Connect with us

Gulf

കൊറോണ: ജി സി സിയില്‍ കനത്ത ജാഗ്രത- ഇറാനിലേക്കുള്ള വിമാന സര്‍വ്വീസ് നിര്‍ത്തി

Published

|

Last Updated

ദുബൈ |  കൊറോണ വൈറസ് ജി സി സിയെയാകെ പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുന്നു. നിരവധി മരണം ഇറാനില്‍ സംഭവിച്ചതോടെ ഗള്‍ഫ് രാജ്യങ്ങളെല്ലാം ആശങ്കയുടെ മുള്‍ മുനയിലാണ്. വിമാന സര്‍വീസുകള്‍ വ്യാപകമായി തടസ്സപ്പെട്ടിട്ടുണ്ട്. ഇത് വിനോദ, വ്യാപാര മേഖലകളെയും തളര്‍ത്തി. മധ്യ പൗരസ്ത്യ മേഖലയില്‍ രോഗബാധിതരുടെ എണം 204 ആണ്.  കൂടുതല്‍ പടരാതിരിക്കാന്‍ ഇറാനുമായുള്ള ബന്ധം അയല്‍ രാജ്യങ്ങള്‍ അവസാനിപ്പിച്ചു. ഇറാനിലേക്കുള്ള എല്ലാ യാത്രാ, ചരക്ക് വിമാനങ്ങളും ഒരാഴ്ചത്തേക്ക് യു എ ഇ നിര്‍ത്തിവച്ചു.

അതിനിടെ വൈറസ് പടരാതിരിക്കാനുള്ള ഇറാന്റെ തീവ്രമായ പോരാട്ടത്തിന് നേതൃത്വം നല്‍കിയ ഒരു മന്ത്രി തന്നെ രോഗത്തിനിരയായി. ആരോഗ്യ ഉപ മന്ത്രിയായ ഇറാജ് ഹരിര്‍ച്ചിക്ക് കൊറോണ വൈറസ് ബാധിച്ചു. രോഗങ്ങള്‍ നിയന്ത്രണാധീതമാകുമോ എന്ന സംശയം ശക്തിപ്പെട്ടതിനാല്‍ ഇറാന്‍ ഏതാണ്ട് നിശ്ചലമായി. 139 കേസുകള്‍ ഇറാന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 19 മരണങ്ങള്‍ സ്ഥിരീകരിച്ചു. അതേസമയം, ഫെബ്രുവരി 24ന്, താന്‍ പ്രതിനിധീകരിക്കുന്ന നഗരത്തില്‍ കൊറോണ വൈറസ് ബാധിച്ച് 50 പേരെങ്കിലും മരിച്ചുവെന്ന് കോമില്‍ നിന്നുള്ള ഇറാനിയന്‍ എം പി പറഞ്ഞിരുന്നു.

ഇറാനിനകത്തും പുറത്തും അണുബാധിതരുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ കൂടുതലായിരിക്കുമെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. ബഹ്‌റൈന്‍ പല വിമാന സര്‍വീസുകളും നിര്‍ത്തി. 26 പേരിലാണ് കണ്ടെത്തിയത്. കുവൈത്തില്‍ കൊറോണ വൈറസ് കേസുകള്‍ 18 ആയി ഉയര്‍ന്നു. വിദ്യാലയങ്ങള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു.

കൊറോണ വൈറസ് പ്രതിരോധിക്കുന്നതില്‍ യു എ ഇ ഏതാണ്ട് വിജയിച്ചുവെങ്കിലും ജാഗ്രത തുടരുന്നു. “ആശുപത്രികള്‍ പൂര്‍ണമായും സജ്ജീകരിച്ചിരിക്കുന്നു” എന്ന് യു എ ഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയിലെ ഒരു ഉദ്യോഗസ്ഥന്‍ ബുധനാഴ്ച റോയിട്ടേഴ്‌സിനോട് പറഞ്ഞു. രോഗം പ്രതിരോധിക്കാന്‍ യു എ ഇയില്‍ മതിയായ സൗകര്യങ്ങളുണ്ട്. വിദ്യാലയങ്ങള്‍ അടച്ചിട്ടില്ല. അതേസമയം, രാജ്യത്ത് പ്രവേശിക്കുന്ന എല്ലാവരെയും പൂര്‍ണമായി നിരീക്ഷിക്കും. സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇതിനിടെ ചൈനീസ് പ്രസിഡന്റ് ചീ ജീന്‍ പിങുമായി അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ടെലിഫോണില്‍ ബന്ധപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ശക്തമാക്കും.
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതില്‍ ചൈന കൈകൊള്ളുന്ന നടപടികളെ ശൈഖ് മുഹമ്മദ് പ്രകീര്‍ത്തിച്ചു. ചൈനീസ് ഗവണ്‍മെന്റിനും അവിടുത്തെ ജനങ്ങള്‍ക്കും ഈ പരീക്ഷണത്തെ മറികടക്കാന്‍ കഴിയുമെന്ന് പ്രത്യാശിച്ച ശൈഖ് മുഹമ്മദ് കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതില്‍ യു എ ഇയുടെ മുഴുവന്‍ പിന്തുണയും ചൈനീസ് പ്രസിഡന്റിന് ഉറപ്പുകൊടുത്തു. കോറോണ ബാധിച്ചുള്ള മരണങ്ങളില്‍ അവരുടെ കുടുംബത്തിനും ചൈനീസ് സര്‍ക്കാറിനും ശൈഖ് മുഹമ്മദ് യു എ ഇയുടെ അനുശോചനം അറിയിച്ചു.

 

Latest