Connect with us

Editorial

കലാലയ രാഷ്ട്രീയത്തില്‍ പുനരാലോചന വേണം

Published

|

Last Updated

കലാലയങ്ങളില്‍ സമരങ്ങള്‍ നിരോധിച്ചു കൊണ്ടുള്ള കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധി രാഷ്ട്രീയ മേഖലകളില്‍ വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. സമരം ചെയ്യാന്‍ ആര്‍ക്കും എവിടെയും അവകാശമുണ്ട്. ഇത് വിലക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നാണ് രാഷ്ട്രീയ നേതൃത്വങ്ങളുടെ നിലപാട്. കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിദ്യാര്‍ഥി രാഷ്ട്രീയവും സമരങ്ങളും കാരണം കലാലയങ്ങളില്‍ വലിയ തോതില്‍ ക്ലാസുകള്‍ നഷ്ടപ്പെടുന്നതിനാല്‍ ഇക്കാര്യത്തില്‍ കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ നിന്നുള്ള രണ്ട് സ്‌കൂളുകള്‍ സമര്‍പ്പിച്ച ഹരജിയിലാണ്, പഠനത്തിനു തടസ്സം സൃഷ്ടിക്കുന്ന പഠിപ്പ് മുടക്ക്, മാര്‍ച്ച്, ഘെരാവോ തുടങ്ങിയ സമരമുറകള്‍ സ്‌കൂളുകളിലും കോളജുകളിലും വിലക്കിക്കൊണ്ട് ബുധനാഴ്ച ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പഠിക്കാനുള്ള വിദ്യാര്‍ഥികളുടെ അവകാശം മൗലികമാണ്. വിദ്യാര്‍ഥി സമരത്തിന്റെ പേരില്‍ അത് തടയാന്‍ മറ്റുള്ളവര്‍ക്ക് അവകാശമില്ലെന്ന് വിധിയില്‍ ജസ്റ്റിസ് പി ബി സുരേഷ്‌കുമാര്‍ ചൂണ്ടിക്കാട്ടി. ഈ ഉത്തരവിന് വിപരീതമായി എന്തെങ്കിലും സംഭവിച്ചാല്‍ സ്‌കൂള്‍ അധികൃതര്‍ക്കോ ഡി ഇ ഒ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കോ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാം. ആവശ്യമെങ്കില്‍ പോലീസിനെ വിളിച്ചു വരുത്താം. വിദ്യാര്‍ഥി സംഘടനകള്‍ മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടാല്‍ അവര്‍ക്ക് മതിയായ സംരക്ഷണം നല്‍കണമെന്നും പോലീസിനും നിര്‍ദേശം നല്‍കി കോടതി.

സംസ്ഥാന സര്‍ക്കാറിന് ഓര്‍ക്കാപുറത്തെ അടിയാണ് ഈ വിധിപ്രസ്താവം. കലാലയ രാഷ്ട്രീയത്തിനെതിരെ കോടതികളില്‍ അടിക്കടി പരാമര്‍ശങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥി യൂനിയന്‍ പ്രവര്‍ത്തനം നിയമപരമാക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള ഒരുക്കത്തിലായിരുന്നു സര്‍ക്കാര്‍. ഉന്നത വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ഓര്‍ഡിനന്‍സിന്റെ കരട് നിയമവകുപ്പിന്റെ പരിഗണനയിലാണ്. പുതിയ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അപ്പീല്‍ പോയി നിലവിലെ ഉത്തരവ് തിരുത്തിച്ച ശേഷം മാത്രമേ ഓര്‍ഡിനന്‍സ് ഇറക്കാനാകുകയുള്ളൂ.

[irp]

കലാലയ രാഷ്ട്രീയത്തിനെതിരെ നേരത്തേ പലപ്പോഴായി വന്ന കോടതി വിധികളുടെ തുടര്‍ച്ചയാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. 1997ല്‍ സുപ്രീം കോടതിയും 1998ലും 2003ലും 2017ലും സംസ്ഥാന ഹൈക്കോടതിയും പുറപ്പെടുവിച്ചിട്ടുണ്ട് സമാനമായ ഉത്തരവുകള്‍. വിദ്യാര്‍ഥികളില്‍ സഹവിദ്യാര്‍ഥികളോട് ശത്രുതാ മനോഭാവം വളര്‍ന്നു വരാന്‍ കലാലയ രാഷ്ട്രീയം ഇടയാക്കുന്നുവെന്നായിരുന്നു സുപ്രീം കോടതിയില്‍ ജസ്റ്റിസ് കെ ടി തോമസ് നടത്തിയ പരാമര്‍ശം. സ്‌കൂള്‍ പാര്‍ലിമെന്റിലേക്കുള്ള തിരഞ്ഞെടുപ്പ് രാഷ്ട്രീയ സംഘടനാ അടിസ്ഥാനത്തിലായിരിക്കരുതെന്നാണ് 1998ലെ ഹൈക്കോടതി വിധി. ധര്‍ണ, നിരാഹാര സമരം, സത്യഗ്രഹം തുടങ്ങിയവക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒട്ടും സ്ഥാനമില്ലെന്നും വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് കലാലയ രാഷ്ട്രീയമല്ലാത്ത വേദികള്‍ കലാലയങ്ങളിലുണ്ടെന്നായിരുന്നു 2017ല്‍ ജസ്റ്റിസ് സിറിയക് ജോസഫ് അധ്യക്ഷനായ ഹൈക്കോടതി ബഞ്ചിന്റെ നിരീക്ഷണം.

