Connect with us

Covid19

 പ്രവാസി കുടുംബത്തിന്റേത് ഗുരുതര വീഴ്ച; വിമാനത്താവളത്തില്‍നിന്നും കബളിപ്പിച്ച് കടന്നു: സ്വരം കടുപ്പിച്ച് ആരോഗ്യമന്ത്രി

Published

|

Last Updated

പത്തനംതിട്ട | ഇറ്റലിയില്‍നിന്നു മടങ്ങിയെത്തിയ മൂന്ന് പേര്‍ക്കും അവരുടെ രണ്ട് ബന്ധുകള്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സംഭവത്തില്‍ വിദേശത്തു നിന്നും വന്നവരുടെ ഭാഗത്ത് നിന്നുണ്ടായത് അതീവ ഗുരുതരവീഴ്ചയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഫെബ്രുവരി 28ന് വെനീസില്‍ നിന്നും ദോഹയില്‍ എത്തിയ രോഗബാധിതരായ ദമ്പതികളും ഇവരുടെ മകനും അവിടെ നിന്നും മറ്റൊരു വിമാനത്തിലാണ് കൊച്ചിയിലെത്തിയത്.

കൊറോണ വൈറസ് ബാധയുള്ള രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ആ വിവരം വിമാനത്താവളത്തില്‍ അറിയിച്ച് പരിശോധന നടത്തി വേണം പുറത്തിറങ്ങാന്‍ എന്ന് നേരത്തെ തന്നെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഇപ്പോള്‍ രോഗബാധ സ്ഥിരീകരിച്ചവരില്‍ ഇറ്റലിയില്‍നിന്നെത്തിയവര്‍ കൊച്ചി വിമാനത്താവളത്തില്‍ പരിശോധനക്ക് തയ്യാറായില്ല. അധികൃതരെ കബളിപ്പിച്ച് വിമാനത്താവളത്തില്‍ നിന്നും ഇറങ്ങിയ ഇവരെ സ്വീകരിക്കാന്‍ പത്തനംതിട്ട സ്വദേശികളായ രണ്ട് ബന്ധുക്കള്‍ എത്തിയിരുന്നു. തുടര്‍ന്ന് സ്വകാര്യകാറില്‍ ഇവര്‍ അഞ്ച് പേരും കൂടി പത്തനംതിട്ടയിലേക്ക് തിരിച്ചു. മാര്‍ച്ച് ഒന്നിന് രാവിലെ 8.20ഓടെ കൊച്ചിയില്‍ എത്തിയ ഇവര്‍ മാര്‍ച്ച് ആറ് വരെ പത്തനംതിട്ടയില്‍ പലഭാഗത്തുമായി സഞ്ചരിക്കുകയും നിരവധി പേരുമായി ഇടപഴകുകയും ചെയ്തിട്ടുണ്ട് ഇവരെയല്ലാം കണ്ടെത്തുക എന്ന ഭഗീരഥ പ്രയത്‌നമാണ് ഇപ്പോള്‍ ആരോഗ്യവകുപ്പിന് മുന്‍പിലുള്ളത്. ദോഹയില്‍ നിന്നും കൊച്ചിയിലേക്ക് ഇവര്‍ വന്ന വിമാനത്തില്‍ തന്നെ 350-ഓളം പേരുണ്ടായിരുന്നു എന്നാണ് വിവരം.

പ്രവാസികുടുംബം വിമാനത്താവളത്തില്‍ വച്ചു തന്നെ പരിശോധനയോട് സഹകരിച്ചിരുന്നുവെങ്കില്‍ കാര്യങ്ങള്‍ ഇത്ര സങ്കീര്‍ണമാവില്ലായിരുന്നു- മന്ത്രി പറഞ്ഞു. . തീര്‍ത്തും നിരുത്തരവാദിത്തപരമായ പെരുമാറ്റമാണ് രോഗബാധിതരില്‍ നിന്നുമുണ്ടായത്. എന്നാല്‍ രോഗികളായ സ്ഥിതിക്ക് അവരുടെ ജീവന്‍ രക്ഷിക്കാനാണ് നമ്മള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ആരോഗ്യവകുപ്പിന് ഒന്നും മറച്ചു വയ്ക്കാനാവില്ല. പരിശോധനകളുമായി സഹകരിച്ചാല്‍ ആര്‍ക്കും ഒന്നും നഷ്ടപ്പെടാനില്ല. ചെറിയ ചെറിയ ബുദ്ധിമുട്ടുകള്‍ മാത്രമേ എല്ലാവര്‍ക്കും ഉണ്ടാവൂ.

രോഗവിവരം അവര്‍ നേരത്തെ പറഞ്ഞിരുന്നുവെങ്കില്‍ അവര്‍ക്കും സമൂഹത്തിനും അതു ഗുണം ചെയ്‌തേനെ. ഇതിപ്പോള്‍ എത്ര ആളുകളാണ് ഇനി ആശങ്കയോടെ ജീവിക്കേണ്ടത്. എത്രയോ ദിവസങ്ങളായി ഊണും ഉറക്കവും ഉപേക്ഷിച്ച്ആരോഗ്യപ്രവര്‍ത്തകര്‍ കൊറോണ വൈറസിനെതിരെ പോരാടിക്കുകയാണ് അവരോട് സഹകരിക്കാതെ ഇങ്ങനെയുള്ള ഉപദ്രവം ഉണ്ടാക്കി വയ്ക്കുന്നത് എന്തിനാണെന്നും മന്ത്രി ചോദിച്ചു.