Connect with us

Articles

സൗഹൃദം സാധ്യമാണ്

Published

|

Last Updated

സൗഹൃദം അനിവാര്യമാണ്. അല്ലാത്ത പക്ഷം നിൽനിൽപ്പ് അപകടത്തിലാകും. സൗഹൃദം സാഹോദര്യത്തിൽ നിന്നാണ് നിഷ്പന്നമായത്. ഉദരമെന്ന വാക്കിന്റെ അർഥം വയറ് എന്നാണ്. ഒരേ വയറ്റിൽ നിന്ന് ഉദയം ചെയ്തവരെയാണ് സഹോദരർ എന്ന് പറയുക. അത്ര കണ്ട് ശക്തമായ സ്‌നേഹബന്ധം മനുഷ്യർക്കിടയിൽ ഉണ്ടാവുമ്പോൾ മാത്രമേ സഹോദരൻ എന്നതിലെ ആശയം പ്രഫുല്ലമാകുകയുള്ളൂ.
യുദ്ധത്തിലും സമാധാനത്തിലും സന്തോഷത്തിലും സന്താപത്തിലും സൗഹൃദം സാധ്യമാണെന്നതാണ് നമ്മുടെ അനുഭവങ്ങളും ലോക ചരിത്രവും. നാമോരോരുത്തരും കൊച്ചു കൊച്ചു ഗ്രാമങ്ങളിൽ അധിവസിക്കുന്നവരാണ്. നാം നമ്മുടെ ഗ്രാമീണ ചരിത്രം തുറന്നു വെക്കുക. അതിലെ മേൽമണ്ണ് ഓർമകളുടെ അറകളിൽ നിന്നു നീക്കുക. മുതിർന്നവരോട് തിരക്കുക. പൂർവീകരുടെ രചനകളിൽ നിന്നും വാമൊഴിക്കൈമാറ്റങ്ങളിൽ നിന്നും ചരിത്രം ചികയുക. അന്നേരം ആയിരം നാക്കുകൾ കൊണ്ട് പറഞ്ഞാലും തീരാത്തത്ര സൗഹൃദ ചരിത്രം ഓരോരോ ഗ്രാമത്തിനും പറയാനുണ്ടാകും. കൊന്നും ചത്തുമായിരുന്നില്ല മുൻഗാമികളുടെ ജീവിതം. കൊടുത്തും വാങ്ങിയും പങ്കുെവച്ചും കരുതി വെച്ചുമായിരുന്നു അവർ ജീവിച്ചിരുന്നത്.

സ്വന്തത്തെപ്പോലെ മറ്റുള്ളവരെപ്പറ്റിയും പരസ്പരമുള്ള കരുതലുകളായിരുന്നു അവരുടെ ജീവിത മൂലധനം. വെറുപ്പിന്റെ നോക്കും വാക്കും അവർക്ക് അപരിചിതമായിരുന്നു. ആരാധനാ വേളകളിൽ മാത്രം അവർ പിരിഞ്ഞു നിന്നു. പൊതു ജീവിതത്തിൽ അവർ തോളോടു തോൾ ചേർന്ന് നിന്നു. ആസുര ചിന്തകൾ അവരെ ഭരിച്ചിരുന്നില്ല. അലോസരങ്ങളെ അവർ വരിച്ചിരുന്നില്ല. തെറ്റിദ്ധാരണകൾ പടർത്തുന്ന ചെകുത്താൻമാരെ സ്വന്തം ഇടങ്ങളിൽ നിന്ന് തന്നെ അവർ നിയന്ത്രിച്ചിരുന്നു. കാരണം അധികാരത്തിന് വേണ്ടിയായിരുന്നില്ല അവരുടെ കൂട്ടായ്മകൾ. അത് അവരുടെ സംസ്‌കാരമായിത്തീർന്നത് ജീവിതത്തിന്റെ ഭാഗമായിട്ടാണ്. അതുകൊണ്ട് തന്നെ ആശങ്കകളുടെ തുരുത്തിലല്ല ആശ്വാസങ്ങളുടെ കരുത്തിലായിരുന്നു അവർ അധിവസിച്ചിരുന്നത്.

