Connect with us

Malappuram

വരികയാണ്... തിരഞ്ഞെടുപ്പ് വരികയാണ്

Published

|

Last Updated

തിരുന്നാവായ | ഇതുവരെ നിങ്ങളുടെ മുഖത്ത് നോക്കാൻ പോലും തയ്യാറാകാത്തവർ നിങ്ങളെ നോക്കി ചിരിക്കുന്നുണ്ടോ… മരണവീട്ടിലും കല്യാണവീട്ടിലും കാണാത്ത പലരും ഓടി നടക്കുന്നത് കാണുന്നുണ്ടോ…. തെരുവ് വിളക്കുകൾ ശരിയാക്കാനും റോഡിലെ കുഴിയടക്കാനും ആരെങ്കിലും സജീവമായി രംഗത്തുണ്ടോ… എങ്കിൽ പേടിക്കേണ്ട. വരാൻ പോകുന്ന തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലേക്ക് “തിരഞ്ഞെടുക്കപ്പടാനുള്ള” സ്ഥാനമോഹികളുടെ മത്സരത്തിന്റെ ഭാഗമാണ്.

സ്ഥാനാർഥിയാകാനായി ഓരോ നാട്ടിലും കുപ്പായം തുന്നി കാത്തിരിക്കുന്നവരുടെ “കലാപ്രകടനങ്ങൾ” കൂടിവരികയാണ്.
നാട്ടിൽ വല്ല പരിപാടിയും നടക്കുകയാണെങ്കിൽ ഇത്തരക്കാർ കൈമെയ് മറന്ന് രംഗത്തുണ്ടാകും. ജനറൽ വാർഡാകാൻ സാധ്യതയുള്ള സ്ഥലങ്ങളിലാണ് വലിയ പൊല്ലാപ്പ്. ഒരു മുന്നണിയിൽ നിന്ന് തന്നെ നാലും അഞ്ചും പേരാണ് സ്ഥാനാർഥിയാകാൻ കാത്തിരിക്കുന്നത്. തിരുന്നാവായ പഞ്ചായത്തിലെ സുപ്രധാനമായ പല വാർഡുകളിലും സ്ഥാനമോഹികളുടെ “മത്സരം” കനക്കുകയാണ്. കുന്നുംപുറം, എടക്കുളം തുടങ്ങിയ ഇടങ്ങളിൽ ഇതിനകം തന്നെ പ്രധാന പാർട്ടിയുടെ അഞ്ചോളം പേരാണ് സ്ഥാനാർഥി മോഹവുമായി നടക്കുന്നത്. പല പഞ്ചായത്തുകളിലും പലഭാഗത്തും തങ്ങളുടെ കൂട്ടുകാരെ വച്ച് സ്ഥാനാർഥി മോഹികൾ പണി തുടങ്ങിയിട്ടുണ്ട്.

ചായക്കടയിൽ പോയി മറ്റുള്ളവർക്ക് ചായ പറയുക, പ്രഭാത നടത്തക്കാരെ അനുഗമിക്കുക, ഏത് കാര്യത്തിലും പോയി ഇടപെടുക തുടങ്ങി വിവിധ മാർഗങ്ങൾ ഇതിനായി അവലംബിക്കുന്നു. അതേസമയം അരോചകമായ ഇത്തരം ചിലരുടെ നിലപാടുകൾ സ്വന്തം പാർട്ടിക്കാരിൽ തന്നെ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്.
പഴയ കാലമല്ല ഇതെന്നും ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്നും അഭിനയവും നാടകവും നടത്തുന്നവരെ ഒരിക്കലും സ്ഥാനാർഥി ആക്കരുതെന്നും അവർ പറയുന്നു. കാലങ്ങളായി പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവരെ പരിഗണിക്കണമെന്ന അഭിപ്രായം ഇവർ പങ്കുവെക്കുന്നു.

ഇതിനുപുറമേ തനി രാഷ്ട്രീയം കളിക്കുന്ന വ്യക്തികൾ സ്ഥാനാർഥിയായാൽ പൊതുജനം തിരസ്‌കരിക്കുമോ എന്ന ആശങ്ക താഴെത്തട്ടിൽ നിഴലിക്കുന്നുണ്ട്. മാത്രമല്ല സംശുദ്ധരായ പലരും തിരഞ്ഞെടുപ്പ് രംഗത്തേക്ക് വരാൻ മടിക്കുന്നതും വിഷയമാണ്. അതുകൊണ്ട് ചില സ്ഥലങ്ങളിൽ പൊതുസമ്മതരായ പ്രാദേശിക വ്യക്തിത്വങ്ങളെ തേടി രാഷ്ട്രീയ പാർട്ടികൾ രംഗത്തിറങ്ങിയിട്ടുണ്ട്.
ഏതായാലും തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ രസകരവും കൗതുകകരവുമായ പല കാഴ്ചകളും ഇനിയും കാണാമെന്നതാണ് വാസ്തവം.

Latest