ഈ ചിത്രത്തിന് പിന്നില്‍; അന്ന് സ‌ംഭവിച്ചത് എന്തെല്ലാ‌ം? മർദനത്തിനിരയായ സുബൈർ തുറന്നു പറയുന്നു…

കഴിഞ്ഞ ദിവസം വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഉണ്ടായ വര്‍ഗീയ സംഘര്‍ഷത്തിനിടയില്‍ 37 കാരനായ മുഹമ്മദ് സുബൈറിനെ ഹൈന്ദുത്വ തീവ്രവാദികള്‍ ആക്രമിക്കുന്ന ചിത്രം ഡല്‍ഹി വംശഹത്യയുടെ പ്രതീകമായി മാറിക്കഴിഞ്ഞു. ഡല്‍ഹി സംഭവങ്ങളുടെ ഭീകരത വെളിപ്പെടുത്തുന്നതായിരുന്നു പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവും റോയിട്ടേഴ്‌സ് ഫോട്ടോ ജേണലിസ്റ്റുമായ ഡാനിഷ് സിദ്ദിഖി എടുത്ത ഈ ചിത്രം. അന്ന് സംഭവിച്ചതെന്ത്? മുഹമ്മദ് സുബൈര്‍ തുറന്നുപറയുന്നു...
ഭാഗം 1
Posted on: February 29, 2020 9:04 pm | Last updated: March 3, 2020 at 8:14 pm
ഹൈന്ദവ തീവ്രവാദികള്‍ സുബൈറിനെ ആക്രമിക്കുന്നു. ചിത്രത്തിന് കടപ്പാട്: ഡാനിഷ് സിദ്ദീഖി/ റോയിട്ടേഴ്‌സ്‌

തിങ്കളാഴ്ച രാവിലെ 8.30 ഓടെ മുഹമ്മദ് സുബൈര്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ചാന്ദ് ബാഗിലുള്ള വീട്ടില്‍ നിന്ന് ഷാഹി ഈദ്ഗാഹില്‍ നടക്കുന്ന വാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കാനായാണ് പുറപ്പെട്ടത്. പതിനേഴാം നൂറ്റാണ്ടില്‍ സ്ഥാപിച്ച ഈ ഈദ്ഗാഹ് പഴയ ഡല്‍ഹിയിലെ തിരക്കേറിയ സര്‍ദാര്‍ ബസാര്‍ പരിസരത്താണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നടക്കുന്ന വാര്‍ഷിക പരിപാടിയില്‍ ആയിരക്കണക്കിന് പേരാണ് പങ്കെടുക്കാറ്. രണ്ട് പതിറ്റാണ്ടിലേറെയായി വര്‍ഷം തോറും ഇവിടെ ‘ഇജ്തിമാഅ്’ എന്ന പേരില്‍ പരിപാടി നടന്നുവരുന്നുണ്ട്. അതില്‍ പങ്കെടുക്കുകയായിരുന്നു 37കാരനായ സുബൈറിന്റെ ലക്ഷ്യം.

ആ ദിവസത്തിന്റെ തുടക്കം മുതല്‍, അദ്ദേഹത്തിന്റെ ജീവിതത്തില്‍ വിചിത്രമായ കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരുന്നത്. ആദ്യം, തന്റെ മൊബൈല്‍ ഫോണ്‍ വീട്ടില്‍ മറന്നുവെച്ചു. ഇതായിരുന്നു എല്ലാ അപകടങ്ങൾക്കും കാരണമെന്ന് പിന്നീട് മനസ്സിലായി. അതുകഴിഞ്ഞ് കശ്മീര്‍ ഗേറ്റ് ബസ് സ്റ്റോപ്പില്‍ വാഹനം കണ്ടെത്താന്‍ പാടുപെടുന്നതിനിടയില്‍, മോട്ടോര്‍ സൈക്കിളിലെത്തിയ അപരിചിതന്‍ സുബെെറിന് ലിഫ്റ്റ് വാഗ്ദാനം ചെയ്തു. വെളുത്ത കുര്‍ത്ത പൈജാമയും തലപ്പാവും കണ്ടപ്പോള്‍ അയാള്‍ സുബൈറിനോട് ഈദ്ഗാഹിലേക്ക് ആണോ എന്ന് ചോദിച്ചു. അപ്രതീക്ഷിതമായ ഈ സൗജന്യ സവാരി അല്ലാഹുവില്‍ നിന്നുള്ള സമ്മാനമാണെന്ന് ഞാന്‍ കരുതിയെന്ന് സുബൈര്‍ പറയുന്നു.

പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചുപോകുമ്പോള്‍, സുബൈര്‍ തന്റെ കുടുംബത്തിനായി ഭക്ഷണവും പഴവും വാങ്ങിച്ചു. ഈദ്ഗാഹിലെ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ ഇത്തരത്തില്‍ ഭക്ഷണങ്ങള്‍ വാങ്ങുന്നത് പതിവായിരുന്നു. ഇത് മറ്റൊരു നിര്‍ഭാഗ്യകരമായ തീരുമാനമാണെന്ന് പിന്നീട് തെളിഞ്ഞെന്ന് സുബെെർ പറയുന്നു. ഭക്ഷണവും പഴവും നിറഞ്ഞ പോളിബാഗുകള്‍ തന്റെ കൈയിലില്ലായിരുന്നുവെങ്കില്‍ മറ്റൊരു വഴിയിലൂടെ വീട്ടിലേക്ക് പോകാനോ ഓടി രക്ഷപ്പെടുവാനോ കഴിയുമായിരുന്നുവെന്നും സുബൈര്‍ പറഞ്ഞു.

ഉച്ചകഴിഞ്ഞ് 2 മണിയോടെ സുബൈര്‍ വീട്ടിലേക്ക് പോകാനായി ഒരു മിനിബസില്‍ കയറി. ഇതിനിടയിലാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ നിരവധി പ്രദേശങ്ങളില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്. അക്രമാസക്തമായ വാര്‍ത്തകള്‍ പ്രചരിച്ചപ്പോള്‍, മിനിബസ് തന്റെ വീടിന് കുറച്ചകലെയുള്ള യമുന പുഷ്തയില്‍ സുബൈറിനെ ഇറക്കി.

പിന്നീടുള്ള സംഭവങ്ങള്‍ സുബൈര്‍ വിവരിക്കുന്നത് ഇങ്ങനെ:

സുബെെർ

‘ഖജുരിയില്‍ കലാപം നടക്കുന്നുണ്ടെന്ന് ഞാന്‍ കേട്ടിട്ടുണ്ട്, അതിനാല്‍ ഞാന്‍ ഭജന്‍പുര മാര്‍ക്കറ്റിലൂടെ പോകാമെന്ന് കരുതി. ഖജുരി ഖാസും ഭജന്‍പുരയും ചാന്ദ് ബാഗും അടുത്താണ് സ്ഥിതി ചെയ്യുന്നത്. ഞാന്‍ ഭജന്‍പുര മാര്‍ക്കറ്റില്‍ എത്തിയപ്പോള്‍ അവിടം വിജനമായിരുന്നു.’

‘അധികം താമസിയാതെ ഞാന്‍ പ്രധാന തെരുവിലെത്തി. ഹിന്ദു ആധിപത്യമുള്ള ഭജന്‍പുരയെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ചന്ദ് ബാഗില്‍ നിന്ന് വിഭജിക്കുന്നത് ഈ തെരുവാണ്. ആ തെരുവ് കടക്കാമെന്ന് കരുതി ഞാന്‍ സബ്‌വേയിലേക്ക് നടക്കാന്‍ തുടങ്ങി.’

