Connect with us

National

കപില്‍ മിശ്രക്കെതിരെ കേസെടുക്കുന്നതിന് പകരം സുരക്ഷ വര്‍ധിപ്പിച്ച് ഡല്‍ഹി പോലീസ്

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യത്തെ നടുക്കിയ വംശഹത്യക്ക് കാരണമായ പ്രകോപന പ്രസംഗം നടത്തിയ ബി ജെ പി നേതാവ് കപില്‍ മിശ്രക്കെതിരെ കേസെടുക്കുന്നതിന് പകരം സുരക്ഷ വര്‍ധിപ്പിച്ച് ഡല്‍ഹി പോലീസ്. സായുധരായ ആറ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അടങ്ങിയ വൈ കാറ്റഗറി സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയത്. സാമൂഹിക മാധ്യമങ്ങളിലടക്കം തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് മിശ്ര നല്‍കിയ അപേക്ഷിയിലാണ് പോലീസിന്റെ നടപടി.

ഡല്‍ഹിയില്‍ 45 പേരെ കൊന്നൊടുക്കി നടത്തിയ ന്യൂനപക്ഷ വേട്ടയില്‍ ഹിന്ദുത്വ ഭീകരര്‍ക്ക് പ്രേരകമായത് കപില്‍ മിശ്ര അടക്കമുള്ള ബി ജെ പി നേതക്കളുടെ പ്രസംഗമാണെന്ന് ചൂണ്ടിക്കാട്ടിക്കപ്പെട്ടിരുന്നു. കപില്‍ മിശ്രക്ക് എതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികളും കലാപത്തിലെ ഇരകളും ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സുപ്രീം കോടതിയിലും ഡല്‍ഹി ഹൈക്കോടതിയിലും ഹരജിയത്തി. എന്നാല്‍ 45 പേര്‍ മരിക്കുകയും 200 ഓളം പേര്‍ പരുക്കേല്‍ക്കയും നിരവധി കച്ചവട സ്ഥാപനങ്ങളും വീടുകളും ചുട്ടെരിക്കുകയും ചെയ്ത കേസില്‍ ഡല്‍ഹി പോലീസ് കേസെടുക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേ ഡല്‍ഹി പോലീസാണ് കപില്‍ മിശ്രയുടെ ആവശ്യം പരിഗണിച്ച് ഉടന്‍ സുരക്ഷ വര്‍ധിപ്പിച്ചത്.

ഫോണ്‍കോളിലൂടെയും ട്വിറ്ററിലൂടെയും വാട്‌സ് ആപ്പ് സന്ദേശങ്ങളിലൂടെയും തനിക്ക് ഇന്ത്യക്കകത്തു നിന്നും പുറത്തു നിന്നും ഭീഷണി വരുന്നുണ്ടെന്ന് കപില്‍ മിശ്ര ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

അതിനിടെ ഡല്‍ഹി കൂട്ടക്കൊല കേസില്‍ മുഖ്യപ്രതിയാകേണ്ടിയിരുന്ന വ്യക്തിക്ക് എതിരെ കേസ് എടുക്കാതെ സുരക്ഷ വര്‍ധിപ്പിച്ചതിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. ഇന്നത്തെ പാര്‍ലിമെന്റ് സമ്മേളനത്തില്‍ വിഷയം വലിയ വാഗ്വാദങ്ങള്‍ക്കിടയാക്കുമെന്ന് ഉറപ്പാണ്.