ഇന്ത്യൻ മണ്ണിൽ അധിനിവേശം ആരംഭിച്ചത് 1498ൽ ആണ്. തുടക്കത്തിൽ പതുങ്ങിയിരുന്ന പറങ്കിപ്പട 1502ൽ ഗാമയുടെ രണ്ടാം വരവ് മുതൽ ഉഗ്രജീവികളായിത്തീർന്നു, അവരെ ചെറുക്കൽ അന്നത്തെ രാഷ്ട്രീയ ശക്തിയായിരുന്ന സാമൂതിരി രാജകുടുംബത്തിന്റെ ബാധ്യതയുമായിരുന്നു. പറങ്കികൾ വന്നത് കടൽ മാർഗമാണ്. അവരോട് യുദ്ധം ചെയ്യാൻ നാവിക സേന വേണം. വിശ്വാസപരമായ വിലക്കുള്ളത് കൊണ്ട് സാമൂതിരിയുടെ സേനക്ക് കടൽ യുദ്ധം പാടില്ലായിരുന്നു. അന്നേരം ആ കുറവ് നികത്തിയിരുന്നത് പ്രശസ്ത മതപണ്ഡിതരായിരുന്ന മഖ്ദൂമുമാരായിരുന്നു. കുഞ്ഞാലിമരക്കാർമാരെ നാവിക യുദ്ധ നേതൃസ്ഥാനത്തേക്ക് സജ്ജരാക്കിയത് അവരുടെ ആത്മീയ ഗുരുക്കൻമാർ കൂടിയായിരുന്ന മഖ്ദൂമുമാരായിരുന്നു എന്നതാണ് വസ്തുത. അവർ തീർത്ത സൗഹൃദത്തിന് മതം വിലങ്ങായിരുന്നില്ലെന്നും ദേശസംരക്ഷണത്തിനും ഒന്നിച്ചുള്ള മുന്നേറ്റത്തിനും അത് കൂട്ടാവുകയായിരുന്നു ചെയ്തിരുന്നതെന്നും മനസ്സിലാക്കാം.
സൈനുദ്ദീൻ മഖ്ദൂം ഒന്നാമന്റെ തഹ്‌രീള് എന്ന കാവ്യ ഗ്രന്ഥത്തിന്റെ ഇതിവൃത്തം മതധാർമികത പഠിപ്പിക്കലായിരുന്നില്ല. അധിനിവേശ ശക്തികൾക്കെതിരെ പടപൊരുതാനുള്ള മികവുറ്റ പ്രേരണയായിരുന്നു അത്. മഖ്ദൂം രണ്ടാമന്റെ തുഹ്ഫത്തുൽ മുജാഹിദീൻ കേരളത്തിന്റെ ചരിത്രത്തെ കൃത്യമായി പ്രതിപാദിച്ച കിടയറ്റ ഒരു ചരിത്രാന്വേഷണമായിരുന്നു. മുപ്പത്തി ഒമ്പതോളം വിദേശ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട മറ്റൊരു കൃതി മലയാള മണ്ണിൽ നിന്ന് വിരചിതമായിട്ടില്ല എന്നത് ആഗോള തലത്തിൽ ഈ കൃതിയുടെ സ്വീകാര്യത എടുത്ത് കാട്ടുന്നതാണ്.

