Connect with us

Gulf

വെട്ടുകിളികളില്‍ നിന്ന് ഫാമുകള്‍ സംരക്ഷിക്കാനുള്ള നടപടി ശക്തമാക്കി

Published

|

Last Updated

അബൂദബി | വെട്ടുകിളികളില്‍ നിന്നും ഫാമുകള്‍ സംരക്ഷിക്കാനുള്ള നടപടി അബൂദബി ശക്തമാക്കി. സഊദി അറേബ്യയുടെയും യമന്റെയും ഭാഗങ്ങളിലാണ് വെട്ടുകിളികള്‍ ഇറങ്ങി വിളകള്‍ നശിപ്പിക്കുന്നത്. സഊദി അറേബ്യയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള എമിറേറ്റിലെ പ്രദേശമായ അല്‍ സിലയില്‍ നിന്ന് കണ്ടെത്തിയ പ്രാണികളെ നശിപ്പിച്ചു വരികയാണെന്ന് അബൂദബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു. വെട്ടുകിളികളെ ശേഖരിക്കുവാനോ സ്പര്‍ശിക്കുവാനോ പാടില്ലെന്ന് കര്‍ഷകര്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ മാസം ഡല്‍മ ദ്വീപില്‍ കീടനാശിനികള്‍ ഉപയോഗിച്ച് വെട്ടുകിളികളെ വകുപ്പ് ഉന്മൂലനം നടത്തിയിരുന്നു. വെട്ടുകിളികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനും വേഗത്തിലുള്ള നശീകരണ പ്രവര്‍ത്തനം ഉറപ്പാക്കാനും വിളനാശം കുറക്കാനും ഒരു അന്താരാഷ്ട്ര സ്ഥാപനവുമായി അതോറിറ്റി യോജിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് കമ്മ്യൂണിറ്റി സര്‍വീസ് ആക്ടിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍ ഹമ്മദി പറഞ്ഞു. കാര്‍ഷിക മാലിന്യങ്ങള്‍ കത്തിക്കരുതെന്നും പ്രാണികളെ ഉന്മൂലനം ചെയ്യാന്‍ തീയിടരുതെന്നും ഡോ. അല്‍ ഹമ്മദി കര്‍ഷകരോട് ആവശ്യപ്പെട്ടു. വെട്ടുകിളികളെ ഭക്ഷിക്കുന്നതും ഒഴിവാക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. റിയാദ്, കാസിം, ഹൈല്‍ മേഖലകളിലെയും സഊദിയിലെ കിഴക്കന്‍ പ്രവിശ്യയിലെയും കൃഷിസ്ഥലങ്ങളിലാണ് വെട്ടുകിളി ആക്രമണമുണ്ടായത്.

Latest