Connect with us

National

ചാരത്തിന്റെ മണമുള്ള കജൂരി ഖാസിലൂടെ

Published

|

Last Updated

ഇന്നലെ ജുമുഅ കജൂരി ഖാസിലായിരുന്നു. കലാപാനന്തര ഡൽഹിയിലെ കജൂരിക്ക് ചാരത്തിന്റെ മണമാണ്. എല്ലാം കരിമയം. സർവ്വതും വെണ്ണീരായ ഇവർക്ക് ബാക്കിയുള്ളത് ജീവൻ മാത്രം. മുസ്ലിം ന്യൂനപക്ഷ ദേശമായ പക്കീ കജൂരിയിൽ ഏകദേശം നൂറിൽ പരം മുസ്‌ലിം വീടുകളാണുള്ളത്.

ഇതിൽ തൊണ്ണൂറു ശതമാനവും കത്തിച്ചാമ്പലായിരിക്കുന്നു. ബാക്കിയുള്ളവ മുച്ചൂടും കൊള്ള ചെയ്യപ്പെട്ടിരിക്കുന്നു. കൂട്ടത്തിൽ തകർക്കപ്പെട്ട ഫാത്തിമ മസ്ജിദിൽ ആദ്യമായി ജുമുഅ മുടങ്ങിയത് കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു. തങ്ങൾ നെയ്തു വച്ച സ്വപ്നങ്ങളൊക്കെയും എരിഞ്ഞടങ്ങിയ കുടിയിടത്തിലേക്ക് അവർ മടങ്ങിയെത്തി. സർവ്വതും കത്തിയമർന്ന മസ്ജിദ് ആവും വിധത്തിൽ അവരിന്ന് ജുമുഅക്കായി ഒരുക്കിയെടുത്തു. എസ് എസ് എഫ് ദേശീയ ഉപാധ്യക്ഷൻ സുഹൈറുദ്ധീൻ നൂറാനിയുടെ നേതൃത്വത്തിൽ അവരിന്ന് നാഥന്റെ ഭവനത്തിൽ ഒത്തൊരുമിച്ചു. സമാധാനത്തിലും സഹവർത്തിത്വലുമൂന്നിയ സരളമായ ഉപദേശം.
ഭക്തി നിർഭരമായ പ്രാർത്ഥന. കലാപാനന്തര ഭൂമിക സമാധാനത്തിലധികമായി മറ്റെന്തു കാംഷിക്കാനാണ്.


ഒരാഴ്ച മുന്നെ അഥവാ കലാപം കെട്ടടങ്ങിയ ഉടനെ കജൂരിയിലെത്തിയ എസ് എസ് എഫ് വസ്തുതാന്വേഷണ സംഘത്തെ വരവേറ്റത് ഭീതി തളം കെട്ടിയ അന്തരീക്ഷമായിരുന്നു. എന്നാലിന്ന് അവസ്ഥയിൽ കാര്യമായ മാറ്റം വന്നു.
പലരും പകൽ സമയങ്ങളിൽ തിരികെ വന്നു തുടങ്ങി. വീട്ടകങ്ങളിൽ ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിച്ച് ശക്തമായ സ്ഫോടനങ്ങൾ സൃഷ്ടിക്കുക വഴി വീടിന്റെ മേൽക്കൂരകൾ പലതും തകർന്ന് ഉപയോഗ്യശൂന്യമായ മട്ടാണ്. മസ്ജിദിനോട് ചേർന്ന ഗല്ലിയിലെ അവസാന വീടാണ് കാലിമിന്റെത്.അദ്ദേഹത്തിന്റെ 2 ബൈക്കുകളും വീട്ടിലെ വാഷിംങ്ങ് മെഷീനും റെഫ്രിജറേറ്ററും പള്ളിക്കുള്ളിലേക്ക് വലിച്ചിട്ടാണ് തീ പകർത്തിയത്. കലാപം നടന്നിടത്തെല്ലാം സംഭവിച്ചതും ഇപ്രകാരം തന്നെ.
രണ്ട് മാസം പ്രായം മാത്രമുള്ള കുഞ്ഞു അതീഫയെയും കൊണ്ട് ചത്തുകൾ(ടെറസുകൾ) മാറിക്കയറി മരണമുഖത്തു നിന്നും രക്ഷപ്പെട്ട ഉമ്മ സിതാര കഥകൾ അയവിറക്കിയപ്പോൾ കണ്ണുകളിൽ ആ ഭയാനകത പ്രകടമായിരുന്നു.