മമ്പുറം തങ്ങൾ യുഗപുരുഷനായിരുന്നു. ധർമാധിഷ്ഠിത ജീവിതം കൊണ്ട് ചരിത്രം രചിച്ച വിശുദ്ധനായിരുന്നു. തന്റെ ഇഷ്ട സുഹൃത്ത് കോന്തുനായരായിരുന്നു. ഉമർ ഖാസി മമ്പുറം തങ്ങളുടെ മുരീദായിരുന്നു. കുഞ്ഞായിൻ മുസ്‌ലിയാരുടെ സതീർഥ്യൻ മങ്ങാട്ടച്ഛനായിരുന്നു. വീരപഴശ്ശിയുടെ വിശ്വസ്തൻ എളം പുതുശ്ശേരി ഉണ്ണി മൂസയായിരുന്നു. ബ്രിട്ടീഷുകാർ പഴശ്ശിയുടെ നീക്കം ചോർത്തിത്തരണമെന്നും അവർക്ക് വേണ്ടി ചാരപ്പണി ചെയ്യണമെന്നും അതിന് പ്രതിഫലമായി 1,000 നാണയം തരാമെന്നും പിന്നെ എളം പുതുശ്ശേരിയുടെ അധിപനാക്കാമെന്നും ഓഫർ ചെയ്തപ്പോൾ ഉണ്ണി മൂസ പറഞ്ഞ മറുപടി പിതൃത്വത്തിന്റെ മഹത്വമായിരുന്നു. സയ്യിദ് ജിഫ്്രി തങ്ങളും സാമൂതിരിയും ടിപ്പുവും തമ്മിലുണ്ടായിരുന്ന ദൃഢ സ്‌നേഹ ബന്ധത്തിന്റെ പ്രത്യേക നിദർശനമാണ് കോഴിക്കോട് നഗരവാസികളുടെ ശുദ്ധ ജല ഉറവയായ മാനാഞ്ചിറ.

പാറനമ്പിയും പരിവാരങ്ങളും മലപ്പുറം ശുഹദാ പള്ളി കത്തിച്ചു കളയാൻ വന്നപ്പോൾ പള്ളി സംരക്ഷിക്കാനിറങ്ങിയവരുടെ കൂട്ടത്തിൽ കുഞ്ഞേലു എന്ന തട്ടാനുമുണ്ടായിരുന്നുവെന്നത് പോയ കാലത്തെ മതസൗഹൃദത്തെ രേഖപ്പെടുത്തുന്നതാണ്.
മഹാത്മജിയും അലി സഹോദരൻമാരും പണ്ഡിറ്റ്ജിയും ആസാദും സൗഹൃദത്തെ ദേശീയ ആത്മ ബലമായി പരിപാലിച്ചവരായിരുന്നു. ടിപ്പു സുൽത്താനും പൂർണയ്യയും കൃഷ്ണറാവുവും സ്‌നേഹത്തിന്റെ രാഷ്ട്രീയ സാമ്രാജ്യം തീർത്തവരായിരുന്നു. മദണ്ണയെന്ന ബ്രാഹ്മണനായിരുന്നു ഹൈദർ അലിയുടെ വിശ്വസ്തൻ. ഔറംഗസീബ് ചക്രവർത്തിയും രാജാ ജയ്‌സിംഗും ഒന്നിച്ച് പ്രവർത്തിച്ചവരും അതു വഴി വ്യാജാരോപണങ്ങളുടെ മുനയൊടിച്ചവരുമായിരുന്നു. ബാലഗംഗാധര തിലകന്റെ ശവമഞ്ചം ചിതയിലേക്കെടുത്തത് മഹാത്മജിയും മൗലാനാ ശൗക്കത്തലിയും ഡോ: സൈഫുദ്ദീൻ കിച്ച്‌ലുവും കൂടിയായിരുന്നു. ഇതാണ് തലമുറകളിലൂടെ നമ്മുടെ സൗഹൃദത്തിന്റെ വിസ്മയക്കാഴ്ചകൾ.
ഈ സൗഹൃദം തുടർന്നും നിലനിറുത്തണം. ആസുര ചിന്തകളിൽ നിന്നും അനാവശ്യ വ്യഥകളിൽ നിന്നും വ്യത്യസ്ത മതവിഭാഗങ്ങളുടെ മനസ്സിനെ പരിശുദ്ധമാക്കണം. ഏത് ഘട്ടത്തിലും സൗഹൃദം സാധ്യമാണെന്ന സന്ദേശം കേരള മുസ്‌ലിം ജമാഅത്ത് ഒരിക്കൽ കൂടി ഊക്കോടെ പ്രഖ്യാപിക്കുകയാണ്. അനുഭവ സാക്ഷ്യങ്ങൾക്ക് മുമ്പിൽ ആശങ്കകൾക്ക് സ്ഥാനമില്ല. അല്ലെങ്കിലും ആശങ്കകൾ പരത്തുന്നവരുടെ താത്പര്യം പൊതു നന്മയല്ലല്ലോ.

