Connect with us

Kerala

പൗരത്വ സമരങ്ങളില്‍ ഇസ്‌ലാമിക മുദ്രാവാക്യങ്ങള്‍ക്ക് പ്രസക്തിയില്ല: കാന്തപുരം

Published

|

Last Updated

കോഴിക്കോട് | പൗരത്വ സമരങ്ങളില്‍ ഇസ്‌ലാമിക മുദ്രാവാക്യങ്ങളുയര്‍ത്തുന്നത് ശരിയല്ലെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ഇപ്പോഴത്തെ പ്രക്ഷോഭം ഇന്ത്യ എന്ന മതേതര രാജ്യത്തെയും ഇവിടുത്തെ ഭരണഘടനയേയും സംരക്ഷിക്കാനുള്ള സമരമാണ്. അതില്‍ ഇസ്‌ലാമിക മുദ്രാവാക്യങ്ങള്‍ക്ക് പ്രസക്തിയില്ല. അങ്ങനെ ചെയ്യുന്നത് ഭിന്നിപ്പിന് ഇടവരുത്തും. മത പ്രശ്‌നത്തെ ഈ സമരത്തിലേക്ക് കൊണ്ടുവരിക പോലും ചെയ്യേണ്ടതില്ലെന്ന് കാന്തപുരം പറഞ്ഞു.

പൗരത്വ സമരവുമായി ബന്ധപ്പെട്ട് മതേതര കക്ഷികള്‍ സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടികളിലെല്ലാം താന്‍ അടക്കമുള്ളവര്‍ സംബന്ധിക്കുന്നുണ്ടെന്നും ഇത്തരം പരിപാടികളില്‍ ഇന്ത്യ ഒന്നാണ്, ഇന്ത്യ നമ്മുടേതാണ് , ഇവിടെ സൗഹൃദമുണ്ടാവണം, സമാധാനമുണ്ടാവണം എന്നീ മുദ്രാവാക്യങ്ങളാണ് ഉയരേണ്ടതെന്നും കാന്തപുരം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

മതവിദ്വേഷം പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ വെറുപ്പിന്റെയും സംഘര്‍ഷത്തിന്റെയും വിഷം കുത്തിവെച്ച് മുസ്‌ലിം സമുദായത്തെ രാജ്യദ്രോഹികളാക്കി ഒറ്റപ്പെടുത്താനുള്ള ഫാസിസ്റ്റ് ശ്രമങ്ങള്‍ വ്യാപകമായി നടന്നു വരുന്നു. ഇതിലൂടെ രാജ്യത്തിന്റെ മതേതര മുഖം വികൃതമാവുകയാണ്. ഭരണകൂടവും പോലീസും ഡല്‍ഹിയില്‍ നിരപരാധികളെ ക്രൂരമായി വേട്ടയാടിയപ്പോള്‍ കലാപത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കേസെടുക്കാന്‍ തയ്യാറാവാതിരിക്കുന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും കാന്തപുരം അഭിപ്രായപ്പെട്ടു.

ഡല്‍ഹി കലാപത്തിനിരയായവര്‍ക്ക് കേരള മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ കഴിയാവുന്ന സഹായങ്ങള്‍ എത്തിച്ചു നല്‍കുന്നുണ്ടെന്ന് കാന്തപുരം അറിയിച്ചു.