കൊറോണ: ഇറാനില്‍ നിന്നുള്ള കപ്പലുകള്‍ക്ക് കുവൈത്തില്‍ നിരോധനം; വിമാന സര്‍വ്വീസുകളും നിര്‍ത്തി

Posted on: February 23, 2020 11:42 pm | Last updated: February 23, 2020 at 11:42 pm

കുവൈത്ത് സിറ്റി | ഇറാനില്‍ കൊറോന്‍ വൈറസ് ബാധിച്ച് 18 പേര് മരണപെട്ടതോടെ കൂടുതല്‍ ജാഗ്രതയുമായി കുവൈത്ത്. ഇറാനില്‍ നിന്നുള്ള കപ്പലുകള്‍ക്ക് ഞായറാഴ്ച മുതല്‍ നിരോധനം ഏര്‍പെടുത്തി.

രാജ്യത്തെ പ്രമുഖ തുറമുഖങ്ങളായ ഷുയിബ്, ഷുവായ്ഖ്, ദോഹ തുറമുഖങ്ങളില്‍ ഡോക്കിംഗ് ചെയ്യുന്നത് നിരോധിക്കാനുള്ള തീരുമാനം ജനങളുടെ സുരക്ഷ മുനിര്‍ത്തിയാണെന്ന് കുവൈത്ത് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

ശനിയാഴ്ച മുതല്‍ ഇറാനിലേക്കുള്ള മുഴുവന്‍ വിമാന സര്‍വ്വീസുകളും കുവൈറ്റ് നിര്‍ത്തിവെച്ചിരുന്നു. ഇറാനിയന്‍ നഗരമായ മഷാദിലുള്ള 700 കുവൈത്ത് പൗരന്മാരെ ഒഴിപ്പിക്കാന്‍ അടിയന്തിര വിമാനങ്ങള്‍ അയക്കുമെന്ന് കുവൈറ്റ് എയര്‍വേയ്സ് അറിയിച്ചു. കുവൈത്തിലേക്കുള്ള സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായും കുവൈറ്റ് എയര്‍വേയ്സ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.