നാട്ടിൻ പുറങ്ങൾ സൗഹൃദങ്ങളാൽ സമൃദ്ധമാണ്. വ്യത്യസ്ത മതാനുയായികൾ തൊഴിൽ കൊടുത്തും തൊഴിലെടുത്തും അടുത്തടുത്ത വീടുകളിൽ കഴിയുന്നു. ഇന്നത്തേതിനേക്കാൾ തീവ്രമായിരുന്നു അവരുടെ സഹോദര്യം. തങ്ങളുടെ വീടുകളിലില്ലാതിരുന്ന സാധനങ്ങൾ പരസ്പരം കൈമാറാൻ ഒരു വൈമനസ്യവും അവർ കാണിച്ചിരുന്നില്ല. ദേവാലയങ്ങൾ സയാമീസ് ഇരട്ടകളെപ്പോലെ ഒന്നിച്ച് നിലകൊള്ളുന്നുണ്ട്. തൂവെള്ളയും കാഷായ നിറവും പച്ചയോടൊപ്പം ഒന്നിച്ചു ചേർന്നിരിക്കുന്നു നമ്മുടെ ദേശീയ പതാകയിൽ. ഈ പതാക രൂപ കൽപ്പന ചെയ്തത് സുറയ്യ ബദ്‌റുദ്ദീൻ ത്വയ്യബ്ജി എന്ന മുസ്‌ലിം സഹോദരിയാണെന്നത് വീണ്ടും പരാമർശ വിധേയമാക്കേണ്ട കാലമാണിന്ന്.

പലരും മറക്കാനും ചിലർ മായ്ക്കാനും ശ്രമിച്ചു കൊണ്ടിരിക്കുന്ന സ്‌നേഹ സൗഹാർദത്തിന്റെ പുതിയ പതിപ്പുകൾ ആവർത്തിക്കപ്പെടുന്നുണ്ടിന്ന്. കായംകുളം ചേരാവള്ളി മുസ്‌ലിം ജമാഅത്ത് കമ്മിറ്റി പള്ളി അങ്കണത്തിൽ വെച്ച് അഞ്ജു എന്ന അനാഥ യുവതിയുടെ വിവാഹം നടത്തിക്കൊടുത്തത് ഏറെ വാർത്താ പ്രാധാന്യം കിട്ടിയ സൗഹാർദശീലായിരുന്നു. എസ് വൈ എസ് സാന്ത്വനത്തിന്റെ കീഴിൽ വർഷങ്ങളായി നീലഗിരി പാടന്തറയിൽ നടന്നു വരുന്ന സമൂഹ വിവാഹത്തിൽ മുസ്‌ലിമേതര ജോഡികളുടെ ചിത്രം മനസ്സിൽ നിന്നാർക്കും അത്രം വേഗം മാഞ്ഞു പോകില്ല. പുടവയും സ്വർണവും പണവും സദ്യയുമെല്ലാം ഒരുക്കുന്നത് സംഘടനയാണ്.

