Connect with us

International

യു എസും താലിബാനും ചരിത്രപരമായ സമാധാന കരാറില്‍ ഒപ്പുവെച്ചു

Published

|

Last Updated

ദോഹ/ കാബൂള്‍: രണ്ട് വര്‍ഷം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ യു എസും താലിബാനും ചരിത്രപരമായ സമാധാന കരാറില്‍ ഒപ്പുവെച്ചു. കരാര്‍ പ്രകാരം അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യ സൈന്യം പതിനാല് മാസത്തിനുള്ളില്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് പൂര്‍ണമായും പിന്മാറും. പതിനെട്ട് വര്‍ഷം നീണ്ടുനിന്ന അഫ്ഗാനിസ്ഥാന്‍ യുദ്ധത്തിന് ഇതോടെ വിരാമമാകും.

ഖത്വര്‍ തലസ്ഥാനമായ ദോഹയില്‍ യു എസ് പ്രത്യേക സ്ഥാനപതി സല്‍മേ ഖാലിസാദും താലിബാന്‍ രാഷ്ട്രീയ വിഭാഗം മേധാവി മുല്ല അബ്ദുല്‍ ഗനി ബറാദറുമാണ് കരാറില്‍ ഒപ്പുവെച്ചത്. യു എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാനെത്തി.

അഫ്ഗാനിസ്ഥാന്റെ നിയന്ത്രണത്തിലുള്ള ജയിലുകളില്‍ കഴിയുന്ന അയ്യായിരം പേരെ മോചിപ്പിക്കണമെന്ന് കരാറില്‍ താലിബാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇക്കാര്യം അഫ്ഗാന്‍ സര്‍ക്കാര്‍ അംഗീകരിക്കുമോയെന്ന് വ്യക്തമല്ല. യു എസും അഫ്ഗാനും തങ്ങളുടെ എല്ലാവിധ ആവശ്യങ്ങളും അംഗീകരിച്ചതായി ചര്‍ച്ചക്കായി ദോഹയിലെത്തിയ താലിബാന്റെ മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ പറഞ്ഞു.

യു എസ് സൈനികരെ നാട്ടില്‍ തിരിച്ചെത്തിക്കുമെന്ന വാഗ്ദാനം പാലിക്കുന്നതിനുള്ള മികച്ച അവസരമാണ് കരാറെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. കരാര്‍ ഒപ്പുവെച്ചതിന് പിന്നാലെ എല്ലാവിധത്തിലുമുള്ള അക്രമ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ താലിബാന്‍ നേതൃത്വം ആഹ്വാനം ചെയ്തു.

2001ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷമാണ് അഫ്ഗാനിസ്ഥാനില്‍ യു എസ് അധിനിവേശം നടത്തുന്നത്. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തെ പുറത്താക്കിയെങ്കിലും പതിനെട്ട് വര്‍ഷത്തിനുള്ളില്‍ നിരവധി നാറ്റോ സൈനികരാണ് അഫ്ഗാനില്‍ കൊല്ലപ്പെട്ടത്.