Kerala
ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ട്; തട്ടിക്കൊണ്ട് പോയതെന്ന് സംശയമെന്നും മുത്തച്ഛന്‍

കൊല്ലം | വീട്ടിനടുത്ത ആറ്റില്‍ ഏഴ് വയസുകാരി ദേവനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ദുരൂഹതയെന്ന് മുത്തച്ഛന്‍. തനിച്ച് എങ്ങോട്ടും പോകുന്ന കുട്ടിയല്ല ദേവനന്ദയെന്നും കുട്ടിയെ തട്ടിക്കൊണ്ട് പോയതാണെന്നും മുത്തച്ഛന്‍ മോഹനന്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞു. ഒറ്റക്ക് എങ്ങും പോകാത്ത കുട്ടിയാണ്. അയല്‍വീട്ടില്‍ പോലും കുട്ടി തനിച്ച് പോകാറില്ല. ഇത്രയേറെ ദൂരെ കുട്ടി പോയതില്‍ ദുരൂഹതയുണ്ട്. ആറ്റില്‍നിന്നും കണ്ടെടുത്ത അമ്മയുടെ ഷാള്‍ കുട്ടി ധരിച്ചിരുന്നതല്ലെന്നും മോഹനന്‍ പിള്ള പറഞ്ഞു
കൊട്ടിയം നെടുമ്പന ഇളവൂര്‍ കിഴക്കേക്കര ധനീഷ് ഭവനില്‍ പ്രദീപ്കുമാര്‍ ധന്യ ദമ്പതികളുടെ മൂത്ത മകളായ പൊന്നു എന്നുവിളിക്കുന്ന ദേവനന്ദയുടെ മൃതദേഹംവെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് ആറ്റിലെ വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ കുരുങ്ങിക്കിടക്കുന്നനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ആറ്റില്‍ മൃതദേഹം കണ്ടെത്തിയത്. കാണാതായസമയത്ത് ധരിച്ച വസ്ത്രങ്ങളോടെയാണ് മൃതദേഹം കിടന്നിരുന്നത്. ഷാളും സമീപത്തുനിന്നു കണ്ടെത്തിയിരുന്നു.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മുത്തച്ഛന്‍ നേരത്തെയും പറഞ്ഞിരുന്നു. വീട്ടുകാരുടെ അനുവാദമില്ലാതെ കുഞ്ഞ് പുറത്തേക്കിറങ്ങുകയോ അപരിചിതരുമായി സംസാരിക്കുകയോ ചെയ്യാറില്ല. ഇതുവരെ അവള്‍ ഒറ്റക്ക് ആറ്റുതീരത്തേക്ക് പോയിട്ടില്ല. രാവിലെ തങ്ങള്‍ ജോലിക്ക് പോകുമ്പോള്‍ കുട്ടി ഉറങ്ങിക്കിടക്കുകയായിരുന്നു. തലേദിവസം നൃത്തമത്സരങ്ങളില്‍ പങ്കെടുത്തതിനാല്‍ ഉറങ്ങട്ടെയെന്ന് കരുതിയാണ് വിളിക്കാതിരുന്നത്. ജോലിക്ക് പോയി മണിക്കൂറുകള്‍ കഴിയുംമുമ്പ് കുട്ടിയെ കാണാനില്ലെന്ന വാര്‍ത്തയറിഞ്ഞു. നിജസ്ഥിതി ബോധ്യപ്പെടാന്‍ ഏതറ്റംവരെയും പോകുമെന്നും മോഹനന്‍ പിള്ള പറഞ്ഞിരുന്നു.