Connect with us

National

ഡല്‍ഹി വംശഹത്യക്ക് നേര്‍സാക്ഷിയായി ഒരു ആശുപത്രി; ഡോക്ടര്‍മാര്‍ക്ക് പറയാനുള്ളത് കണ്ണീർ കഥകള്‍

Published

|

Last Updated

ന്യൂഡൽഹി | “അവരെ പരിചരിക്കുമ്പോള്‍ ഞങ്ങള്‍ കരയുകയായിരുന്നു… ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെയാരു അനുഭവം.. ജീവിതാന്ത്യം വരെ മനസ്സില്‍ നിന്ന് ആ കാഴ്ചകള്‍ മാഞ്ഞുപോകില്ല…” വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 40ല്‍ അധികം പേരുടെ മരണത്തിനിടയാക്കിയ അക്രമ സംഭവങ്ങള്‍ പൊട്ടിപ്പുറപ്പെട്ട മുസ്തഫാ ബാദിലെ അല്‍ ഹിന്ദ് ആശുപത്രിയില്‍ പരുക്കേറ്റവരെ ചികിത്സിച്ച ഡോക്ടര്‍ മെഹ്‌രാജ് ഇക്രമിന്റെ ഹൃദയഭേദഗകമായ വാക്കുകളാണിത്.

ഏറ്റവും രൂക്ഷമായ സംഘര്‍ഷം അരങ്ങേറിയ മുസ്തഫാബാദിലെ ഈ ചെറിയ ആശുപത്രിയിലേക്കാണ് ഗുരുതരമായി പരുക്കേറ്റവരെ കൂട്ടത്തോടെ കൊണ്ടുവന്നത്. ചുമലിലേറ്റിയും സ്‌ട്രെച്ചറുകളില്‍ തള്ളിയും കൊണ്ടുവന്ന അവരുടെ ദൃശ്യങ്ങള്‍ ഭയപ്പെടുത്തുന്നതായിരുന്നു. ആസിഡ് ആക്രമണവും മാരകായുധങ്ങള്‍ കൊണ്ടുള്ള ആക്രമണവും കാരണം പലരുടെയും ശരീരം വികൃതമായ നിലയിലായിരുന്നു. 15 കിടക്കകള്‍ മാത്രമുള്ള ആ രണ്ടുനില കെട്ടിടത്തിലേക്ക് തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി എത്തിയ രോഗികളുടെ എണ്ണം അതിലും എത്രയോ ഇരട്ടിയാണ്.

പരിമിതമായ സൗകര്യങ്ങളാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഓക്‌സിജനും മരുന്നുകളുമെല്ലാം തീര്‍ന്നിട്ടും പരുക്കേറ്റവരെയുമായി ആളുകള്‍ എത്തിക്കൊണ്ടേയിരുന്നു. കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാനാകാതെ ഒരു ഘട്ടത്തില്‍ ആശുപത്രിയുടെ ഷട്ടര്‍ താഴ്‌ത്തേണ്ടിവുന്നുവെന്ന് ഡോക്ടര്‍ മെഹ്‌രാജ് നിറകണ്ണുകളോടെ പറഞ്ഞു.

ആശുപത്രിക്ക് ചുറ്റും ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയിരുന്നത്. ഇതുമൂലം ഗുരുതരമായി പരുക്കേറ്റവരെ മറ്റു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് ആംബുലന്‍സുകള്‍ ആശുപത്രി കോമ്പൗണ്ടിലേക്ക് കൊണ്ടുവരാന്‍ വരെ സാധിച്ചില്ല. പരിഭ്രാന്തരായ കുടുംബങ്ങളുടെ നിലവിളികള്‍ക്കിടയില്‍, ആശുപത്രി ഉടമ ഡോ. അന്‍വര്‍ അഭിഭാഷകരെ ബന്ധപ്പെട്ടു. ഡല്‍ഹിയിലെ ഒരു ഹൈക്കോടതി ബെഞ്ചില്‍ നിന്ന് അര്‍ദ്ധരാത്രി വാദം കേട്ടു. ഒടുവില്‍ ആംബുലന്‍സുകള്‍ പ്രവേശന കവാടത്തിലേക്ക് കൊണ്ടുപോകാന്‍ പോലീസിന് കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.

അല്‍ ഹിന്ദ് ആശുപത്രിയില്‍ മോര്‍ച്ചറി ഇല്ലായിരുന്നു. മൃതദേഹങ്ങള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് എത്തിയപ്പോള്‍ അക്രമികള്‍ വാളുപയോഗിച്ച് ഡ്രൈവറെ ഭീഷണിപ്പെടുത്തി വാഹനം തടഞ്ഞതായും ഡോക്ടര്‍ പറഞ്ഞു. “എന്റെ ജീവിതത്തില്‍ ഇനി ഒരിക്കലും ഇത്തരം മനുഷ്യത്വമില്ലായ്മക്ക് സാക്ഷ്യം വഹിക്കേണ്ടി വരില്ലെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്” – ഇത് പറയുമ്പോള്‍ ഡോക്ടര്‍ അന്‍വറിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു.

ഇതിനിടയില്‍ സംഘര്‍ഷത്തില്‍ ജീവനും സ്വത്തും നഷ്ടപ്പെട്ട പ്രദേശവാസികള്‍ക്ക് അത്താണിയായും ആശുപത്രി മാറി. ഇത്തരത്തിലുള്ള നിരവധി പേരാണ് അല്‍ ഹിന്ദ് ആശുപത്രിയില്‍ അഭയം തേടിയത്.

രോഗികള്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ മാത്രം സൗകര്യമുള്ള ചെറിയ ആശുപത്രിയാണ് അല്‍ ഹിന്ദ്. പ്രദേശത്ത് മികച്ച പ്രാഥമിക ശുശ്രൂഷയുടെ അഭാവം ഉണ്ടെന്ന് മനസ്സിലാക്കി രണ്ട് വര്‍ഷം മുമ്പാണ് ആശുപത്രി സ്ഥാപിച്ചതെന്ന് ഡോക്ടര്‍. എം എ അന്‍വര്‍ പറയുന്നു.

---- facebook comment plugin here -----

Latest