Connect with us

Editorial

മോനേ വിയാന്‍, മാപ്പ്!

Published

|

Last Updated

മൃഗീയമെന്നു പറഞ്ഞാല്‍ മൃഗങ്ങള്‍ വരെ ലജ്ജിക്കും. അത്രക്കും കൊടിയ ക്രൂരതയാണ് ആ സ്ത്രീ കാണിച്ചത്. കണ്ണൂര്‍ സിറ്റിയിലെ തയ്യില്‍ കടപ്പുറത്ത് ശരണ്യ, വിയാന്‍ എന്ന ഒന്നരവയസ്സുകാരനായ സ്വപുത്രനെ കരിങ്കല്‍ ഭിത്തിയില്‍ എറിഞ്ഞു കൊന്ന സംഭവം അതീവ നടുക്കത്തോടെയാണ് കേരളം കേട്ടത്. സ്വന്തം ഉദരത്തില്‍ പിറന്ന, അമ്മിഞ്ഞ പാല്‍ കൊടുത്തു വളര്‍ത്തിയ കുഞ്ഞിനെ ഇരുളിന്റെ മറവില്‍ വീട്ടില്‍ നിന്ന് കൊണ്ടുപോയി കടപ്പുറത്തെ കരിങ്കല്‍ ഭിത്തിയില്‍ എറിഞ്ഞാണ് കൊന്നത്. ആദ്യത്തെ ഏറില്‍ മരണപ്പെടാതെ കുഞ്ഞ് വേദനമൂലം പിടഞ്ഞു കരഞ്ഞപ്പോള്‍ അവനെ എടുത്ത് രണ്ടാമത് കൂടുതല്‍ ശക്തിയോടെ കരിങ്കല്‍ ഭിത്തിയിലേക്കെറിഞ്ഞു മരണം ഉറപ്പാക്കിയ ശേഷമാണത്രെ ആ കാപാലിക മടങ്ങിയത്. ആരാരും അറിയാതെ കൃത്യം നിര്‍വഹിച്ച് കുറ്റം ഭര്‍ത്താവിന്റെ തലയില്‍ കെട്ടിവെച്ചു കാമുകനൊപ്പം ജീവിതം ആസ്വദിക്കാനായിരുന്നുവത്രെ ഈ കൊടും ക്രൂരത.

