Connect with us

Covid19

ബോര്‍ഡ് പരീക്ഷകള്‍; വിദ്യാലയ ബസുകള്‍ ലഭ്യമാകില്ല

Published

|

Last Updated

ദുബൈ | ഇന്ത്യ, പാക്കിസ്ഥാന്‍ വിദ്യാലയങ്ങളിലെ എസ് എസ് എല്‍ സി, പ്ലസ് വണ്‍, പ്ലസ് ടു, സി ബി എസ് ഇ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ക്ക് എത്താന്‍ വിദ്യാലയ ബസുകള്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ രക്ഷിതാക്കള്‍ക്കൊപ്പമാണ് എത്തേണ്ടത്. എല്ലാ പരീക്ഷാഹാളിലും ഡോക്ടര്‍ അടക്കം മെഡിക്കല്‍ ടീം അനിവാര്യമാണ്. പൊതുപരീക്ഷയുടെ പ്രാധാന്യവും വിദ്യാര്‍ഥികളുടെ ഭാവിയും കണക്കിലെടുത്താണ് ഉപാധികളോടെ പരീക്ഷ നടത്താന്‍ മന്ത്രാലയം നേരത്തെ അനുമതി നല്‍കിയത്. അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പില്‍ (അഡെക്) കഴിഞ്ഞ ദിവസം രാവിലെ വിളിച്ചുചേര്‍ത്ത സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ യോഗത്തിലാണ് പരീക്ഷകള്‍ തുടരാന്‍ തീരുമാനമുണ്ടായത്.

അബൂദബി, അല്‍ഐന്‍, റുവൈസ് മേഖലകളിലെ മുഴുവന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
സ്‌കൂളില്‍ ആരോഗ്യസുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കേണ്ടത് സ്‌കൂള്‍ അധികൃതരുടെ ബാധ്യതയാണ്. ദുബൈയിലും വടക്കന്‍ എമിറേറ്റുകളിലും ഇതേ സ്ഥിതി തുടരും. ഒന്ന് മുതല്‍ ഒന്‍പത് വരെ ക്ലാസുകളിലെയും സി ബി എസ്ഇ 11 ാം ക്ലാസിലെയും പരീക്ഷകള്‍ റദ്ദാക്കി. കുട്ടികളുടെ ഒരു വര്‍ഷത്തെ ശരാശരി പഠന നിലവാരം നോക്കി പ്രൊമോഷന്‍ നല്‍കാനാണ് തീരുമാനം. മോശം പ്രകടനം കാഴ്ചവച്ച കുട്ടികള്‍ക്ക് ഏപ്രിലില്‍ റീ ടെസ്റ്റ് ഉണ്ടാകും.

കുട്ടികളുടെ പ്രൊമോഷന്‍ സംബന്ധിച്ച ജോലികളുള്ളതിനാല്‍ അധ്യാപകര്‍ ചില ദിവസങ്ങളില്‍ സ്‌കൂളില്‍ എത്തേണ്ടിവരും. പുതിയ ക്ലാസുകളിലേക്കുള്ള പുസ്തകം, യൂണിഫോം എന്നിവയെക്കുറിച്ചുള്ള അറിയിപ്പ് പിന്നീട് ലഭിക്കും. വിദ്യാഭ്യാസ വര്‍ഷത്തില്‍ നഷ്ടപ്പെടുന്ന ക്ലാസുകള്‍ വേനല്‍, ശൈത്യകാല അവധി ദിവസങ്ങളിലെ കുറച്ചു ദിവസങ്ങളിലും ശനിയാഴ്ചകളിലും എടുത്ത് പരിഹരിക്കാമെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ അധികൃതര്‍ക്ക് നല്‍കിയ ഉറപ്പ്. നിലവിലെ സാഹചര്യമനുസരിച്ച് ഏപ്രില്‍ 13ന് സ്‌കൂള്‍ തുറക്കാനാണ് പദ്ധതി. കൊറോണ സ്ഥിതിഗതികള്‍ രൂക്ഷമായാല്‍ നിയന്ത്രണത്തിലാകുന്നതു വരെ പഠനം ഇ-ലേണിംഗിലേക്കു മാറ്റും.