Connect with us

Ongoing News

കരുതിയിരിക്കണം സൈബർ ക്രിമിനലുകളെ

Published

|

Last Updated

മൊബൈൽ ഫോൺ ബുക്ക് ചെയ്ത യുവാവിന് കാൽ ലക്ഷം രൂപ പോയി, ഫോണിനു പകരം കിട്ടിയത് മാർബിൾ കഷണം.,ഓൺലൈനിൽ ചുരിദാർ വാങ്ങിയ യുവതിക്ക് രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി നഷ്ടപ്പെട്ടത് ഒരു ലക്ഷത്തോളം രൂപ, ഓൺലൈനിൽ ടാബ്‌ലറ്റ് വാങ്ങിയ മാധ്യമപ്രവർത്തകന് കിട്ടിയത് മരക്കട്ട…. നിത്യ ജീവിതത്തിൽ നാം കേട്ടും കണ്ടും അനുഭവിച്ചുമറിഞ്ഞ വാർത്തകളുടെ എണ്ണം എണ്ണിയാലൊടുങ്ങില്ല. ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ ജനപ്രിയമായതിന്റെ ചുവട് പിടിച്ച് ഇത്തരത്തിൽ നടക്കുന്ന തട്ടിപ്പുകളുടെ എണ്ണം ഓരോ ദിനവും കൂടുന്നു. എന്നാൽ ഇതേക്കുറിച്ച് മലയാളി ബോധവാന്മാരാകാറേയില്ല.

10 രൂപ മുതൽ ലക്ഷങ്ങൾ വരെ തട്ടിപ്പുകാർ പിടിച്ചു പറിച്ചു കൊണ്ടു പോകുമ്പോഴും ഒന്നും ചെയ്യാനാകാതെ സ്തംഭിച്ചു നിൽക്കുന്നവരെ നാം കണ്ടുമുട്ടിയിട്ടുണ്ട്. എയർപോർട്ട് പാർക്കിംഗുകളിൽ ഉള്ള വാഹനങ്ങൾ വിൽക്കാൻ വെച്ചിരിക്കുന്നുവെന്ന വ്യാജേന ഒ എൽ എക്‌സ് വഴി നടക്കുന്ന തട്ടിപ്പിൽ പെട്ട് വലിയ ധനനഷ്ടമുണ്ടായ ഏറ്റവും പുതിയ കുരുങ്ങിയവർ ഏറെ. വലിയ ലാഭം പ്രതീക്ഷിച്ച് തട്ടിപ്പുകാർ കൊരുത്ത ചൂണ്ടയിൽ കുടുങ്ങിയവരിൽ പലരും മാനക്കേട് ഭയന്നാണ് പരാതി പറയാത്തത്. പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തുന്നവരുടെ എണ്ണത്തേക്കാളും പത്തിരട്ടിയെങ്കിലും പരാതി നൽകാത്തവരുണ്ടെന്നാണ് സൈബർ പോലീസ് നിഗമനം. 15 ലധികം പരാതികൾ ലഭിച്ച എത്രയോ ദിവസങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് എറണാകുളം സൈബർസെല്ലിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

[irp]

കൊച്ചിയിൽ ഒരു വർഷം 1500 കേസുകൾ

ഒരു വർഷം കുറഞ്ഞത് 1500 പരാതിയെങ്കിലും ഇത്തരത്തിൽ അന്വേഷിക്കാനായി സൈബർസെല്ലിൽ എത്താറുണ്ട്. ഓൺലൈൻ ഷോപ്പിംഗുകൾ ഏറ്റവുമധികം നടക്കുന്ന ഇടങ്ങളിലൊന്നായ എറണാകുളം ജില്ലയിൽ മാത്രമുള്ള പരാതികളാണിതെന്ന് കണക്കിലെടുക്കുമ്പോഴാണ് സംസ്ഥാനത്ത് നടക്കുന്ന തട്ടിപ്പുകളുടെ ആഴം എത്ര വലുതാണെന്ന് ബോധ്യപ്പെടുക. അതേസമയം ധനനഷ്ടത്തിനൊപ്പം, അതിനേക്കാൾ വിലയുള്ള നമ്മുടെ സ്വകാര്യവിവരങ്ങളെല്ലാം ഇത്തരക്കാർ കവരുന്നുവെന്നതിനെക്കുറിച്ച് ഇപ്പോഴും നാം ബോധവന്മാരാകാറുമില്ല. നമ്മുടെ വിവരങ്ങളുപയോഗിച്ച് നടത്തിയ (വ്യക്തിത്വമോഷണം)ഏതെങ്കിലും വലിയ കുറ്റകൃത്യങ്ങളിൽ പ്രതിയെത്തേടി പോലിസ് നമുക്കരികിലേക്ക് വരുമ്പോഴാണ് വ്യക്തിവിവരങ്ങളുടെ ചോരണം കൊണ്ടുണ്ടാകുന്ന വലിയ വിപത്തിനെപ്പറ്റി നാം ബോധവന്മാരാകുക. സൈബർ കുറ്റങ്ങൾ പലതരമുണ്ട്. ഇന്റർനെറ്റ്, ഡിജിറ്റൽ സംവിധാനങ്ങളിൽ കടന്നു കയറി അവ തകർക്കുക, ഓൺലൈൻ പണമിടപാട് സ്ഥാപനങ്ങളിൽ നിന്ന് പണം തട്ടുക, വെബ്‌സൈറ്റുകൾ തകർക്കുക തുടങ്ങി സൈബർ സംവിധാനങ്ങളുപയോഗിച്ച് മാത്രം ചെയ്യാവുന്നവയാണ് ഇവയിൽ ഒരു വിഭാഗം. എന്നാൽ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുക, വ്യാജ ലോട്ടറിയുടെയും സ്ഥാപനങ്ങളുടെയും പേരിൽ പണം തട്ടുക, ഓൺലൈൻ പെൺവാണിഭം, അശ്ലീല സാഹിത്യവും വീഡിയോയും ചിത്രങ്ങളും വിതരണം ചെയ്യുക, ഓൺലൈൻ വഴി ഭീഷണിപ്പെടുത്തുക, പണം തട്ടുക തുടങ്ങി ഈ ഇനത്തിൽപ്പെടുന്ന കുറ്റകൃത്യങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ള സൈബർ കേസുകളിൽ 90 ശതമാനവും. മുഖ്യായുധം മൊബൈൽ ഫോണും, ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാവരും ഇതിന് ഇരകളാണെന്നുമറിയുമ്പോഴാണ് ഡിജിറ്റൽ യുഗത്തിൽ എത്ര വലിയ കുറ്റകൃത്യങ്ങളാണ് നടക്കുന്നതെന്ന് വ്യക്തമാകുക.