ഫെബ്രു: ഇരുപത്തിനാലിന് ബജൻപുരയിൽ അക്രമസംഭവങ്ങൾ അരങ്ങേറിയ ദിനം തന്നെയാണ് കജൂരിയിലേക്കും അക്രമകാരികൾ വന്നത്തുന്നത്.രാത്രിയിൽ സംഘം ചേർന്ന് ഗല്ലിയുടെ തുടക്കത്തിൽ തീ വയ്പ്പിന് ശ്രമിച്ചുവെങ്കിലും ഉറങ്ങാതെ കാവിലിരുന്ന ജാഗ്രതയെ തുടർന്ന് പിൻവലിയുകയായിരുന്നു.നേരം പുലർന്ന് ഏഴ് മണിയോടെ കലാപകാരികൾ സംഘം ചേർന്ന് തിരിച്ചുവന്നു തുടങ്ങി. ആദ്യം അസഭ്യവർഷങ്ങൾ ചൊരിയുകയും ഇരുവശത്തു നിന്നും ഗല്ലി വളഞ്ഞു കൊള്ളയും തീവയ്പ്പും രായ്ക്കുരാമാനം നടന്നു. രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് മൂന്നു മണി വരെ ഈ കാപാലികത അഴിഞ്ഞാടി. തീർത്തും നിസ്സംഗരായ നിയമ പാലകർ ഈ ഒരു ആറ് മണിക്കൂർ അക്രമികൾക്ക് സൗകര്യമേകും വിധം നിഷ്ക്രിയത്വം പാലിച്ചു പോൽ. തലേ ദിവസം രാത്രി തന്നെ പ്രശ്നങ്ങളെ കുറിച്ച് വ്യക്തമായ മുന്നറിവ് ലഭിച്ചുവെങ്കിലും കലാപം ഒഴിവാക്കാനായി ഒന്നും ചെയ്യാതെ കലാപങ്ങൾക്ക് ഒത്താശ ചെയ്യുകയായിരുന്നു അവർ. ഒടുവിൽ റോഡിനു മറുവശത്തെ ചന്ദുനഗറിലെ ജനങ്ങൾ സമ്മർദ്ദം ചെലുത്തി സായുധ സേന അവരുടെ ജീവൻ മാത്രം രക്ഷിച്ചെടുക്കുകയായിരുന്നു.


വീടിന്റെ താഴ്ഭാഗം കലാപകാരികൾ കയ്യേറിയപ്പോൾ പ്രാണരക്ഷാർത്ഥം ചത്തുകളിൽ അഭയം തേടിയവരെ കാത്തിരുന്നത് ചുറ്റുഭാഗത്തെ ചത്തുകളിൽ നിന്നും അക്രമികൾ ഉതിർത്ത കല്ലു മഴകളായിരുന്നു. താഴെത്തിറങ്ങിയാൽ അക്രമികൾ വകവരുത്തും മുകളിലാണെങ്കിലോ എറിഞ്ഞു വീഴ്ത്തും. മനുഷ്യർക്കിങ്ങനെയൊക്കെ ക്രൂരനാവാനാവുമോ.അതും ഇന്നലെ വരെ ഒരുമിച്ചു കഴിഞ്ഞവർ!

കലാപകാരികൾ ആദ്യം തകർത്ത വീട് പ്രദേശത്തെ പൗരപ്രമുഖൻ മഹ്ബൂബ് ഭായിയുടേതായിരുന്നു. മസ്ജിദിൽ അഭയം തേടിയ അദ്ദേഹം, തന്നെ മറു വശത്തെ ചത്തുകൾ വഴി പിന്തുടർന്നവരോട് ചോദിച്ചുവത്രേ… “എന്താണ് നിങ്ങളുടെ ആവശ്യം?

