Connect with us

From the print

മുസ്‌ലിം ജനസംഖ്യാ റിപോര്‍ട്ട്: വിദ്വേഷത്തിന് കുടപിടിച്ച് ഉപദേശക സമിതി

1950നും 2015നുമിടയില്‍ മൊത്തം ജനസംഖ്യയിലേക്കുള്ള ഹിന്ദു ജനസംഖ്യയുടെ പങ്ക് 7.82 ശതമാനം കുറഞ്ഞെന്നും മുസ്‌ലിംകളുടേത് 43.15 ശതമാനം വര്‍ധിച്ചെന്നും ഇ എ സി- പി എം പുറത്തിറക്കിയ റിപോര്‍ട്ടില്‍ പറയുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ക്കു പിന്നാലെ രാജ്യത്ത് ഹിന്ദു ജനസംഖ്യ കുറഞ്ഞുവെന്ന പ്രചാരണവുമായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി (ഇ എ സി- പി എം).

1950നും 2015നുമിടയില്‍ മൊത്തം ജനസംഖ്യയിലേക്കുള്ള ഹിന്ദു ജനസംഖ്യയുടെ പങ്ക് 7.82 ശതമാനം കുറഞ്ഞെന്നും മുസ്‌ലിംകളുടേത് 43.15 ശതമാനം വര്‍ധിച്ചെന്നും ഇ എ സി- പി എം പുറത്തിറക്കിയ റിപോര്‍ട്ടില്‍ പറയുന്നു.

1950- 2015 കാലത്ത് ഹിന്ദു ജനസംഖ്യ 84.68ല്‍ നിന്ന് 78.06 ശതമാനമായി. 1950ല്‍ മുസ്‌ലിം ജനസംഖ്യയുടെ വിഹിതം 9.84 ശതമാനമായിരുന്നു. 2015ല്‍ 14.09 ശതമാനമായി ഉയര്‍ന്നു. മുസ്‌ലിം വിഹിതത്തില്‍ 43.15 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. സിഖ് ജനസംഖ്യയുടെ വിഹിതം 1950ല്‍ 1.24 ശതമാനമായിരുന്നത് 2015ല്‍ 1.85 ശതമാനം ആയി. 6.58 ശതമാനമാണ് വര്‍ധനയെന്നും റിപോര്‍ട്ട് അവകാശപ്പെടുന്നു.

ബുദ്ധമത ജനസംഖ്യയുടെ പങ്ക് 0.05 ശതമാനത്തില്‍ നിന്ന് 0.81 ശതമാനമായി ഉയര്‍ന്നു. അതേസമയം, ജൈന വിഭാഗത്തിന്റെ വിഹിതം 1950ല്‍ 0.45 ശതമാനമായിരുന്നത് 2015ല്‍ 0.36 ശതമാനം കുറഞ്ഞു. പാഴ്സി ജനസംഖ്യയുടെ പങ്കും 85 ശതമാനം കുറഞ്ഞു. 1950ല്‍ പാഴ്‌സികളുടേത് 0.03 ശതമാനമായിരുന്നു. 2015ല്‍ 0.004 ശതമാനമായി മാറിയത്രേ. എന്ത് ശാസ്ത്രീയ മാനദണ്ഡമാണ് റിപോര്‍ട്ടിലെ കണ്ടെത്തലുകള്‍ക്ക് സ്വീകരിച്ചതെന്ന് വിശദീകരിക്കാന്‍ ഇ എ സി- പി എം തയ്യാറായിട്ടില്ല.

വിഷയത്തില്‍ രൂക്ഷമായ പ്രതികരണവുമായി ആര്‍ ജെ ഡി രംഗത്തെത്തി. സെന്‍സസ് പോലും നടത്താതെ എങ്ങനെയാണ് ഈ കണക്കുകള്‍ ലഭിച്ചതെന്ന് ആര്‍ ജെ ഡി നേതാവ് തേജ്വസി യാദവ് ചോദിച്ചു. തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം ഹിന്ദു- മുസ്‌ലിം ദ്വന്ദ്വങ്ങളെ കുറിച്ച് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാട്സ്ആപ്പ് യൂനിവേഴ്സിറ്റി വസ്തുതകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ് റിപോര്‍ട്ടെന്ന് അസദുദ്ദീന്‍ ഉവൈസി പ്രതികരിച്ചു. അതേസമയം, ഹിന്ദുജനസംഖ്യ കുറയാന്‍ കാരണം കോണ്‍ഗ്രസ്സാണെന്ന വിചിത്രവാദവുമായി ബി ജെ പി നേതാക്കള്‍ രംഗത്തെത്തി. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ബി ജെ പി. ഐ ടി സെല്‍ മേധാവി അമിത് മാളവ്യ ഉള്‍പ്പെടെയുള്ളവരാണ് കോണ്‍ഗ്രസ്സിനെതിരെ രംഗത്തെത്തിയത്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദുത്വ വികാരം ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് അടിസ്ഥാനമില്ലാത്ത കണക്കുമായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി തന്നെ രംഗത്തെത്തിയിരിക്കുന്നത്. ഉപദേശക സമിതിയംഗം ഷാമിക രവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് റിപോര്‍ട്ട് തയ്യാറാക്കിയത്.

 

Latest