Connect with us

National

ഡല്‍ഹി വംശഹത്യ: മരണം 27 ആയി; 200 ഓളം പേര്‍ ചികിത്സയില്‍

Published

|

Last Updated

ന്യൂഡല്‍ഹി |  വടക്ക് കിഴക്കന്‍ ഡല്‍ഹിില്‍ കഴിഞ്ഞ മൂന്ന് ദിവസമുണ്ടായ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 27
ആയി. കല്ലേറില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരുന്ന നാല് പേരാണ് ഇന്ന് മരിച്ചത്. അക്രമണത്തില്‍ പരുക്കേറ്റ് 200 ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ 30 പേരുടെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പരുക്കേറ്റവരില്‍ 56 പേര്‍ പോലീസുകാരാണ്.

അതിനിടെ കലാപത്തില്‍ കൊല്ലപ്പെട്ട ആറ് പേരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പരുക്കേറ്റവരുടെ മരിച്ചവരുടെയും വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഒമ്പത് പേര്‍ വെടിയേറ്റാണ് മരിച്ചത്. ഒരാള്‍ പൊള്ളലേറ്റും മറ്റുള്ളവര്‍ കല്ലേറിലുമാണ് മരണപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഡല്‍ഹി പോലീസ് അറിയിച്ചു.

അതിനിടെ സംഘര്‍ഷം പൂര്‍ണമായും നിയന്ത്രണ വിധേയമാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അറിയിച്ചു. ഡല്‍ഹിയുടെ സുരക്ഷയുടെ ചുമതലയുള്ള അദ്ദേഹം കലാപ ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശിച്ചു.