Connect with us

National

മരിച്ചത് മകനെന്ന് തെളിയിക്കാൻ ഇഖ്‌റാമുദ്ദീന്റെ നെട്ടോട്ടം

Published

|

Last Updated

കലാപ കാലത്ത് ആസിഡ് ആക്രമണം നേരിട്ട ബക്കീലും മകള്‍ അംനയും (ഫയൽ)

‍ഈദ് ഗാഹ് അഭയാര്‍ഥി ക്യാമ്പിന് പിന്നിലുള്ള ഖബർസ്ഥാനില്‍ മകന്റെ ഖബറടക്കം നടത്തിയിട്ട് മൂന്ന് ദിവസമായി. അവന്റെ ഖബറിടം സന്ദര്‍ശിച്ച് ഈദ്ഹാഗ് അഭയാര്‍ഥി ക്യാമ്പില്‍ തിരിച്ചെത്തിയതാണ് അദ്ദേഹം. അപ്പോഴും ഇഖ്്റാമുദ്ദീൻ എന്ന മധ്യവയസ്കനായ പിതാവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു.
അവന്‍ തന്റെ മകനായിരുന്നു എന്ന് തെളിയിക്കുന്ന രേഖകള്‍ ഇനി ഹാജരാക്കണം. സര്‍ക്കാര്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച നഷ്ടപരിഹാരത്തിനായുള്ള അപേക്ഷ സ്വീകരിക്കുന്ന കൗണ്ടറിന് മുമ്പില്‍ മകന്റെ കുട്ടിക്കാലത്തെ ഫോട്ടോയുമായാണ് പിതാവ് നില്‍ക്കുന്നത്. അതല്ലാതെ മറ്റ് രേഖകളൊന്നുമില്ല. പിതാവിന്റെ കരച്ചില്‍ കണ്ട് സന്നദ്ധ പ്രവര്‍ത്തകര്‍ അപേക്ഷാ ഫോറം പൂരിപ്പിച്ച് അതില്‍ ആ പഴയ ഫോട്ടോ പതിച്ച് അദ്ദേഹത്തെ ഏല്‍പ്പിച്ചു. “മകനെ അവര്‍ തല്ലിക്കൊന്നു. ഇപ്പോള്‍ അവന്‍ എന്റെ മകനാണെന്ന് തെളിയിക്കേണ്ടി വന്നിരിക്കുന്നു. ഞാന്‍ എന്തിനാണ് ഈ മണ്ണില്‍ ഇങ്ങനെ ജീവിക്കുന്നത്”- ഇഖ്റാമുദ്ദീന്റെ കണ്ണീര് കണ്ടുനില്‍ക്കുന്നവരെ പൊള്ളിക്കുന്നതായിരുന്നു.

വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ കലാപകാരികള്‍ അഴിഞ്ഞാടിയ ദിവസം കാണാതായതാണ് പതിനെട്ടുകാരനായ മകന്‍ ആഖിബിനെ. കലാപവും തീവെപ്പും വകവെക്കാതെ, സ്വന്തം ജീവന് വിലകൽപ്പിക്കാതെ മുസ്തഫാബാദിലെ ഗല്ലികളിലൂടെ അദ്ദേഹം മകനെത്തേടി നടന്നു. കത്തിപ്പോകാത്ത വീടിനുള്ളില്‍ എല്ലാവരും അടച്ചിരിക്കുകയായിരുന്നു. പോലീസുകാരും കലാപകാരികളും അല്ലാതെ ആരും തെരുവിലുണ്ടായിരുന്നില്ല.

 

മുസ്തഫാബാദിലെ ഭഗീരഥ് വിഹാറിലാണ് അവരുടെ വാടക വീട്. നാല് മക്കളും ഭാര്യയും അടങ്ങുന്നതാണ് കുടുംബം. തെരുവ് കച്ചവടക്കാരനായ ഇഖ്്റാമുദ്ദീനെ സഹായിക്കുകയായിരുന്നു ആഖിബ്. ഈ മാസം 11ന് മകളുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. വിവാഹത്തിനിടാനുള്ള പുതുവസ്ത്രങ്ങള്‍ വാങ്ങാന്‍ വീട്ടില്‍ നിന്നിറങ്ങിയതാണ് ആഖിബ്. വൈകീട്ടോടെ കലാപകാരികള്‍ ഗല്ലികള്‍ ചുട്ടുകരിക്കാന്‍ തുടങ്ങി.