[irp]
എങ്ങനെ സുരക്ഷിതരാകാം
ഓൺലൈനിൽ എങ്ങനെ

സുരക്ഷിതരാകാമെന്നതിനെക്കുറിച്ച് പോലീസ് പലപ്പോഴും പുറത്തിറക്കുന്ന നിർദേശങ്ങൾ ഇനിയെങ്കിലും ശ്രദ്ധിച്ചേ മതിയയാകുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഓൺലൈനിൽ എന്ത് കാര്യം പോസ്റ്റ് ചെയ്യുമ്പോഴും അതേക്കുറിച്ച് ശ്രദ്ധാലുവാകണം. ഭാവി പദ്ധതികൾ, നിങ്ങളുടെ സ്ഥാനം വെളിപ്പെടുത്തുന്ന വിവരങ്ങൾ, ഫോൺ, വിലാസം, എന്നിവ ഒഴിവാക്കണമെന്ന് പോലീസ് കർശന മുന്നറിയിപ്പ് നൽകുന്നുണ്ട്. ഓൺലൈനിൽ പങ്കിടുന്ന ഫോട്ടോകളിൽ, ജി പി എസ് ലൊക്കേഷനുകൾ, ലാൻഡ്മാർക്ക്, വീട്, വാഹനങ്ങളുടെ നമ്പർ തുടങ്ങിയവ ഒഴിവാക്കണം. ശക്തമായ പാസ്‌വേഡ് ഉപയോഗിക്കുക, കൂടുതൽ സുരക്ഷിതമായ ഓപൺ സോഴ്‌സ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുക. തുടങ്ങിയ നിർദേശങ്ങളും പോലീസ് നൽകുന്നുണ്ട്. ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നതിൽ ശ്രദ്ധിക്കുക. ആപ്ലിക്കേഷനുകളുടെ വ്യവസ്ഥകൾ, അനുമതികൾ, നിബന്ധനകൾ എന്നിവ നിർബന്ധമായും വായിക്കുക, ഗെയിമുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക, വ്യക്തിപരമായ വിവരങ്ങൾ നൽകാതിരിക്കുക തുടങ്ങിയവ ഇന്റർനെറ്റിൽ സുരക്ഷിതരാകുന്നതിനുള്ള മുന്നറിയിപ്പുകളിൽ പ്രധാനമാണ്. ഇ മെയിൽ, ടെക്സ്റ്റ് മെസ്സേജ് എന്നിവ വഴി ജോലി വാഗ്ദാനം ചെയ്തും, വൻ തുക ലോട്ടറി അടിച്ചിട്ടുള്ളതായും കാണിച്ചു വരുന്ന മെസ്സേജുകൾക്ക് പിറകെ പോയി നിരവധി പേരുടെ പണം നഷ്ടമാകുന്ന കേസുകളും കുറവല്ല. ബാങ്കിൽ നിന്നുമാണെന്ന വ്യാജേന പുതിയ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് നൽകാം, ഫോട്ടോ പതിപ്പിച്ച കാർഡ് നൽകാം, കാർഡിന്റെ ട്രാൻസാക്ഷൻ പരിധി കൂട്ടി നൽകാം തുടങ്ങി പലവിധ തട്ടിപ്പുമായി സൈബർക്രിമിനലുകൾ ഉപഭോക്താക്കളെ വിളിക്കുന്നത് ഇപ്പോൾ സാധാരണമാണ്.അതു കൊണ്ട് തന്നെ യാതൊരു കാരണവശാലും നിങ്ങളുടെ ഒ ടി പി, മറ്റു ബാങ്കിംഗ് വിവരങ്ങൾ എന്നിവ ആരുമായും പങ്കുവെക്കാതിരിക്കണമെന്നും പോലീസ് നിർദേശിക്കുന്നു.
(അവസാനിച്ചു)

സി വി സാജു

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest