Connect with us

Articles

ലൈഫ് പാർപ്പിട പദ്ധതി മാത്രമല്ല, ജീവിതം തന്നെ

Published

|

Last Updated

സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനിൽ രണ്ട് ലക്ഷം വീടുകൾ പൂർത്തിയാകുന്നതിലൂടെ മാതൃകാപരവും സമാനതകളില്ലാത്തതുമായ നേട്ടമാണ് കേരളം സ്വന്തമാക്കുന്നത്. രാജ്യത്ത് സർക്കാറുകൾ ഏറ്റെടുത്ത് നടത്തുന്ന ഭവനനിർമാണ പദ്ധതികളിൽ ഏറ്റവും കൂടുതൽ വീടുകൾ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തീകരിക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണ്.
കേരളത്തിലെ ഭവനരഹിതരുടെ പ്രശ്‌നങ്ങൾക്ക് സമഗ്ര പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ 2017ലാണ് ലൈഫ് മിഷൻ ആരംഭിച്ചത്. മൂന്ന് ഘട്ടങ്ങളായാണ് ലൈഫ് മിഷൻ വിഭാവനം ചെയ്തിരിക്കുന്നത്.

ഒന്നാംഘട്ടത്തിൽ 2000-01 മുതൽ 2015-16 വരെ വിവിധ സർക്കാർ ഭവനനിർമാണ പദ്ധതികൾ പ്രകാരം ധനസഹായം കിട്ടിയിട്ടും പല കാരണങ്ങളാൽ നിർമാണം പൂർത്തീകരിക്കാൻ കഴിയാതിരുന്ന കുടുംബങ്ങൾക്കുള്ള വീടുകൾ യാഥാർഥ്യമാക്കുക എന്നതായിരുന്നു ഏറ്റെടുത്ത ദൗത്യം. ഒന്നാംഘട്ടത്തിൽ നിർമിക്കേണ്ട 54,173 വീടുകളിൽ 52,050 (96.08 ശതമാനം) വീടുകൾ ഇതിനകം പൂർത്തീകരിച്ചു. ഒന്നാം ഘട്ടത്തിനായി സംസ്ഥാന സർക്കാർ ഇതുവരെ ചെലവഴിച്ചത് 670 കോടിയോളം രൂപയാണ്.

[irp]

ലൈഫ് രണ്ടാംഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിർമാണവും മൂന്നാംഘട്ടത്തിൽ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസവുമാണ് ലക്ഷ്യം. രണ്ടാംഘട്ടത്തിൽ രേഖാപരിശോധനയിലൂടെ 1,00,460 ഗുണഭോക്താക്കളാണ് അർഹത നേടിയത്. ഇവരിൽ 92,213 പേരാണ് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കരാറിലേർപ്പെട്ടത്. അതിൽ 74,674 (80.97 ശതമാനം) ഗുണഭോക്താക്കൾ ഭവനനിർമാണം പൂർത്തിയാക്കി. ലൈഫ് മിഷനിലൂടെ നടപ്പിലാക്കുന്ന ഭവന നിർമാണങ്ങൾക്കു പുറമെ ലൈഫ് പി എം എ വൈ (അർബൻ) പദ്ധതി പ്രകാരം 79,520 ഗുണഭോക്താക്കൾ കരാർ വെച്ച് പണി ആരംഭിക്കുകയും 47,144 വീടുകൾ പൂർത്തീകരിക്കുകയും ചെയ്തു. ലൈഫ് പി എം എ വൈ (റൂറൽ) പദ്ധതി പ്രകാരം 17,475 ഗുണഭോക്താക്കൾ കരാർ വെച്ച് പണി ആരംഭിക്കുകയും 16,640 വീടുകൾ പൂർത്തീകരിക്കുകയും ചെയ്തു. ലൈഫ് രണ്ടാം ഘട്ടത്തിനായി സംസ്ഥാന സർക്കാർ ഇതുവരെ ചെലവഴിച്ചത് 5,851.23 കോടി രൂപയാണ്. ലൈഫ് പി എം എ വൈ (റൂറൽ) ക്കായി സംസ്ഥാന സർക്കാർ ചെലവഴിച്ച 612.60 കോടി രൂപയും ലൈഫ് പി എം എ വൈ (അർബൻ)ക്കായി ചെലവഴിച്ച 2,263.63 കോടി രൂപയും ഇതിൽ ഉൾപ്പെടും.

