌ലറുടെ ജീവിതം ആപ്പിളിലായിരുന്നു. സ്റ്റീവ് ജോബ്സിന്റെ ക്ഷണപ്രകാരമാണ് ടെസ്‌ലറുടെ ഈ അരങ്ങേറ്റം. ആപ്പിളിന്റെ യൂസർ ഇന്റർഫേസ് വികസിപ്പിക്കുന്നതിലെ പ്രധാന പങ്ക് ഇദ്ദേഹത്തിനാണ്. സ്‌കൂൾ കുട്ടികളുടെ ഉപയോഗം ലക്ഷ്യമാക്കി ടെസ്‌ലർ ആപ്പിളിൽ അവസാനമായി നിരീക്ഷിച്ച പ്രോഗ്രാമുകളിലൊന്നാണ് കൊക്കോ എന്ന പ്രോഗ്രാമിംഗ് ഭാഷ. ആപ്പിളിൽ ചീഫ് സയന്റിസ്റ്റ് തസ്തികയടക്കം നിരവധി ഉയർന്ന പദവികൾ അലങ്കരിച്ചു. റിസർച്ച് സെന്ററുകളിൽ ഒതുങ്ങിയിരുന്ന കമ്പ്യൂട്ടറുകളെ വീടിന്റെ അകത്തളങ്ങളിലേക്ക് എത്തിക്കുന്നതിൽ പങ്കുവഹിച്ച ശാസ്ത്രജ്ഞരിൽ പ്രധാനിയാണ് ടെസ്‌ലർ.
1997 വരെ ആപ്പിളിൽ പ്രവർത്തിച്ചതിന് ശേഷം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പിന് തുടക്കം കുറിച്ചു. കുട്ടികൾക്കുവേണ്ടിയുള്ള ലളിതമായ പല പ്രോഗ്രാമിംഗ് കൺസെപ്റ്റുകളും വികസിപ്പിച്ചത് ഇതിൽപ്പെട്ടതാണ്. തുടർന്ന് 2001 ഒക്ടോബറിൽ ആമസോണിൽ ചേർന്ന അദ്ദേഹത്തെ തുടക്കകാലത്തു തന്നെ എൻജിനീയറിംഗ് വൈസ് പ്രസിഡന്റായി നിയമിക്കുകയുണ്ടായി. തുടർന്ന് സ്ഥാനക്കയറ്റം ലഭിച്ചു. ഈ സമയത്ത് ആമസോൺ വെബ്‌സൈറ്റ് ഇന്റർഫേസ് മെച്ചപ്പെടുത്താൻ സഹായിക്കുകയും പുസ്തക പ്രിവ്യൂ പ്രോഗ്രാം വികസിപ്പിക്കുകയും ചെയ്തു. ആമസോണിൽ നിന്ന് പിരിഞ്ഞശേഷം യാഹുവടക്കമുള്ള പ്രമുഖ കമ്പ്യൂട്ടർ കമ്പനികളിലായി കുറഞ്ഞകാലം പ്രവർത്തിച്ചു. കമ്പ്യൂട്ടർ എല്ലാവർക്കും എന്ന വിശാലവീക്ഷണമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. കഴിഞ്ഞ ഫെബ്രുവരി 16ന് കാലിഫോർണിയയിലെ പോർട്ടോളവാലിയിൽ തന്റെ 74ാം വയസ്സിൽ വിടപറഞ്ഞു. അവസാനകാലത്ത് താൻ ആർജിച്ച അറിവുകൾ മറ്റുള്ളവരിലേക്ക് കൈമാറാനാണ് അദ്ദേഹം തന്റെ സമയം ചെലവഴിച്ചത്.