Connect with us

Gulf

കൊറോണ ഭീതി: ഉംറ നിയന്ത്രണം തുടരും വരെ മതാഫും അടച്ചു; മുന്‍കരുതല്‍ ശക്തമാക്കി സഊദി

Published

|

Last Updated

റിയാദ് | കൊറോണ ഭീതി തുടരുന്നതിനിടെ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി വിശുദ്ധ കഅബാലയത്തോട് ചേര്‍ന്ന മതാഫ് (കഅബാലയത്തെ പ്രദക്ഷിണം ചെയ്യുന്ന ഭാഗം) തത്കാലത്തേക്ക് അടച്ചു. സഫ – മര്‍വക്കിടയില്‍ സഅ്‌യ് ചെയ്യുന്ന ഭാഗത്തും മദീനയില്‍ റൗള ശരീഫ് നില്‍ക്കുന്ന ഭാഗത്തും തത്കാലം സന്ദര്‍ശകരെ അനുവദിക്കില്ല. ഉംറ നിയന്ത്രണം തുടരുന്നതുവരെ ഈ ഭാഗങ്ങള്‍ അടച്ചിടാനാണ് തീരുമാനമെന്ന് സഊദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

മസ്ജിദുല്‍ ഹറം പള്ളിക്ക് ഉള്ളില്‍ മാത്രമേ നിസ്‌കാരം അനുവദിക്കുകയുള്ളൂവെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. മസജിദുന്നബവിയോട് ചേര്‍ന്നുകിടക്കുന്ന ജന്നത്തുല്‍ ബഖീഅിലേക്കും സന്ദര്‍ശകര്‍ക്ക് തത്കാലം അനുമതി നല്‍കില്ല. മസ്ജിദുല്‍ ഹറമും മസ്ജിദുന്നവിയും ഇശാഅ് നമസ്‌കാരം കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷം അടച്ചിടും. പിന്നീട് സുബഹി നമസ്‌കാരത്തിന് ഒരു മണിക്കൂര്‍ മുമ്പാണ് തുറക്കുക.

ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദേശമനുസരിച്ചാണ് ക്രമീകരണങ്ങള്‍ ഏര്‍പെടുത്തിയതെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. ഇരുഹറമുകളിലും ശുചിത്വം ഉറപ്പ് വരുത്തുന്നതിനും അനുവിമുക്തമായി തുടരുന്നതിനുമാണ് നടപടികള്‍ സ്വീകരിച്ചത്.

നേരത്തെ ഉംറക്ക് താല്‍കാലിക വിലക്കേര്‍പ്പെടുത്തിയിരുന്നു. മസ്ജിദുല്‍ ഹറമില്‍ ഇഅ്തിഖാഫ് ഇരിക്കുന്നതും പള്ളിക്ക് ഉള്ളിലേക്ക് ഭക്ഷണപദാര്‍ഥങ്ങള്‍ കൊണ്ടുവരുന്നതും അനുവദിക്കില്ല. തീര്‍ഥാടകര്‍ക്ക് സംസം ജലം നല്‍കുന്നതും നിര്‍ത്തിവെച്ചിട്ടുണ്ട്.

അത്യപൂര്‍വമായി മാത്രമാണ് മതാഫ് അടക്കാറുള്ളത്. 1941ല്‍ പ്രളയമുണ്ടായപ്പോഴും 1958 ല്‍ മസ്ജിദുല്‍ ഹറമിനകത്ത് തീപ്പിടിത്തമുണ്ടായപ്പോഴും ത്വവാഫ് മുടങ്ങിയിരുന്നു.

---- facebook comment plugin here -----

Latest