Connect with us

Covid19

പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; മൂന്ന് പേര്‍ ഇറ്റലിയില്‍നിന്നെത്തിയവര്‍

Published

|

Last Updated

തിരുവനന്തപുരം  |സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയിലുള്ളവര്‍ക്കാണ് രോഗം കണ്ടെത്തിയിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ഇറ്റലിയില്‍നിന്നും എത്തിയ റാന്നി ഐത്തല സ്വദേശികളായ മൂന്ന് പേര്‍ക്കും നാട്ടിലുള്ള ഇവരുടെ രണ്ട് ബന്ധുക്കള്‍ക്കുമാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. ഇറ്റലിയില്‍നിന്നും എത്തിയവരില്‍നിന്നാണ് ബന്ധുക്കളായ രണ്ട് പേര്‍ക്ക് രോഗം ബാധിച്ചതെന്നും മന്ത്രി പറഞ്ഞു. അഞ്ച് പേരെയും ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.

കഴിഞ്ഞ മാസം 29നാണ് ഇവര്‍ ഇറ്റലിയില്‍നിന്നും എത്തിയത്. എന്നാല്‍ ഇവര്‍ ഇക്കാര്യം ആരോഗ്യവകുപ്പിനെ അറിയിച്ചില്ല. ചികിത്സയുമായി സഹകരിക്കാനും ഇവര്‍ തയ്യാറായില്ലെന്നും മന്ത്രി പറഞ്ഞു. ഇറ്റലിയില്‍നിന്നും ഖത്തര്‍ എയര്‍വേസിന്റെ വെനീസ്- ദോഹ ക്യുആര്‍ 126 വിമാനത്തില്‍ ദോഹയിലെത്തിയ ഇവര്‍ കൊച്ചിയിലെത്തിയത് ഖത്തര്‍ എയര്‍വേസിന്റെ വിമാനത്തിലാണ് . ഇവരോടൊപ്പം വിമാനത്തില്‍ യാത്ര ചെയ്തവരും ജാഗ്രത പാലിക്കണമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
തിരുവനന്തപുരത്ത് അടിയന്തര യോഗം ചേര്‍ന്ന ശേഷമാണ് മന്ത്രി വാര്‍ത്താസമ്മേളനം നടത്തിയത്.

ശനിയാഴ്ച രാത്രിയോടെയാണ് ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ട് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിച്ചതെന്നാണ് വിവരം.
കഴിഞ്ഞ മാസം 29നാണ്് 55 കാരനും ഭാര്യയും 24 കാരനായ മകനും ഇറ്റലിയില്‍ നിന്നെത്തിയത്. ഇയാളുടെ മൂത്ത സഹോദരന് പനി വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് കൊറോണബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ഇവരുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുകയും ഇറ്റലിയില്‍ നിന്ന് വന്നവരേയും ഭാര്യയേയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവരുടെ ശരീര സ്രവങ്ങള്‍ പരിശോധനക്കയക്കുകയായിരുന്നു.ഇവരുമായി ബന്ധപ്പെട്ടവര്‍ നിലവില്‍ നിരീക്ഷണത്തിലാണ്.

ആറ്റുകാല്‍ പൊങ്കാല നടക്കുകയാണ്. ഇത്രയും മാസങ്ങള്‍ നടത്തിയ ഒരുക്കങ്ങള്‍ ഉള്ളതിനാല്‍ നിര്‍ത്തി വയ്ക്കേണ്ടതില്ലെന്നാണ് തീരുമാനം. രോഗലക്ഷണങ്ങളുള്ളവര്‍ ആരും പൊങ്കാല ഇടാന്‍ വരരുത്. രോഗ ബാധിത രാജ്യങ്ങളില്‍ നിന്നും വന്നവര്‍ വീട്ടില്‍ തന്നെ പൊങ്കാലയിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊങ്കാലയിടാനെത്തുന്നവരുടെ വീഡിയോ ക്ലിപ്പിംഗ് അടക്കം എടുക്കുന്നതാണ്. എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ സമ്പര്‍ക്കത്തിലുള്ള ആളുകളെ കണ്ടെത്താന്‍ ഇത് എളുപ്പമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നേരത്തെ മൂന്ന് പേര്‍ക്ക് കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചിരുന്നു. ചൈനയില്‍ നിന്നെത്തിയവരായിരുന്നു ഈ മൂന്ന് പേരും. രോഗമുക്തി നേടിയ ശേഷം ഇവരെ വിട്ടയക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ ദിവസത്തെ കണക്കുകളനുസരിച്ച് കേരളത്തിലാകമാനം 637 പേരാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. 26 പേരായിരുന്നു പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍.ഇന്ത്യയില്‍ ഇതുവരെ 34 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിലെ അഞ്ചു കേസുകള്‍ കൂടി ആകുമ്പോള്‍ ഇത് 39 ആയി ഉയരും.

---- facebook comment plugin here -----

Latest