‘ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് തെരുവിന്റെ ഇരുവശങ്ങളിലും വലിയ ജനക്കൂട്ടം തടിച്ചുകൂടിയത്. ഞാന്‍ സബ്‌വേയുടെ പടികള്‍ ഇറങ്ങുമ്പോള്‍, ഗോവണിക്ക് മുകളില്‍ ആരോ അവിടെ കടക്കുന്നത് അപകടകരമാണെന്ന് പറയുന്നത് കേട്ടു. ചില ആക്രമികള്‍ അവിടെ പതിയിരിക്കുന്നുണ്ടെന്ന് ഞാന്‍ കരുതി, അതിനാല്‍ ഞാന്‍ വീണ്ടും തെരുവിലേക്ക് തന്നെ ഇറങ്ങി. സബ്‌വേ കടക്കരുതെന്ന് എന്നോട് പറഞ്ഞയാള്‍ കുറി തൊട്ടിരുന്നു. അവര്‍ എനിക്ക് മറ്റൊരു വഴി ചൂണ്ടിക്കാണിച്ചുതന്നു. പക്ഷേ അവിടെ കല്ലേറ് നടക്കുന്നത് ഞാന്‍ കണ്ടു. എന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കുന്നതിനുമുമ്പ്, അവര്‍ ‘ജയ് ശ്രീ റാം’ എന്ന് ഉറക്കെ അലറിവിളിക്കാന്‍ തുടങ്ങി, ‘ഈ മുല്ലയെ കൊല്ലുക’ എന്ന് ഒരു നിലവിളി ഉയര്‍ന്നു. ഇതുകേട്ട ഞാന്‍ അവരില്‍ ഒരാളോട് ഞാന്‍ ചെയ്ത തെറ്റ് എന്താണെന്ന് ചോദിച്ചു’.

‘അതേസമയം, മറ്റൊരാള്‍ എന്റെ തലക്ക് ഇരുമ്പുവടികൊണ്ട് അടിച്ചു, എന്റെ തലയില്‍ നിന്ന് രക്തം ഒഴുകാന്‍ തുടങ്ങി. അതിനുശേഷം, അവര്‍ എന്നെ വളരെ ക്രൂരമായി തല്ലി. ഇതില്‍ നിന്ന് രക്ഷപ്പെടാനാകില്ലെന്ന് ഞാന്‍ കരുതി. ഞാന്‍ മരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു.’

‘ഇതിനിടയില്‍ എനിക്ക് ബോധം നഷ്ടപ്പെട്ടു. എന്നെ മരണത്തിന് വിട്ടുനല്‍കി അവര്‍ നീങ്ങി. കുറച്ച് സമയത്തിനുശേഷം, അല്‍പം ബോധം വന്നപ്പോള്‍ നാലു പേര്‍ എന്നെ റോഡിന്റെ മറുവശത്തേക്ക് കൊണ്ടുപോകുന്നുവെന്ന് ഞാന്‍ മനസ്സിലാക്കി. അവര്‍ എന്നെ ഒരു ആംബുലന്‍സില്‍ കയറ്റിയതായും ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആരോടോ ആവശ്യപ്പെട്ടതായും എനിക്ക് ചെറിയ ഓര്‍മ്മയുണ്ട്. തെരുവിലെ സിമന്റ് ഡിവെെഡറില്‍ ഇരിക്കുകയായിരുന്ന ചില മുസ്ലീം ചെറുപ്പക്കാര്‍ തെരുവില്‍ സുജൂദ് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതായി ആക്രമണത്തിനിരയായ കാഴ്ചക്കാര്‍ പിന്നീട് എന്റെ കുടുംബത്തോട് പറഞ്ഞു. അജ്ഞാതരായ ആ യുവാക്കള്‍ ആംബുലന്‍സില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് എന്റെ തലയില്‍ തുന്നല്‍ നടത്താന്‍ ഒരു പ്രാദേശിക ഡോക്ടറെ ലഭിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു’.

