Connect with us

National

പൗരത്വ നിയമത്തിന് എതിരായ നാടകം: രാജ്യദ്രോഹകുറ്റം നിലനില്‍ക്കില്ലെന്ന് കോടതി

Published

|

Last Updated

ബംഗളൂരു | പൗരത്വ ഭേദഗതി നിയമത്തെ വിമര്‍ശിച്ച് സ്‌കൂളില്‍ നാടകം അവതരിപ്പിച്ച സംഭവത്തില്‍ രാജ്യദ്രോഹ കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി. ഇക്കഴിഞ്ഞ ജനുവരി 21ന് ബീദറിലെ ഷഹീന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷനിലെ കുട്ടികള്‍ അവതരിപ്പിച്ച നാടകത്തിനെതിരായ കേസിലാണ് കോടതി നീരീക്ഷണം. സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യവും നല്‍കി.

നാല്, അഞ്ച്, ആറ് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് നാടകം അവതരിപ്പിച്ചത്. നാടകത്തില്‍ രാജ്യദ്രോഹപരമായ എന്തെങ്കിലും ഉള്ളതായി തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചിട്ടില്ലെന്ന് ബിദറിലെ ജില്ലാ സെഷന്‍സ് കോടതി വ്യക്തമാക്കി. നാടകത്തിന്റെ ഉള്ളടക്കവും സംഭാഷണങ്ങളും വിദ്വേഷം ജനിപ്പിക്കുന്നതോ ഭരണകൂടത്തിന് എതിരായതോ അല്ലെന്നും കോടതി നിരീക്ഷിച്ചു. രേഖകള്‍ കാണിക്കാന്‍ സാധിച്ചില്ലെങ്കില്‍ രാജ്യം വിടേണ്ടിവരുമെന്നാണ് നാടകത്തില്‍ പറയുന്നത്. ഇതില്‍ രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന ഒന്നും ഉള്ളതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും കേസ് പരിഗണിച്ച ജില്ലാ ജഡ്ജി മനഗോളി പ്രേമാവതി നിരീക്ഷിച്ചു.

നാടകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പോലീസ് കേസെടുത്തത്. നാടകം അവതരിപ്പിച്ച് അഞ്ച് ദിവസങ്ങള്‍ കഴിഞ്ഞായിരുന്നു നടപടി. നാടകത്തില്‍ പങ്കെടുത്ത കുട്ടികളെ പോലീസ് ദിവസങ്ങളോളം ചോദ്യം ചെയ്തതും വിവാദമായിരുന്നു.

Latest