Connect with us

National

ഡല്‍ഹി കലാപം: മരണം 20; സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ അജിത് ഡോവലിന് ചുമതല

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി കലാപം സംബന്ധിച്ച ഹരജി ഡല്‍ഹി ഹൈക്കോടതി ചൊവ്വാഴ്ച രാത്രി പരിഗണിച്ചു. അക്രമം രൂക്ഷമായ സാഹചര്യത്തില്‍ അര്‍ധരാത്രി കോടതി ഹരജി പരിഗണിക്കുകയായിരുന്നു.കലാപംസംബന്ധിച്ച് കോടതി റിപ്പോര്‍ട്ട് തേടി. പരുക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. . കേസ് ഇന്ന് ഉച്ചക്കു ശേഷം കോടതി വീണ്ടും പരിഗണിക്കും. ഡല്‍ഹി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നു നിശ്ചയിച്ച കേരള സന്ദര്‍ശനം റദ്ദാക്കി.അതേ സമയം കലാപത്തില്‍ മരിച്ചവരുടെ എണ്ണം 20ആയി ഉയര്‍ന്നു. 48 പോലീസുകാരടക്കം 200ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന് ചുമതലയേല്‍പ്പിച്ചിട്ടുണ്ട്.

സംഘര്‍ഷങ്ങള്‍ക്കിടെ നിര്‍ത്തി വച്ച മെട്രോ സര്‍വീസുകള്‍ പുനരാരംഭിച്ചതായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ അറിയിച്ചു. എല്ലാ സ്റ്റേഷനുകളും തുറന്നു പ്രവര്‍ത്തിക്കും.
ഡല്‍ഹിയില്‍ അര്‍ധസൈനിക വിഭാഗങ്ങളടക്കം കൂടുതല്‍ സേനയെ വിന്യസിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. സംഘര്‍ഷം ആസൂത്രിതമല്ലെന്നാണ് കരുതുന്നതെന്ന് അമിത് ഷാ പറഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ അടക്കമുളളവര്‍ പങ്കെടുത്തു. സ്ഥിതി ആശങ്കാജനകമാണെന്ന് കേജ്‌രിവാള്‍ അറിയിച്ചു. സംഘര്‍ഷം നിയന്ത്രിക്കാന്‍ ആവശ്യമായ എല്ലാ സഹായവും കേന്ദ്രം വാഗ്ദാനം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.