ആഖിബിന്റെ പഴയ ഫോട്ടോ പതിച്ച അപേക്ഷയുമായി ഈദ്ഗാഹ് അഭയാര്‍ഥി ക്യാമ്പില്‍ കഴിയുന്ന ഇഖ്്റാമുദ്ദീന്‍

എങ്ങും ജയ് ശ്രീറാം വിളികള്‍ മുഴങ്ങി. ആഖിബ് തിരിച്ചു വരുന്നത് കാണാതെ കുടുംബം ആശങ്കയിലായി. അതിനിടെ, തലക്ക് ഗുരുതരമായി പരുക്കേറ്റ ആഖിബ് വഴിയില്‍ വീണുകിടക്കുന്നത് സഹോദരന്‍ വസീം കണ്ടു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഹിന്ദുക്കളും മുസ്്ലിംകളും ഇടകലർന്ന് ജീവിക്കുന്ന തെരുവാണ് ശിവ്്വിഹാർ. ഇവിടെ കടന്നെത്തിയ കലാപകാരികള്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നു. ചുട്ടുകരിച്ചും കൈയില്‍ കിട്ടിയവരെ വെട്ടിയും കുത്തിയും പരുക്കേല്‍പ്പിച്ചും മരണാസന്നരായവരെ അഴുക്കുചാലില്‍ താഴ്ത്തിയും അവർ നീങ്ങി. സ്ത്രീകള്‍ക്കെതിരായ കടന്നാക്രമണങ്ങള്‍ അധികമാരും പുറത്തു പറഞ്ഞിട്ടില്ല. അഭയാര്‍ഥി ക്യാമ്പില്‍ സ്ത്രീകള്‍ക്കുള്ള ഇടങ്ങളിലേക്ക് മാധ്യമങ്ങൾക്ക് പ്രവേശനമില്ല.

ശിവ്്വിഹാറില്‍ മദീനാ മസ്ജിദ് കത്തിച്ച സംഘം ജയ് ശ്രീരാം വിളികളുമായി നീങ്ങുന്നതിനിടെ മുസ്്ലിം വീടുകളിലെ സ്ത്രീകള്‍ക്കെതിരെ ആസിഡ് ആക്രമണം നടത്തിയെന്നാണ് സന്നദ്ധ പ്രവര്‍ത്തകന്‍ ബുര്‍ഖാന്‍ വെളിപ്പെടുത്തുന്നത്. വീടനകത്തേക്ക് ചീറ്റിയ ആസിഡ് മുഖത്ത് പതിക്കാത്തതിനാലാണ് പലര്‍ക്കും പരുക്കേല്‍ക്കാതിരുന്നത്. പലരുടെയും വസ്ത്രത്തില്‍ ആസിഡ് പതിച്ചു.

അമ്പതുകാരനായ ബക്കീലിന്റെ വീട്ടില്‍ ആസിഡ് ആക്രമണമുണ്ടായപ്പോള്‍ അദ്ദേഹത്തിനും പതിനേഴുകാരിയായ മകള്‍ അംനക്കും മുഖത്ത് പരുക്കേറ്റു. രണ്ട് പേരും അര്‍ബന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഹെൽമെറ്റ് ധരിച്ച് ജയ് ശ്രീറാം വിളിച്ച് വീട്ടിൽ ഇരച്ചു കയറിയവരാണ് മുഖത്തേക്ക് ആസിഡ് ചീറ്റിയതെന്ന് വ്യാപാര സ്ഥാപനം നടത്തുന്ന ബക്കീല്‍ മൊഴി നല്‍കിയിട്ടുണ്ട്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്