ഇതുകൂടാതെ, മറ്റു വകുപ്പുകളുടെ ഭവനനിർമാണ പദ്ധതികളും പൂർത്തീകരിച്ചുവരുന്നു. പട്ടികജാതി വകുപ്പിനു കീഴിൽ 18,811 വീടുകളും പട്ടികവർഗ വകുപ്പിനു കീഴിൽ 738 വീടുകളും പൂർത്തീകരിച്ചു. ഫിഷറീസ് വകുപ്പ് നിർമിച്ച വീടുകളുടെ എണ്ണം 3,725 ആണ്. ഇതെല്ലാം കണക്കാക്കുമ്പോൾ ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഇതുവരെ പൂർത്തിയാക്കിയത് 2,14,000ത്തിൽപ്പരം വീടുകളാണ്.

[irp]

തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ വീടുകൾ നിർമിച്ചത്. 32,388 വീടുകൾ. 24,898 വീടുകൾ പൂർത്തീകരിച്ച് പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള കൊല്ലം ജില്ലയിൽ 18,470 വീടുകൾ പൂർത്തിയാക്കി. പത്തനംതിട്ടയിൽ 5,594 ഉം ആലപ്പുഴയിൽ 15,880 ഉം കോട്ടയം, ഇടുക്കി ജില്ലകളിൽ യഥാക്രമം 7,983 ഉം 13,531 ഉം എറണാകുളത്ത് 14,901 ഉം തൃശൂരിൽ 15,604 ഉം മലപ്പുറത്ത് 17,994 ഉം കോഴിക്കോട് 16,381 ഉം വയനാട് 13,596 ഉം കണ്ണൂരും കാസർകോട്ടും യഥാക്രമം 9,236, 7,688 വീടുകളും പൂർത്തിയായി.
ലൈഫ് മൂന്നാംഘട്ടത്തിൽ പ്രധാനമായും ഭവനസമുച്ചയങ്ങളാണ് നിർമിക്കുന്നത്. പ്രീഫാബ് സാങ്കേതികവിദ്യയാണ് നിർമാണത്തിനായി ഉപയോഗിക്കുക. 1,06,925 ഗുണഭോക്താക്കളെ മൂന്നാം ഘട്ടത്തിൽ അർഹരായി കണ്ടെത്തിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ അടിമാലിയിൽ 217 കുടുംബങ്ങൾക്ക് താമസിക്കാൻ കഴിയുന്ന ഭവനസമുച്ചയം പൂർത്തീകരിച്ച് അടിമാലി ഗ്രാമപഞ്ചായത്തിലെ അർഹരായ മുഴുവൻ ഭൂരഹിത ഭവനരഹിതർക്കും വീട് കൈമാറിക്കഴിഞ്ഞു. 163 ഗുണഭോക്താക്കൾക്കാണ് നിലവിൽ അവിടെ വീടുകൾ ലഭിച്ചത്. ബാക്കി വീടുകൾ മറ്റ് പഞ്ചായത്തുകളിലെ ഭൂരഹിത ഭവന രഹിത ഗുണഭോക്താക്കളെ കണ്ടെത്തി ഉടൻ കൈമാറും. അങ്കമാലിയിൽ 12 കുടുംബങ്ങൾക്കായുള്ള ഭവന സമുച്ചയത്തിന്റെ നിർമാണം പൂർത്തീകരിക്കുകയും ഫെബ്രുവരി 15നു ഉദ്ഘാടനം ചെയ്ത് ഗുണഭോക്താക്കൾക്ക് നൽകുകയും ചെയ്തു. മൂന്നാംഘട്ടത്തിൽ ഈ വർഷം തന്നെ 100 ഭവനസമുച്ചയങ്ങളാണ് പൂർത്തീകരിക്കുക. ഇതിൽ 12 പൈലറ്റ് ഭവന സമുച്ചയങ്ങളുടെ ടെൻഡർ അവാർഡ് ചെയ്ത് പ്രാരംഭ പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്. ആഗസ്റ്റ് 2020 ന് മുമ്പ് ഇവ പൂർത്തിയാക്കും. ലൈഫ് മൂന്നാം ഘട്ടത്തിനായി സർക്കാർ ഇതുവരെ 31 കോടിയോളം രൂപ ചെലവഴിച്ചിട്ടുണ്ട്. 448 കോടിയോളം രൂപയുടെ ഭവന സമുച്ചയ പദ്ധതികൾക്ക് ഭരണാനുമതി നൽകിയിട്ടുണ്ട്. ഭവനസമുച്ചയങ്ങൾക്കായി 300ഓളം ഇടങ്ങളിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.

പിണറായി വിജയൻ
മുഖ്യമന്ത്രി കേരള

കേരള മുഖ്യമന്ത്രി

Latest