Connect with us

Covid19

കൊറോണ: ബ്രസ്സല്‍സില്‍ ചേരാനിരുന്ന ഇന്ത്യ - യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി മാറ്റി

Published

|

Last Updated

ന്യൂഡല്‍ഹി | മുവായിരത്തിലധികം ആളുകളുടെ മരണത്തിനിടയാക്കി കൊറോണ വൈറസ് ലോകവ്യാപകമായി പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബെല്‍ജിയം സന്ദര്‍ശനം മാറ്റിവച്ചു. ബ്രസ്സല്‍സില്‍ നടത്താനിരുന്ന ഇന്ത്യ – യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയും മാറ്റി. പരസ്പര സൗകര്യപ്രദമായ മറ്റൊരു തീയതിയില്‍ ഉച്ചകോടി ചേരുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. മറ്റു രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇരു രാജ്യങ്ങളിലെയും ആരോഗ്യ അധികൃതര്‍ നിര്‍ദ്ദേശിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ – യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി മാര്‍ച്ച് 13 ന് ബ്രസ്സല്‍സിലെ യൂറോപ്യന്‍ യൂണിയന്‍ ഓഫീസില്‍ നടത്താനാണ് നിശ്ചയിച്ചിരുന്നത്. ബുധനാഴ്ച, ബ്രസല്‍സില്‍ പുതിയ പത്ത് കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതോടെ ബെല്‍ജിയത്തിലെ മൊത്തം കേസുകളുടെ എണ്ണം 23 ആയി. ഈ സാഹചര്യത്തില്‍ ബെല്‍ജിയത്തിലേക്കുള്ള യാത്ര നിര്‍ത്തിവെക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെടുകയായിരുന്നു.

അതേസമയം, പ്രധാനമന്ത്രി മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം നിശ്ചയിച്ച പ്രകാരം നടക്കുമെന്നും അതിന്റെ വിശദാംശങ്ങള്‍ പിന്നീട് പങ്കുവെക്കുമെന്നും രവീഷ് കുമാര്‍ പറഞ്ഞു. കൊറോണ കണക്കിലെടുത്ത് ഈ വര്‍ഷം ഹോളി ആഘോഷ പരിപാടികളില്‍ പങ്കെടുക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി മോദി നേരത്തെ തീരുമാനിച്ചിരുന്നു.

രാജ്യത്ത് ഇതുവരെ 30 കൊറോണ വൈറസ് കേസുകളാണ് കണ്ടെത്തിയത്. 15 ഇറ്റാലിയന്‍ വിനോദസഞ്ചാരികളുടെ ഒരു സംഘത്തിന് രോഗം സ്ഥിരീകരിച്ചതോടെയാണ് രോഗബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നത്.

Latest