ഇന്നേ വരെ കണ്ടു പരിചയമില്ലാത്ത 18-20 വയസ്സ് തോന്നിക്കുന്ന കലാപകാരി അദ്ദേഹത്തിന്റെ പേരെടുത്തു വിളിച്ച് “ജയ് ശ്രീരാം” വിളിക്കണമെന്നാക്രോശിച്ചുവത്രേ…


മധ്യവയസ്കനായ ഇദ്ദേഹം സാധ്യമല്ലെന്ന് അറിയിച്ചതോടെ ജീവനെടുക്കുമെന്നറിയുച്ചു. മീറ്ററുകൾ മാത്രം അകലമുള്ള ചത്തുകൾ തമ്മിൽ പോർവിളിക്കൊടുവിൽ ജീവൻ ത്യജിക്കാനും സമ്മതമെന്നറിയിച്ചതോടെ പെട്രോൾ ബോംബെറിഞ്ഞു അപായപ്പെടുത്താൻ ശ്രമിച്ചു. താടിരോമങ്ങൾ ഒരൽപ്പം കരിഞ്ഞുപോയെങ്കിലും ആ മഹ്ബൂബ് ഭായി ഇന്ന് ഞങ്ങൾകൊപ്പമിരുന്നു കാപാലികത വിവരിച്ചപ്പോൾ കണ്ഡമിടറി. ചത്തുകളിൽ നിന്ന് ചത്തുകളിലേക്ക് മാറിക്കയറി സ്ത്രീകളടങ്ങുന്ന സംഘം ഒടുവിൽ സായുധ സൈന്യത്തിന്റെ സഹായത്താൽ രക്ഷപ്പെടുമ്പോഴും “ജയ് ശ്രീരാം” ആക്രോശങ്ങളുമായി കാപാലികർ ചീറിയടുത്തുവത്രേ.


അന്നു മുതൾ ചന്ദു നഗറിലെ മദ്രസയിലും വീടുകളിലുമായി അഭയം തേടിയവർ മടങ്ങിയെത്തുമ്പോൾ അവരെ വരവേറ്റത് ചാരക്കൂനകൾ മാത്രമായിരുന്നു. വാഹനങ്ങളും സിലിണ്ടറുകളും വീട്ടകങ്ങളിൽ കയറ്റി തീയിട്ട് പല വീടുകളും നിലം പൊത്താറായ അവസ്ഥയിലാണ്. അകത്തു നിന്നും ബന്ധിച്ച മസ്ജിദിന്റെ വാതിലിൽ തുറക്കാതെ കിടക്കുന്ന താഴ് ഇപ്പോഴും കാണാം. വാതിലുകളും ജനാലകളും തകർത്തു അകത്തു കടന്ന അക്രമി സംഘം കൊള്ളാവുന്ന സർവ്വതും നശിപ്പിച്ച ശേഷം തീ വെക്കുകയായിരുന്നു.


കൊള്ളയടിക്കപ്പെടുകയോ അഗ്നിക്കിരയാവുകയോ ചെയ്യാത്ത ഒരൊറ്റ മുസ്‌ലിം വീടും ആ പരിസരത്തവശേഷിക്കുന്നില്ല. മക്കളുടെ കല്യാണത്തിനായി ഒരു കൂട്ടി വെച്ച സർവ്വതും നാമ: വിശേഷമായവരെ എന്തു പറഞ്ഞു സമാധാനിപ്പിക്കാനാണ്. ജീവിത ഉപാധിയായ റിക്ഷകൾ ചാരമായവർ, തയ്യൽ തൊഴിലാക്കി കുടുംബം പോറ്റിയിരുന്ന വിധവകളുടെ നൊമ്പരം, ജീവിതം പുനരാരംഭിക്കാൻ ഒന്നും അവശേഷിക്കാത്തവർ… ഇവരുടെയൊക്കെ ധൈന്യത ആരു കാണാനാണ്. കരകയറ്റാൻ ഒരിത്തിരി ആശയെങ്കിലും പകരാൻ നമുക്കാവൂലേ, രാത്രി വൈകും വരെ അവിടെ തുടർന്ന വസ്തുതാന്വേഷണ സംഘം വീടുകൾ മുഴുക്കെ കയറിയിറങ്ങി നഷ്ടങ്ങൾ വിലയിരുത്തി പുനരധിവാസ നീക്കങ്ങൾക്കായുള്ള ധാരണയിലെത്തിയ ശേഷമാണ് മടങ്ങിയത്.

---- facebook comment plugin here -----

Latest