കോടതി വിധികളെ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും രാഷ്ട്രീയ കക്ഷികളും തള്ളിപ്പറയുമ്പോള്‍, തങ്ങള്‍ ചോദിച്ചു വാങ്ങിയതല്ലേ ഇവയെന്ന് അവര്‍ ചിന്തിക്കേണ്ടതുണ്ട്. ന്യായമായ ആവശ്യങ്ങള്‍ക്കായി, സമാധാനപരമായ രീതിയില്‍ മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിക്കാതെ സമരം ചെയ്യുന്നതിനെ ഒരു കോടതിയും എതിര്‍ക്കാന്‍ സാധ്യതയില്ല. ഇന്ന് കലാലയങ്ങളില്‍ നടക്കുന്ന സമരങ്ങളും വിദ്യാര്‍ഥി യൂനിയന്‍ പ്രവര്‍ത്തനങ്ങളും ഇത്തരത്തിലുള്ളതാണോ? ഗുണ്ടായിസവും ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തനങ്ങളുമാണ് മിക്കപ്പോഴും വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിന്റെ മറവില്‍ കലാലയങ്ങളില്‍ നടക്കുന്നത്. കണ്ണൂര്‍ രാഷ്ട്രീയത്തെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ ആണ്‍കുട്ടികളുടെ മെയ്ക്കരുത്തിന്റെ പ്രകടനമാണ് പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അന്തരീക്ഷം. ഒരു വിദ്യാര്‍ഥി പ്രസ്ഥാനത്തിന് ആധിപത്യമുള്ള സ്ഥാപനത്തില്‍ മറ്റുള്ള സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നു. വിദ്യാര്‍ഥികളുടെ പഠനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയെന്നതിലുപരി കക്ഷിരാഷ്ട്രീയത്തിലേക്കുള്ള ചവിട്ടുപടിയെന്ന നിലയിലാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍ തങ്ങളുടെ വിദ്യാര്‍ഥി സംഘടനകളെ കാണുന്നത്. കക്ഷിരാഷ്ട്രീയ താത്പര്യങ്ങളായിരിക്കും മിക്ക വിദ്യാര്‍ഥി സമരങ്ങളുടെയും പിന്നില്‍. ഉന്നത വിദ്യാഭ്യാസത്തില്‍ കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ പിറകിലാകാനുള്ള മുഖ്യ കാരണങ്ങളിലൊന്ന് കലാലയ രാഷ്ട്രീയമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഈ അവസ്ഥക്കൊരു മാറ്റം അനിവാര്യമാണ്. ജസ്റ്റിസ് സിറിയക് ജോസഫ് അഭിപ്രായപ്പെട്ടതു പോലെ കുറച്ചു പേര്‍ക്ക് എം എല്‍ എയും എം പിയും ആകാന്‍ വേണ്ടി ബഹുഭൂരിപക്ഷം വരുന്ന വിദ്യാര്‍ഥികളെ ബലിയാടാക്കുകയും പഠന സ്വാതന്ത്ര്യം ഹനിക്കുകയും ചെയ്യുന്ന വിദ്യാര്‍ഥി രാഷ്ട്രീയം അംഗീകരിക്കാവതല്ല. കക്ഷിരാഷ്ട്രീയ താത്പര്യങ്ങള്‍ക്കുപരി അക്കാദമിക് വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥിതിവിശേഷം സംജാതമാകണം. ഭാവി തലമുറയെന്ന നിലയില്‍ വിദ്യാര്‍ഥികള്‍ രാഷ്ട്രീയ കാര്യങ്ങള്‍ അറിയുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത് ആവശ്യം തന്നെ. ഇതുപക്ഷേ കൊടിയെടുത്ത് സമരവേദിയില്‍ ഇറങ്ങിയും മറ്റു വിദ്യാര്‍ഥികളില്‍ സമ്മര്‍ദം ചെലുത്തി സമരത്തില്‍ പങ്കെടുപ്പിച്ചും വേണമെന്നില്ല. സമാധാനപരമായ ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും അത് സാധ്യമാക്കാകുന്നതേയുള്ളൂ. ഇത്തരം സംഘടനാ പ്രവര്‍ത്തനങ്ങളെ ഒരു കോടതിയും നിരോധിക്കുകയില്ല. ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകുന്നതിനൊപ്പം വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ക്കുള്ള മാര്‍ഗങ്ങള്‍ കൂടി ആരായേണ്ടതുണ്ട് സര്‍ക്കാറും രാഷ്ട്രീയ നേതൃത്വങ്ങളും.