സ്വന്തം സുഖത്തിന് വേണ്ടി കുഞ്ഞിനെ കൊല്ലുന്ന മാതാവിനെ കേരളം ആദ്യമായല്ല പരിചയപ്പെടുന്നത്. 2014 ഏപ്രിലിലാണ് ആറ്റിങ്ങലില്‍ ടെക്‌നോപാര്‍ക്ക് ജീവനക്കാരിയും വിദ്യാസമ്പന്നയുമായ അനുശാന്തി കാമുകനുമൊത്ത് ജീവിക്കാന്‍ അയാളുടെ സഹായത്തോടെ മൂന്ന് വയസ്സുകാരി മകളെയും നൊന്തുപെറ്റ മാതാവിനെയും വെട്ടിക്കൊന്നത്. 2013 ഒക്‌ടോബറില്‍ തിരുവാണൂരില്‍ റാണി എന്ന സ്ത്രീ നാല് വയസ്സുള്ള മകളെ കാമുകന്മാരുടെ സഹായത്തോടെ മര്‍ദിച്ചു കൊന്നതും കാമുകരുമൊത്തുള്ള ജീവിതത്തിന് മകള്‍ തടസ്സമാകാതിരിക്കാനായിരുന്നു. കോട്ടയം കുറുവിലങ്ങാട് ടിന്റു ഗോപാലനെന്ന യുവതി മൂന്നാം കാമുകനു വേണ്ടി മകളെ കിണറ്റിലെറിഞ്ഞു കൊന്നതും ഇടുക്കിയിലെ റഫീഖിനെ അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് മര്‍ദിച്ചു ജീവച്ഛവമാക്കിയതും രാത്രിയില്‍ കുഞ്ഞ് കരഞ്ഞത് മൂലം ആ കുരുന്നിനെ ശ്വാസംമുട്ടിച്ചു കൊന്ന ആതിരയെയും അത്ര പെട്ടെന്നു മറക്കാനാകില്ല. എങ്കിലും ക്രൂരതയില്‍ അവരെയൊക്കെ കടത്തിവെട്ടുന്നു ശരണ്യ.
സ്‌നേഹത്തിന്റെ നീരുറവയാണ് മാതൃഹൃദയം. അതിനു പകരം വെക്കാന്‍ ലോകത്ത് മറ്റൊന്നും തന്നെയില്ലെന്നാണ് നാം കേട്ടുപഠിച്ചത്. മക്കള്‍ക്കായി എന്തും സഹിക്കാനും പൊറുക്കാനും കഴിയുന്ന ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകം. വാത്സല്യത്തിന്റെ മൂര്‍ത്തീമദ്ഭാവം, തന്റെ അവസാന ശ്വാസം വരെ മക്കളുടെ ചിരിയും സുഖവും നല്ല ജീവിതവും കാണാന്‍ ആഗ്രഹിക്കുന്ന നിസ്വാര്‍ഥതയുടെ ആകത്തുക എന്നൊക്കെയാണ് മാതാക്കള്‍ വിശേഷിപ്പിക്കപ്പെടുന്നത്. സ്വന്തം വയര്‍ ശൂന്യമായിട്ടും മറ്റുള്ളവരുടെ വീട്ടില്‍ പോയി ജോലി ചെയ്തു കിട്ടുന്ന ഭക്ഷണവും പണവും കുഞ്ഞുങ്ങള്‍ക്കായി വീട്ടില്‍ കൊണ്ടുവരുന്ന ഉമ്മമാര്‍, അതികാലത്ത് എഴുന്നേറ്റ് പൊതിച്ചോറ് കെട്ടി സ്‌കൂളില്‍ മക്കളെ കൊണ്ടാക്കി വൈകീട്ട് അവരെയുമായി തിരിച്ചു കിലോമീറ്ററുകളോളം നടന്ന് വീട്ടില്‍ എത്തിച്ചിരുന്ന ഉമ്മമാര്‍, കുടയില്ലാതെ സ്വന്തം ശിരസ്സും ശരീരവും നനയുമ്പോഴും സാരിത്തുമ്പ് കൊണ്ട് കുഞ്ഞിന്റെ തല മറച്ചുപിടിച്ച് അവരെ മഴ നനയാതെ ശ്രദ്ധിക്കുന്ന ഉമ്മമാര്‍, സ്‌കൂള്‍ ബസ് വരാന്‍ അൽപ്പം വൈകിയാല്‍ വേവലാതിയോടെ റോഡില്‍ അങ്ങുമിങ്ങും ഓടി നടക്കുന്ന ഉമ്മമാര്‍- ഇങ്ങനെ മക്കള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഉമ്മമാരെ സംബന്ധിച്ചാണ് നാം അടുത്ത കാലം വരെയും കേട്ടിരുന്നത്.

[irp]

കരളിന് ഗുരുതരമായ രോഗം ബാധിച്ച മകളെ രക്ഷിക്കാന്‍ സ്വന്തം കരളിന്റെ വലതു പാതി പകുത്തു നല്‍കിയ തൃശൂര്‍ ചേലക്കര സ്വദേശിനി സരസ്വതിയെ പോലെയുള്ള സ്ത്രീകളെയും മാതാപിതാക്കള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് റോഡരികില്‍ ഉറുമ്പരിച്ചു വിറങ്ങലിച്ചു കിടക്കുകയായിരുന്ന ഒരു ദിവസം പ്രായമായ കുഞ്ഞിന് സ്വന്തം മുലപ്പാല്‍ നല്‍കി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്ന ബെംഗളൂരുവിലെ സംഗീത എസ് ഹലിമാനി എന്ന പോലീസ് ഉദ്യോഗസ്ഥയെയും പരിചയപ്പെട്ട നാടാണിത്. ഇവര്‍ക്കിടയിലെങ്ങനെ ശരണ്യമാരും അനുശാന്തിമാരും റാണിമാരും വളര്‍ന്നു വരുന്നുവെന്നതാണ് അത്ഭുതം. സ്‌നേഹത്തിന്റെയും നന്മയുടെയും പ്രതീകമായി മാറേണ്ട ഒരു മാതാവിന് എങ്ങനെയാണ് സ്വന്തം കുഞ്ഞിനോട് ഇത്തരത്തില്‍ ക്രൂരത കാണിക്കാനാകുന്നത്? താരാട്ട് ആട്ടിയ കൈകള്‍ കൊണ്ട് എങ്ങനെ പാറയിലേക്ക് എടുത്തെറിയാന്‍ സാധിക്കുന്നു?

