Connect with us

Kerala

ഭാരവാഹി പട്ടികയില്‍ കൃഷ്ണദാസ് പക്ഷത്തെ ഒതുക്കിയതില്‍ ബി ജെ പിയില്‍ പൊട്ടിത്തെറി

Published

|

Last Updated

തിരുവനന്തപുരം | എല്ലാവരേയും ഉള്‍ക്കൊള്ളിച്ചെന്ന് അവകാശപ്പെട്ട് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പുറത്തുവിട്ട ഭാരവാഹി പട്ടികക്കെതിരെ പരസ്യ പ്രതികരണവുമായി മുതിര്‍ന്ന നേതാവ് എം എസ് കുമാര്‍. തന്നെ ചുമതലപ്പെടുത്തിയ വക്താവ് സ്ഥാനം ഏറ്റെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പി കെ കൃഷ്ണദാസ് പക്ഷത്തെ നേതാവായ എം എസ് കുമാര്‍ സുരേന്ദ്രന് കത്തയച്ചു. ഈ കത്ത് തന്റെ രാജിക്കത്തായി കണക്കാക്കണമെന്നും കത്തിലുണ്ട്. അഡ്വ. നാരായണന്‍ നമ്പൂതിരി, ബി ഗോപാലകൃഷ്ണന്‍, ജി സന്ദീപ് വാര്യര്‍ എന്നിവര്‍ക്കൊപ്പമാണ് എം എസ് കുമാറിനും വക്താവ് സ്ഥാനം നല്‍കിയിരുന്നത്.

എന്നാല്‍ പുതിയ ഭാരവാഹി പട്ടിക തങ്ങളെ പൂര്‍ണമായും ഒതുക്കുന്നതാണെന്നാണ് കൃഷ്ണദാസ് പക്ഷം പറയുന്നത്. ഈ പക്ഷത്തുള്ള പ്രമുഖ നേതാക്കളായ എ എന്‍ രാധാകൃഷ്ണനേയും ശോഭാ സുരേന്ദ്രനേയും ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി വൈസ്.പ്രസിഡന്റ് സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. അടുത്തിടെ ബി ജെ പിയിലെത്തിയ അബ്ദുല്ലകുട്ടിക്കും ജി രാമന്‍ നായര്‍ക്കുമൊപ്പം 10 വൈസ് പ്രസിഡന്റുമാരിലാണ് ഇവരേയും ഉള്‍പ്പെടുത്തിയത്. ഇത് അവഹേളനമാണെന്ന് കൃഷ്ണദാസ് വിഭാഗം പറയുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എം ടി രമേശിനെ മാത്രമാണ് കൃഷ്ണദാസ് പക്ഷത്ത് നിന്നും ഉള്‍പ്പടുത്തിയത്.

കെ സുരേന്ദ്രനുമായി വലിയ ശത്രതുതയിലാണെന്ന് റിപ്പോര്‍ട്ടുള്ള കൃഷ്ണദാസ് പക്ഷത്തെ നേതാവും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റുമായ പ്രകാശ് ബാബുവിനേയും സ്ഥാനത്ത് നിന്ന് മാറ്റിയിട്ടുണ്ട്. പകരം മുരളീധര പക്ഷത്തുള്ള ആര്‍ പ്രഫുല്‍ കൃഷ്ണനെയാണ് നിയമിച്ചിരിക്കുന്നത്. ഇത്തരത്തില്‍ കൃഷ്ണദാസ് പക്ഷത്തെ എല്ലാ രിതിയിലും ഒതുക്കിയുള്ള ഒരു പട്ടികയാണ് ഇന്ന് സുരേന്ദ്രന്‍ പ്രഖ്യാപിച്ചത്. ഇതിനെതിരായ പ്രതിഷേധങ്ങളും വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ തുടക്കമെന്ന നിലയിലാണ് എം എസ് കുമാര്‍ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് അറിയിച്ചിരിക്കുന്നത്.

 

 

---- facebook comment plugin here -----

Latest