സൗഹൃദത്തിന്റെ മതമാനം

ഇസ്‌ലാം സ്രഷ്ടാവിന്റെ ഉത്കൃഷ്ടമായ നിയമ സംഹിതയാണ്. ഇസ്‌ലാമെന്ന ഈ വ്യവസ്ഥിതി അടിച്ചേൽപ്പിക്കാൻ പാടില്ലെന്നതാണ് അതിന്റെ ഒന്നാമത്തെ ഉത്കൃഷ്ടത. കാര്യ കാരണ സഹിതം എല്ലാം പ്രതിപാദിക്കപ്പെട്ടിരിക്കും ഇസ്‌ലാമിൽ. വിവേചന ബുദ്ധിയുള്ള മനുഷ്യരെയാണ് അത് സംബോധന ചെയ്യുന്നത്. മതത്തിന്റെ ഒന്നാം പ്രമാണമായ ഖുർആൻ മാനവന് ഓതിത്തന്ന സഹിഷ്ണുതയുടെ സന്ദേശം നോക്കൂ. “അങ്ങയുടെ രക്ഷിതാവിന് ഉദ്ദേശ്യമുണ്ടായിരുന്നെങ്കിൽ ഭൂമിയിലുള്ളവരെയെല്ലാം വിശ്വാസികളാക്കുമായിരുന്നുവെന്നും അങ്ങനെ ഉദ്ദേശ്യങ്ങളില്ലാത്തത് കൊണ്ട് അങ്ങ് ആരെയും ഇസ്‌ലാം സ്വീകരിക്കാൻ നിർബന്ധിക്കേണ്ടതില്ല, എന്നുമാണ് ആ സന്ദേശം.

മതപരിവർത്തനത്തിന് പാകപ്പെട്ടവർക്ക് സ്വന്തമായി ഇസ്‌ലാം മതം സ്വീകരിക്കാം. ഇതേ ആശയം ഒരു പാടിടങ്ങളിൽ ഖുർആൻ പ്രതിപാദിച്ചിട്ടുണ്ട്.
രണ്ടാം പ്രമാണം നബി ചര്യയാണ്. ഹദീസ് എന്ന സംജ്ഞയിലാണത് അറിയപ്പെടുന്നത്. ഹിജ്‌റ എന്ന വിശ്രുത യാത്ര വഴി നബി(സ) മദീനയിലെത്തി. ഉചിതമാം വിധം ഉത്സവച്ഛായയിൽ പ്രകീർത്തന വരികളിലൂടെ മദീനാ നിവാസികൾ അവിടുത്തെ വരവേറ്റു. ഏകനായ അല്ലാഹുവിന്റെ മാർഗത്തിലേക്ക് ജനത്തെ ക്ഷണിക്കാൻ നിയുക്തനായ നബി(സ)യെ തന്നെ അംഗീകരിക്കാത്തവർ 24 മണിക്കൂറിനകം രാജ്യം വിട്ടുപോകണം എന്ന് ഉത്തരവ് ഇറക്കാമായിരുന്നു. പക്ഷേ അവിടുന്ന് കാണിച്ച സൗമനസ്യം ഉദാത്ത സൗഹൃദത്തിന്റെ രജത രേഖയാണ്. എല്ലാവർക്കും ഒന്നായി ഒറ്റ ദേശീയ ജനതയായി അവരവരുടെ വിശ്വാസ പ്രമാണങ്ങൾക്കനുസരിച്ച് മദീനയിൽ കഴിയാമെന്ന് അവിടുന്ന് അനുശാസിച്ചു. അതിന് 54 അനുച്ഛേദങ്ങളുള്ള മതേതര കരാർ നടപ്പിൽ വരുത്തുകയായിരുന്നു നബി(സ്)ചെയ്തത്. ഈ കരാർ ലോകത്തിനു പുത്തനനുഭവമായിരുന്നു. നിരവധി പ്രവാചക വചനങ്ങളിൽ നിന്നും അനുചരരുടെ അനുകരണീയ മാതൃകകളിൽ നിന്നും വ്യക്തമാവുന്നത് സ്‌നേഹവും സഹിഷ്ണുതയും സൗഹൃദവുമാണ് ഇസ്‌ലാമെന്നാണ്. നിതാന്ത ശത്രുവ്യൂഹത്തെ ഒന്നായി മക്കാ വിജയത്തോടനുബന്ധിച്ച് തന്റെ കാൽച്ചുവട്ടിൽ കിട്ടിയ നേരം എല്ലാവർക്കും നിരുപാധിക പൊതുമാപ്പ് നൽകാൻ അവിടുന്ന് കാണിച്ച ഹൃദയ വിശാലതയുടെ മുമ്പിൽ വിസ്മയ ഭരിതമാവാനേ ലോകത്തിന് കഴിയുന്നുള്ളൂ. മനുഷ്യരെ ശത്രുവായോ ഇരയായോ ഇസ്‌ലാം കാണുന്നില്ല.