പാറയിലേക്കെറിയാനായി കുഞ്ഞിനെ ശരണ്യ എടുത്തുയര്‍ത്തിയപ്പോള്‍ അമ്മേ എന്ന് വിളിച്ചായിരിക്കില്ലേ ആ കുരുന്ന് കരഞ്ഞിട്ടുണ്ടാകുക? ശക്തിയില്‍ പാറയില്‍ തലയിടിച്ചു രക്തംപൊട്ടി വേദനിച്ചു നിലവിളിച്ചപ്പോള്‍ രക്ഷക്കായി കുഞ്ഞിന്റെ കൈനീണ്ടത് അവന്റെ അമ്മക്കു നേരെയായിരിക്കില്ലേ? തനിക്കു വേണ്ടെന്നാണെങ്കില്‍ അവര്‍ക്ക് ആ കുഞ്ഞിനെ വഴിയരികില്‍ എവിടെയെങ്കിലും ഉപേക്ഷിക്കാമായിരുന്നില്ലേ? എങ്കില്‍ മനുഷ്യത്വത്തിന്റെ അംശം അവശേഷിക്കുന്ന ആരെങ്കിലും എടുത്തു വളര്‍ത്തുമായിരുന്നു. മാതൃത്വത്തിന് അപമാനമാണ് ശരണ്യയെയും അനുശാന്തിയെയും റാണിയെയും പോലുള്ളവര്‍. പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം “ഉമ്മ” എന്ന് പറയുന്നത് അവസാനിപ്പിക്കാന്‍ സമയം വൈകിയിരിക്കുന്നു.

മാതൃ സ്‌നേഹം കൂടി പ്രകടിപ്പിക്കുമ്പോള്‍ മാത്രമാണ് ഒരു സ്ത്രീ മാതാവ് എന്ന പേരിന് അര്‍ഹയാകുന്നത്.
നന്മയും സ്‌നേഹവും ലോകത്തിനു നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. സ്വന്തം ജീവിത സുഖത്തില്‍ മാത്രമാണ് മിക്കവരുടെയും ശ്രദ്ധ. മനസ്സുകളില്‍ നിന്ന് അനുകമ്പയും കാരുണ്യവുമൊക്കെ പടിയിറങ്ങുന്നു. സ്വന്തം സുഖത്തിനും ജീവിതാസ്വാദനത്തിനും മുമ്പില്‍ തടസ്സമെന്നു തോന്നുന്ന എന്തിനെയും ആരെയും നിഷ്‌കരുണം തട്ടിമാറ്റുന്നു. അടിസ്ഥാനപരമായ മാനുഷിക ഗുണമാണ് കാരുണ്യവും ആര്‍ദ്രതയും. കാരുണ്യം പടിയിറങ്ങുമ്പോള്‍, മനുഷ്യനെന്ന വിശേഷം മാറി പിശാചായി മാറുന്നു. പരിഷ്‌കാരത്തിന്റെ വേലിയേറ്റത്തിലാണ് പലരുടെയും മാനുഷിക ഗുണങ്ങള്‍ വേരറ്റു പോകുന്നത്. നായക്കുട്ടിയോടുള്ള വാത്സല്യം പോലും സ്വന്തം കുഞ്ഞിന് പകര്‍ന്ന് കൊടുക്കാത്ത “മമ്മി”മാരുണ്ടിന്ന് സമൂഹത്തില്‍. സ്വന്തം കുഞ്ഞിന്റെ നിലവിളി അവരുടെ കാതില്‍ പതിച്ചേക്കില്ല. പക്ഷേ, നായക്കുട്ടിയുടെ പാദങ്ങള്‍ വേദനിച്ചാല്‍ മമ്മിക്കത് സഹിക്കാനാകില്ല. പരിഷ്‌കാരങ്ങളുടെ, സ്വാര്‍ഥതയുടെ ഈ ലോകത്തില്‍ നന്മകളും മാനുഷിക ഗുണങ്ങളും ഒന്നൊന്നായി നഷ്ടമാകുകയാണ്. മോനേ വിയാന്‍, മാപ്പ്!

Latest