Connect with us

From the print

ഹരിയാന: അരങ്ങിലും അണിയറയിലും ചടുലനീക്കങ്ങൾ

ബി ജെ പി സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിരിക്കെ ഗവര്‍ണര്‍ ബന്ധാരു ദത്താത്രേയയുമായി കൂടിക്കാഴ്ചക്ക് കോണ്‍ഗ്രസ്സ് സമയം തേടി.

Published

|

Last Updated

ചണ്ഡീഗഢ് | ഹരിയാനയില്‍ നയാബ് സിംഗ് സൈനിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിരിക്കെ ചടുല നീക്കങ്ങളുമായി പാര്‍ട്ടികള്‍. ഗവര്‍ണര്‍ ബന്ധാരു ദത്താത്രേയയുമായി കൂടിക്കാഴ്ചക്ക് കോണ്‍ഗ്രസ്സ് സമയം തേടി. ഭൂരിപക്ഷം നഷ്ടപ്പെട്ട സൈനി സര്‍ക്കാര്‍ ഉടന്‍ രാജിവെക്കണമെന്നും ധാര്‍മിക ഉത്തരവാദിത്വം നിറവേറ്റണമെന്നും പ്രതിപക്ഷനേതാവ് ഭൂപീന്ദര്‍ ഹൂഡ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സവിശേഷ രാഷ്ട്രീയ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കി ഗവര്‍ണര്‍ക്ക് നിവേദനം സമര്‍പ്പിക്കാനാണ് സമയം തേടിയിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് രാജ്ഭവനില്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്താനാണ് ഹൂഡ അനുമതി തേടിയത്. ഹൂഡക്കൊപ്പം കോണ്‍ഗ്രസ്സ് പാര്‍ലിമെന്ററി പാര്‍ട്ടി ഉപ നേതാവ് അഫ്താഫ് അഹ്മദും കോണ്‍ഗ്രസ്സ് ചീഫ് വിപ്പ് ബി ബി ബത്രയും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും.

വിശ്വാസമെവിടെ?
അതേസമയം, നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് ജന്‍നായക് ജനതാ പാര്‍ട്ടി (ജെ ജെ പി) നേതാവ് ദുഷ്യന്ത് ചൗതാല കത്ത് നല്‍കി. സൈനി സര്‍ക്കാറിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ്സിന് പിന്തുണ നല്‍കുമെന്ന് ചൗതാല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബി ജെ പിയുടെ മുന്‍ സഖ്യകക്ഷിയാണ് ജെ ജെ പി. സംസ്ഥാന നിയമസഭയില്‍ പാര്‍ട്ടിക്ക് പത്ത് സീറ്റുകളുണ്ട്. ഇതില്‍ ആറ് പേര്‍ ദുഷ്യന്തുമായി ഇടഞ്ഞു നില്‍ക്കുന്നുവെന്നാണ് റിപോര്‍ട്ട്. എന്നാല്‍ പാര്‍ട്ടിയില്‍ യാതൊരു ഭിന്നതയുമില്ലെന്ന് ദുഷ്യന്ത് ആണയിടുന്നു.

വിശ്വാസവോട്ടിന് ആവശ്യപ്പെടണമെന്ന് ഭൂപീന്ദര്‍ ഹൂഡയോട് ചൗതാല കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വിശ്വാസവോട്ട് നടത്തി സൈനി സര്‍ക്കാറിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ്സിന് താത്പര്യമില്ലെന്നാണ് അറിയുന്നത്. നവംബറില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് പുതിയ സര്‍ക്കാറുണ്ടാക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് കോണ്‍ഗ്രസ്സിന്റെ വിലയിരുത്തല്‍. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയോ തിരഞ്ഞെടുപ്പ് നേരത്തേയാക്കുകയോ വേണമെന്ന് കോണ്‍ഗ്രസ്സ് ആവശ്യപ്പെടുന്നു.

കണക്കിലെ കളി
മൂന്ന് സ്വതന്ത്ര എം എല്‍ എമാര്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതോടെയാണ് സംസ്ഥാനത്തെ നയാബ് സിംഗ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. 90 അംഗ സഭയുടെ ഇപ്പോഴത്തെ അംഗ സംഖ്യ 88 ആണ്. സ്വതന്ത്രര്‍ പിന്തുണ പിന്‍വലിച്ചതോടെ സര്‍ക്കാറിനൊപ്പമുള്ളവരുടെ എണ്ണം 42 ആയി. പിന്തുണ പിന്‍വലിച്ച സ്വതന്ത്രര്‍ കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ കോണ്‍ഗ്രസ്സിനെ പിന്തുണക്കുന്ന എം എല്‍ എമാരുടെ എണ്ണം 34 ആയി. ബലപരീക്ഷണം വന്നാല്‍ ദുഷ്യന്ത് ചൗതാല നേതൃത്വം നല്‍കുന്ന ജെ ജെ പിയുടെ നിലപാട് നിര്‍ണായകമാകും. 43 പേരുടെ പിന്തുണ ബി ജെ പി ഇപ്പോള്‍ തന്നെ അവകാശപ്പെടുന്നുണ്ട്. ജെ ജെ പിയുടെ നാല് പേര്‍ കൂടി പിന്തുണക്കുമെന്നും സര്‍ക്കാര്‍ അതിജീവിക്കുമെന്നും ബി ജെ പി നേതാക്കള്‍ പറയുന്നു.

കഴിഞ്ഞ മാര്‍ച്ചിലാണ് മനോഹര്‍ ലാല്‍ ഖട്ടാറിനെ മാറ്റി ബി ജെ പി നേതൃത്വം നയാബ് സിംഗ് സൈനിയെ മുഖ്യമന്ത്രിയാക്കിയത്. ജെ ജെ പി പിന്തുണ പിന്‍വലിച്ചതിന് പിറകേയായിരുന്നു ഇത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാല്‍ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണ് സൈനി. ഖട്ടാര്‍ രാജിവെച്ചതോടെയാണ് ഈ സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഇവിടേക്കും സംസ്ഥാനത്തെ 10 ലോക്സഭാ സീറ്റിലേക്കും ഈ മാസം 25നാണ് വോട്ടെടുപ്പ്. മനോഹര്‍ ലാല്‍ ഖട്ടാര്‍ പാര്‍ലിമെന്റിലേക്ക് മത്സരിക്കുന്നുണ്ട്.

ചതി വരുന്നുണ്ട്!
ചണ്ഡിഗഢ് | ബി ജെ പിക്കെതിരെ നിലപാട് കർക്കശമാക്കിയ ദുഷ്യന്ത് ചൗതാലയെ സ്വന്തം എം എൽ എമാർ ചതിക്കുമെന്ന സംശയം ബലപ്പെടുന്നു. ജെ ജെ പിയുടെ നാല് എം എൽ എമാർ മുൻ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ മനോഹർ ലാൽ ഖട്ടാറുമായി ചർച്ച നടത്തിയെന്നാണ് വാർത്താ ഏജൻസികൾ റിപോർട്ട് ചെയ്തത്. മന്ത്രി മഹിപാൽ ധംഡയുടെ പാനിപത്തിലെ വീട്ടിലെത്തിയായിരുന്നു രഹസ്യ കൂടിക്കാഴ്ചയെന്നാണ് റിപോർട്ട്. എന്നാൽ, ഇതേക്കുറിച്ച് പ്രതികരിക്കാൻ ധംഡ തയ്യാറായില്ല.

 

Latest