അല്ലാഹുവിന്റെ വിശേഷ നാമങ്ങളിൽ ഒന്നാണ് റഹ്മാൻ. ഈ നാമം വിപുലമായ വ്യഖ്യാനമുൾക്കൊള്ളുന്നുണ്ട്. ഭൂമിയിൽ അടിസ്ഥാന സൗകര്യങ്ങൾ അനുഭവിക്കാൻ വിശ്വാസവും വിശ്വാസ രാഹിത്യവും മാനദണ്ഡങ്ങളല്ല. ഭൂമിയിൽ എല്ലാവരും തുല്യാവകാശികൾ. ഇവിടെ സ്രഷ്ടാവിന്റെ കാരുണ്യ ലബ്്ധിക്ക് മതം മാപിനിയല്ല. ഇതാണ് മതത്തിന്റെ തത്വം. എങ്കിൽ അല്ലാഹുവിന്റെ മതം എങ്ങനെ മാനവിക വിരുദ്ധമാകും. അത് എങ്ങനെ മനുഷ്യരെ എതിർപക്ഷത്ത് നിർത്തും. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണമെന്ന സാമാന്യ നീതി നടപ്പാക്കുന്ന ഇടം ഭൂമിയല്ല. പരലോകമാണെന്നും ഇസ്‌ലാം പകർന്നു തന്നിട്ടുണ്ട്.
മദീനയിലെത്തിയ നബി(സ) ആദ്യമായി ചെയ്തത് വിശപ്പു മാറ്റാനുള്ള ഇടപെടലായിരുന്നു. രണ്ടാമത് സുരക്ഷയുടെയും സമാധാനത്തിന്റെയും പ്രവർത്തനങ്ങളും. അത് വരെ അവർക്ക് പരിചയമില്ലാത്ത സന്ദേശങ്ങൾ ഓതിക്കൊടുത്തതാണ് അന്ന് ജൂതനായിരുന്ന അബ്ദുല്ലാഹിബ്‌നു സലാമി(റ)നെ ഇസ്‌ലാമിലേക്ക് ആകർഷിച്ചത്.
സ്‌നേഹത്തിന് നബി(സ്) തങ്ങൾ നിർണയിച്ച പരിധി ആരെയും ആശ്ചര്യപ്പെടുത്തും. ചിന്തിപ്പിക്കും. അവിടുന്ന് അരുൾ ചെയ്തു: നിങ്ങൾ ജനങ്ങളെ സ്‌നേഹിക്കണം. നിങ്ങൾ നിങ്ങളെ സ്‌നേഹിക്കുന്ന അത്ര കണ്ട.് ഇതിൽ നാസ് (ജനങ്ങൾ) എന്ന പ്രയോഗം പ്രത്യേകം ശ്രദ്ധ അർഹിക്കുന്നുണ്ട്. വിശ്വാസി എന്നോ അല്ലെന്നോ ഇതിൽ പരാമർശമില്ല. ജനങ്ങൾ എല്ലാവരെയും ഒരേ രൂപത്തിൽ പരിഗണിക്കണം. സ്‌നേഹത്തിന്റെ എതിർദിശയിൽ വെറുപ്പാണ്. ആരെയും വെറുക്കരുത്.

---- facebook comment plugin here -----

Latest