Connect with us

National

ബി ജെ പി നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാത്ത പോലീസിനെ വിമര്‍ശിച്ചു; ഹൈക്കോടതി ജഡ്ജിക്ക് സ്ഥലംമാറ്റം

Published

|

Last Updated

ന്യൂഡല്‍ഹി | പ്രകോപനപരമായും വിദ്വേഷം വളര്‍ത്തുന്ന രീതിയിലും പ്രസംഗിച്ച ബി ജെ പി നേതാക്കള്‍ക്കെതിരെ കേസെടുക്കാത്തതിന് പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച ഡല്‍ഹി ഹൈക്കോടതി ജഡ്ജിയെ സ്ഥലം മാറ്റി.
ജസ്റ്റിസ് എസ് മുരളീധറിനെയാണ് പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയിലേക്ക്‌ സ്ഥലം മാറ്റിയത്. കൊളീജിയം ശിപാര്‍ശ പ്രകാരമാണിത്. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്.

അക്രമവുമായി ബന്ധപ്പെട്ട വിദ്വേഷ പ്രസംഗ കേസ് നേരത്തേയുള്ള കൊളീജിയം ശിപാര്‍ശ പ്രകാരം ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍ അധ്യക്ഷനായ ബഞ്ചായിരുന്നു പരിഗണിക്കേണ്ടിയിരുന്നത്. അദ്ദേഹം അവധിയായതിനാലാണ് ജസ്റ്റിസ് എസ് മുരളീധര്‍ അധ്യക്ഷനായ ബഞ്ച് കേസ് പരിഗണിച്ചത്. ഇന്ന് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍ തന്നെ കേസ് പരിഗണിക്കും.

ഫെബ്രുവരി 12-നാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയം മുരളീധറിന്റെ സ്ഥലം മാറ്റത്തിന് ശിപാര്‍ശ ചെയ്തിരുന്നത്. ഇത് അംഗീകരിച്ചാണ് കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ അടിയന്തര നടപടി. വിഷയത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായി സംസാരിച്ചിരുന്നുവെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നുമാണ് നിയമ മന്ത്രാലയത്തിന്റെ പ്രതികരണം. മുരളീധറിനെ സ്ഥലംമാറ്റാനുള്ള നീക്കം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഡല്‍ഹി ബാര്‍ അസോസിയേഷന്‍ സുപ്രീം കോടതി കൊളീജിയത്തെ സമീപിച്ചിരുന്നു.

ഡല്‍ഹിയില്‍ 27 പേര്‍ കൊല്ലപ്പെടാനിടയായ അക്രമ സംഭവങ്ങളില്‍ ബി ജെ പി നേതാക്കള്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ ജസ്റ്റിസ് മുരളീധറിന്റെ അധ്യക്ഷതയിലുള്ള ബഞ്ച് ഉത്തരവിട്ടിരുന്നു. വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയില്‍ പ്രകോപനപരമായി പ്രസംഗിച്ച ബി ജെ പി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേശ് വര്‍മ, അഭയ് വര്‍മ എന്നിവര്‍ക്കെതിരെ കേസെടുക്കാനാണ് ഉത്തരവിട്ടത്. കലാപവുമായി ബന്ധപ്പെട്ട ഹരജി പരിഗണിച്ച കോടതി ഈ നേതാക്കള്‍ നടത്തിയ പ്രസംഗങ്ങളുടെ വീഡിയോ കണ്ട ശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

അക്രമികള്‍ അഴിഞ്ഞാടുമ്പോള്‍ നിഷ്‌ക്രിയരായി നോക്കിനിന്ന ഡല്‍ഹി പോലീസിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. അക്രമികള്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദേശിച്ചു. കോടതിയില്‍ ഹാജരായ സോളിസിറ്റര്‍ ജനറലിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. അക്രമികള്‍ക്കെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നു ചോദിച്ച കോടതി കേസെടുക്കാന്‍ എത്ര വീടുകള്‍ കത്തിച്ചാമ്പലാകണമെന്ന് ചോദിച്ചു. നഗരം കത്തിമയര്‍ന്നിട്ടാണോ കേസെടുക്കുന്നതെന്നും കോടതി ചോദിച്ചു. രാജ്യത്ത് 1984ലെ സിഖ് വിരുദ്ധ കലാപത്തിന് സമാനമായ സാഹചര്യമുണ്ടാക്കരുതെന്നും ജനങ്ങള്‍ സുരക്ഷിതരാണെന്ന ബോധ്യം ഉണ്ടാക്കണമെന്നും കോടതി കേന്ദ്ര സര്‍ക്കാറിനോടും പോലീസിനോടും ആവശ്യപ്പെട്ടു.

 

Latest