സുബെെർ ആശുപത്രിയിൽ

‘അതിനുശേഷം, ചിലര്‍ എന്റെ പേരും നമ്പറും ആശുപത്രിയില്‍ ആവര്‍ത്തിച്ച് ചോദിച്ചത് ഞാന്‍ ഓര്‍ക്കുന്നു. എന്റെ നമ്പര്‍ ഓര്‍മിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാന്‍ അപ്പോള്‍. അപ്പോഴേക്കും ഞാന്‍ പൂര്‍ണ്ണമായും രക്തത്തില്‍ നനഞ്ഞിരുന്നു. എന്റെ വസ്ത്രങ്ങള്‍ കീറി അടിവസ്ത്രങ്ങള്‍ പുറത്തുകാണുന്നുണ്ടായിരുന്നു. സ്‌ട്രെച്ചറില്‍ ഇരിക്കുമ്പോള്‍ ഞാന്‍ ഛര്‍ദ്ദിച്ചു’.

‘എന്നോടൊപ്പം ആരെങ്കിലും ഉണ്ടോ എന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ചോദിച്ചു. ഇല്ലെന്ന് ഞാന്‍ മറുപടി നല്‍കി. ഈ സമയം തലപ്പാവ് ധരിച്ച മറ്റൊരാളെ ആശുപത്രിയില്‍ കണ്ടു. എനിക്ക് ഒരു എക്‌സ്‌റേ എടുക്കാനുണ്ടെന്നും സഹായിക്കാമോ എന്നും ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം മറ്റൊരാളെ എനിക്ക് സഹായത്തിനായി നല്‍കി. ഞങ്ങള്‍ ഇരുവരും ആശുപത്രിക്ക് പുറത്തുപോയി എക്‌സ്‌റേ എടുത്തു’.

‘എക്‌സ്‌റേയില്‍ ഒടിവുകള്‍ ഒന്നും കാണിച്ചില്ല, പക്ഷേ എനിക്ക് തല കറങ്ങുന്നുണ്ടായിരുന്നു. സിടി സ്‌കാനിനായി അയയ്ക്കാന്‍ ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടെങ്കിലും യന്ത്രം തകരാറിലാണെന്ന് അവര്‍ പറഞ്ഞു. പെട്ടെന്ന് ഞാന്‍ എന്റെ സഹോദരന്റെ നമ്പര്‍ ഓര്‍ത്തു. അവനെ വിളിച്ച് ഉടന്‍ എത്താന്‍ പറയാന്‍ ഞാന്‍ ആ സുഹൃത്തിനോട് പറഞ്ഞു. സഹോദരനോട് കുറച്ച് വസ്ത്രങ്ങള്‍ കൊണ്ടുവരാന്‍ പറയണമെന്നും പറഞ്ഞു.’

‘സഹോദരന്‍ മുഹമ്മദ് ഖാലിദ് ഉള്‍പ്പെടെയുള്ള എന്റെ കുടുംബത്തെ ചാന്ദ് ബാഗിലെ അവരുടെ വീട്ടില്‍ പാര്‍പ്പിച്ചു. ഇതിനിടയില്‍ എന്റെ സഹോദരി ഭര്‍ത്താവ് മുഹമ്മദ് അസ് ലമിനെയും വിവരമറിയിച്ചു’.

‘രാത്രി എട്ടുമണിയോടെ ആശുപത്രിയില്‍ എത്തി. അപ്പോഴേക്കും ഞാന്‍ ആക്രമിക്കപ്പെട്ടിട്ട് നാല് മണിക്കൂര്‍ പിന്നിട്ടിരുന്നു. ഇതിനിടയില്‍ അസ്‌ലം അദ്ദേഹത്തിന്റെന്റെ ഭാര്യയും എന്റെ സഹോദരിയുമായ സെബ്രൂനിസയെ വിളിച്ചു വിവരം പറഞ്ഞു. അസ്ലം ആശുപത്രിയിലെത്തിയയുടനെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോണ്‍കോളുകള്‍ തുരുതുരാ വരാന്‍ തുടങ്ങി’.

ഭാഗം 2: ‘ആ മൊബൈല്‍ മറന്നില്ലായിരുന്നുവെങ്കില്‍ ഞാന്‍ രക്ഷപ്പെടുമായിരുന്നു’

Read more