Connect with us

National

ഡല്‍ഹി അക്രമം; ലോക്‌സഭയില്‍ ഉന്തും തള്ളും, നാടകീയ രംഗങ്ങള്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയിലെ അക്രമ സംഭവങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യത്തെ പിന്തുടര്‍ന്ന് ലോക്‌സഭയില്‍ കയ്യാങ്കളി. പ്രതിഷേധ ബാനറുമായി ഭരണപക്ഷത്തിന്റെ നിരയിലേക്ക് നീങ്ങിയ ഗൗരവ് ഗോഗോയി, ഹൈബി ഈഡന്‍ എന്നിവരെ പിടിച്ചുതള്ളി. സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപത്തേക്ക് നീങ്ങിയ തന്നെ ബി ജെ പി എം പി ദേഹോപദ്രവമേല്‍പ്പിച്ചെന്ന് രമ്യ ഹരിദാസ് എം പി പരാതിപ്പെട്ടു. താന്‍ പിന്നാക്ക വിഭാഗക്കാരിയും സ്ത്രീയും ആയതിനാലാണോ ആക്രമിക്കപ്പെടുന്നതെന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് സ്പീക്കറോട് രമ്യ ചോദിച്ചു.

അക്രമ സംഭവങ്ങളില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം ഇരു സഭകളിലും നോട്ടീസ് നല്‍കിയെങ്കിലും അനുമതി ലഭിച്ചില്ല. തുടര്‍ന്ന്, പ്രതിപക്ഷം ബഹളം വെച്ചു. ബഹളം കാരണം രണ്ട് മണി വരെ ലോക്‌സഭാ നടപടികള്‍ നിര്‍ത്തിവച്ചു. രണ്ട് മണിക്ക് ശേഷം സഭ പുനരാരംഭിച്ചെങ്കിലും അക്രമ സംഭവങ്ങളില്‍ ചര്‍ച്ച വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറാന്‍ പ്രതിപക്ഷം തയാറായില്ല. ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ടുള്ള ബാനറുമായി ഗൗരവ് ഗോഗോയി, ഹൈബി ഈഡന്‍ എന്നിവര്‍ ഭരണപക്ഷത്തിന്റെ ഭാഗത്തേക്ക് എത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്.
ബി ജെ പി എം പിമാര്‍ ഇരുവരെയും പിടിച്ച് തള്ളി. തുടര്‍ന്ന്, കേരളത്തില്‍ നിന്നുള്ള മറ്റ് കോണ്‍ഗ്രസ് അംഗങ്ങളും ഭരണപക്ഷത്തിനു നേരെ നീങ്ങിയതോടെ സ്പീക്കര്‍ സഭാ നടപടികള്‍ നിര്‍ത്തിവക്കുകയായിരുന്നു.

നാലു മണിക്ക് വീണ്ടും സഭ ചേര്‍ന്നെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നു. ഡല്‍ഹി ആക്രമത്തില്‍ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് പാര്‍ലിമെന്റിനു പുറത്ത് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും വെവ്വേറെ പ്രതിഷേധ ധര്‍ണ നടത്തി.