Connect with us

Kerala

കോണ്‍ഗ്രസില്‍ കടുത്ത ഭിന്നത: അടുത്തമാസം എട്ടിന് ചേരാനിരുന്ന രാഷ്ട്രീയകാര്യ സമിതി മാറ്റിവെച്ചു

Published

|

Last Updated

തിരുവനന്തപുരം |  നേതാക്കള്‍ക്കിടയിലെ കടുത്ത ഭിന്നതയെ തുടര്‍ന്ന് അടുത്തമാസം എട്ടിന് ചേരാനിരിക്കുന്ന കോണ്‍ഗ്രസ് സംസ്ഥാന രാഷ്ട്രീയകാര്യ സമിതി മാറ്റിവെച്ചു. കഴിഞ്ഞ രാഷ്ട്രീകാര്യ സമിതിയിലെ വിമര്‍ശനങ്ങളെ തുടര്‍ന്നാണ് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ട്. അടുത്തമാസം ഒമ്പിന് തിരുവനന്തപുരത്ത് ആറ്റുകാല്‍ പൊങ്കാല നടക്കുന്നതിനാല്‍ എട്ടിന് രാഷ്ട്രീയകാര്യ സമിതി കഴിഞ്ഞ് നേതാക്കള്‍ക്ക് മടങ്ങിപോകാന്‍ കഴിയില്ലെന്നാണ് സമിതി മാറ്റിവെച്ചതിലുള്ള ഔദ്യോഗിക വിമര്‍ശനം. എന്നാല്‍ കഴിഞ്ഞ സമിതിയില്‍ ഉണ്ടായത് അനാവശ്യ വിമര്‍ശനങ്ങളാണെന്നും ഇത് മാധ്യമങ്ങള്‍ ചോര്‍ത്തി നില്‍കിയതായുമാണ് മുല്ലപ്പള്ളിയെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

കഴിഞ്ഞ രാഷ്ട്രീയകാര്യ സമിതിയിലുണ്ടായ വിമര്‍ശനങ്ങളില്‍ തന്റെ അതൃപ്തി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്നും അനാവശ്യ വിമര്‍ശനങ്ങള്‍ രാഷ്ട്രീയകാര്യ സമിതിയുടെ പ്രസക്തി നഷ്ടപ്പെടുത്തിയതായും മുല്ലപ്പള്ളിയുടെ പരാതിയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇനി ഹൈക്കാന്‍ഡിന്റെ ഭാഗത്ത് നിന്ന് ഒരു ഇടപെടല്‍ ഉണ്ടാകുന്നതുവരെ രാഷ്ട്രീയകാര്യ സമിതി ചേരേണ്ടെന്ന നിലപാടിലാണ് മുല്ലപ്പള്ളിയെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ രാഷ്ട്രീയകാര്യ സമിതിയില്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കടന്നാക്രമണമാണ് ഇരു ഗ്രൂപ്പില്‍ നിന്നുമുണ്ടായത്. മുല്ലപ്പള്ളിയുടെ അനാവശ്യ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ദോശം ചെയ്യുന്നതായും പൗരത്വ വിഷയത്തിലടക്കം പല പരസ്യ പ്രതികരണങ്ങളും ദോഷം ചെയ്തതായും നേതാക്കള്‍ പറഞ്ഞിരുന്നു. മുല്ലപ്പള്ളി ഏകപക്ഷീയ തീരുമാനം എടുക്കുന്നതായും വിമര്‍ശനമുണ്ടായി.

കെ പി സി സി പ്രസിഡന്റ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഫോണില്‍ പോലും സംസാരിച്ചിട്ടില്ലെന്നായിരുന്നു കെ സുധാകരന്‍ എം പിയുടെ വിമര്‍ശനം. പാര്‍ട്ടിയെ ഇല്ലാതാക്കാനാണോ നീക്കമെന്നായിരുന്നു മുല്ലപ്പള്ളിയോടുള്ള വി ഡി സതീശന്റെ ചോദ്യം. ഇത്തരം വിമര്‍ശനങ്ങളില്‍ പ്രകോപിതനായാണ് മുല്ലപ്പള്ളിയുടെ പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ട്.